...
Home News National ജാമ്യാപേക്ഷ പതിനാലാം തവണയും മാറ്റി; 4 വർഷമായി വിചാരണയില്ലാതെ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം

ജാമ്യാപേക്ഷ പതിനാലാം തവണയും മാറ്റി; 4 വർഷമായി വിചാരണയില്ലാതെ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം

2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ 'മുഖ്യ ആസൂത്രകൻ' എന്നാരോപിച്ച് ആ വർഷം സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്.

154

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും സുപ്രീം കോടതി മാറ്റി വെച്ചിരിക്കുകയാണ്. പുതിയ തിയ്യതി പ്രഖ്യാപിക്കാതെയാണ് ഉമറിന്റെ ജാമ്യാപേക്ഷ കോടതി നീട്ടിയത്. 2020 ലാണ് ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. പിന്നീട് നാലുവര്‍ഷമായി തുടരുന്ന ജയില്‍ വാസം.

ഇതിനിടെ രണ്ട് തവണ കീഴ്‌ക്കോടതികൾ ഉമറിന്റെ ജാമ്യാപേക്ഷകൾ തള്ളി. 14 തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷകൾ സുപ്രീം കോടതി മാറ്റി വെച്ചത്. കഴിഞ്ഞ വർഷം പത്ത് തവണയാണ് സുപ്രീം കോടതി ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയും നീട്ടി വെക്കുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം മൂന്ന് തവണ. നാല് വർഷം പിന്നിട്ടിട്ടും ഉമറിന്റെ കേസിൽ വിചാരണ ആരംഭിച്ചിട്ടുമില്ല.

New Delhi, March 03 (ANI): Former JNU Student Umar Khalid speaks during a protest over India’s new citizenship law, at Jantar Mantar in New Delhi on Tuesday. (ANI Photo)

ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്നു ഉമർ ഖാലിദ്. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ ‘മുഖ്യ ആസൂത്രകൻ’ എന്നാരോപിച്ച് ആ വർഷം സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. പൗരത്വ ഭേദഗതി പ്രതിഷേധങ്ങളുടെ മറവിൽ വർഗീയ കലാപങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരിൽ ഒരാളായിരുന്നു ഉമർ ഖാലിദ്. പിൻച്രാ തോഡ് പ്രവർത്തകനായിരുന്ന ദേവാങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ ഉൾപ്പെടെ 59 പേരായിരുന്നു ഈ കേസിൽ കുറ്റാരോപിതർ. മിക്കവരും വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളുമായിരുന്നു.

കുറ്റപത്രത്തിൽ ഏറ്റവുമവസാനമാണ് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും പേര് ചേർക്കപ്പെടുന്നത്. ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് 35 കാരനായ ഉമറിന്റെ മേൽ ചുമത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പലർക്കും ജാമ്യം ലഭിച്ചെങ്കിലും ഷാർജീലിനും ഉമറിനും മാത്രം ജാമ്യം ലഭിച്ചില്ല.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉൾപ്പെട്ട കേസുകൾ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. ഫെബ്രുവരി ഒന്നിന് ജസ്റ്റിസുമാരായ ത്രിവേദി, മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റിവെക്കുകയും ഹർജി ഫെബ്രുവരി ഏഴിലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ പതിനാലാം തവണ വീണ്ടും ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നീട്ടി വെച്ചിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.