| വികെ അനിൽകുമാർ
ഇന്ന് മേടം 4. വിഷുവിന് നാട്ടിലെത്തിയതായിരുന്നു. ഇന്ന് തൃശൂരിൽ തിരിച്ചെത്തി. നാട്ടിലെത്തീട്ട് എവിടെയും പോകാനായില്ല. പതിവ് പോലെ തെയ്യം ,തെയ്യക്കാർ ഇവരുടെ അടുത്തൊന്നും പോയില്ല. മഹാമാരിക്കാലത്തിന് ശേഷം തെയ്യക്കാവുകൾ ഇരട്ടിയാവേശത്തിലാണ്. മേടം പിറന്നു. ഇനി ഇടവപ്പാതിയിലേക്ക് അധികം ദൂരമില്ല. തെയ്യവും തെയ്യക്കാരും നല്ല തിരക്കിലാണ്. ഇന്നലെ രാത്രിയിൽ കുഞ്ഞിമങ്ങലം മല്ലിയോട്ട് കാവിൽ പോയി. പ്രിയപ്പെട്ട കുറെ തെയ്യക്കാരെ കണ്ടു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മല്ലിയോട്ട് കാവ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. സമീപകാലത്ത് നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും മുൻപില്ലാത്ത വിധം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. പക്ഷെ നാട്ടുകാർക്കിതിൽ വലിയ കാര്യമൊന്നും ഉള്ളതായി തോന്നുന്നില്ല.
ഇന്നലെ തന്നെ വിവാദമായ ബോർഡിന് ചുറ്റും ധാരാളം ആളുകൾ ഇരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൻകോലാഹലം സൃഷ്ടിച്ച വിഷയം കുഞ്ഞി മങ്ങലത്ത് കൂടിയ ജന്നങ്ങളെ ഒരു വിധത്തിലും ബാധിച്ചിതായി തോന്നിയില്ല. അത്രയും വലിയ ജനാവലി അവിടെ തടിച്ച് കൂടിയിരുന്നു. എന്തു കൊണ്ടായിരിക്കും ഇത്രയധികം എതിർപ്പുകളുണ്ടായിട്ടും വിവാദങ്ങൾ ഉണ്ടായിട്ടും ഇനിയും അങ്ങനെ ഉണ്ടാകും എന്നറിഞ്ഞിട്ടും കാവധികാരികൾ പച്ചയായി യാതൊരു മറയുമില്ലാതെ വർഗ്ഗീയ വിഷം ചൊരിയുന്ന അങ്ങനെയൊരു ബോർഡ് സ്ഥാപിക്കാൻ കാരണം.
ജനാധിപത്യ മതേതര ഭരണഘടന നിലനില്ക്കുന്ന ഒരു രാജ്യത്ത് അതിൻ്റെ എല്ലാ മൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കാനുള്ള എന്ത് ഹൈന്ദവ മതാനുശീലനമാണ് ഒരു തെയ്യക്കാവിനുള്ളത്. ജീവിതത്തിൻ്റെ എല്ലാ തുറകളിലും പെടുന്ന ഏറ്റവും സാധാരണക്കാരായ എല്ലാ മനുഷ്യരും ജാതിമത ഭേദമന്യേ ഒത്തുകൂടുന്ന തെയ്യക്കാവുകൾ ഹൈന്ദവ മത ഭക്തി മുന്നോട്ട് വെക്കുന്ന എല്ലാ വൈദിക സങ്കല്പങ്ങൾക്കും വിരുദ്ധമാണ്.
ഏത് യുക്തി കൊണ്ട് വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും ചാതുർ വർണ്യത്തിൻ്റെ എല്ലാ വിവേചനങ്ങളും നിലനില്ക്കുന്ന ക്ഷേത്രമാകാൻ, ക്ഷേത്രത്തിൻ്റെ വൈദിക നിഷ്ഠകളെ അനുസരിക്കാൻ ഒരു തെയ്യക്കാവിനുമാകില്ല.
അത് മല്ലിയോട്ട്കാവ് എന്നല്ല ഇന്ന് നിലനില്ക്കുന്ന വേറെ ഏത് തെയ്യകാവിനും സാധിക്കാത്തതാണ്. ഭൗതികമായി എന്തെന്ത് മാറ്റങ്ങൾ കൊണ്ടു വന്നാലും എത്ര തവണ മേൽശാന്തിമാർ കയറിയിറങ്ങി വേദമന്ത്രം ഉരുക്കഴിച്ചാലും തെയ്യമെന്ന മനുഷ്യാധിഷ്ഠിതവും ഭൗമകവുമായ ദൈവാനുഭൂതിയെ വേദ മന്ത്രങ്ങളിൽ ബന്ധിക്കാനാവില്ല. വണ്ണാൻ കെട്ടിയ തെയ്യത്തിൻ്റെ ചിലമ്പനക്കങ്ങളിൽ, തീയ്യൻ്റെ കുടയിളക്കങ്ങളിൽ, കലശത്തിൻ്റെ വീര്യത്തിൽ എല്ലാ വൈദികാസക്തികളും അടങ്ങും. തെയ്യക്കാവ് എങ്ങനെ കൂട്ടിയാലും ക്ഷേത്രമാകില്ല.
എത്രയോ തവണ ആവർത്തിച്ചതാണെങ്കിലും അത് പറയാതിരിക്കാന്നാകില്ല. എന്തെന്ത് വേഷങ്ങൾ കൊണ്ട് ശരീരം മറച്ചാലും ആ വേഷമല്ലല്ലോ ശരീം. മറ്റാരുടെയോ പാകമാകാത്ത വേഷം കെട്ടിയ പൊരുത്തക്കേടു പോലെയാണ് ഇന്നത്തെ തെയ്യക്കാവുകൾ. കുഞ്ഞിമങ്ങലം മല്ലിയോട്ട് കാവെന്ന പ്രൗഢഗംഭീരമായ ക്ഷേത്ര നിർമ്മിതിയിൽ തെയ്യക്കാവിൻ്റെതായ യാതൊരു ജൈവിക സാന്നിദ്ധ്യവും ശേഷിക്കുന്നില്ല. അത്ര ഗംഭീരമാണ് ക്ഷേത്ര നിർമ്മിതി. പക്ഷെ ഉള്ളിലെ ദൈവമാകട്ടെ തെയ്യവും. ഇതാണ് വൈരുദ്ധ്യം. ക്ഷേത്ര ദർശനത്തിന് പോയ തന്ത്രിക്കല്ല മീൻ പിടിക്കുന്നതിനായി വല വീയാൻ പോയ തീയ്യനും തട്ടാനുമാണ് പാലോട്ട് ദൈവത്തിനെ കിട്ടുന്നത്.
ബ്രാഹ്മണ്യം മുന്നോട്ട് വെക്കുന്ന ഹൈന്ദവ മത ചിന്തയെ നിരാകരിക്കുക എന്നത് തെയ്യങ്ങളുടെ പൊതുവായ നയമാണ്. ബ്രാഹ്മണ്യത്തെ ഒന്നാമത്തെ വർഗ്ഗ ശത്രുവായി പ്രഖ്യപിച്ച തെയ്യങ്ങളെ വേദമന്ത്രങ്ങളുടെ ചങ്ങലപ്പൂട്ടിൽ എങ്ങനെ ബന്ധിക്കും. വേദങ്ങളുടെ എല്ലാ കാലത്തേക്കുമുള്ള സംരക്ഷകനായ ശ്രീരാമൻ്റെ മോത്ത് നോക്കി ചതിയമ്പ് തറച്ച ബാലിത്തെയ്യം ചോദിക്കുന്നത് നിന്നെ ഉണ്ടാക്കാനായി ജ്വലിപ്പിച്ച എല്ലാ യജ്ഞ കുണ്ഡങ്ങളിലെയും അഗ്നി ഈ ഒരൊറ്റ ചതിക്രിയയാൽ കെട്ടുപോയി എന്നാണ്. ബ്രാഹ്മണ്യത്തിൻ്റെ ഹവിസ്സം പുണ്യാഹവും നിഷേധിച്ചാണ് മുത്തപ്പൻ അയ്യങ്കര ഇല്ലം ഉപേക്ഷിച്ച് മലമുടിയിലെ മടയിലെത്തുന്നത്.
ബ്രാഹ്മണ്യത്തിൻ്റെ കണ്ണിലെ എല്ലാ കാലത്തേക്കുള്ള കരടാണ് കുട്ടിച്ചാത്തൻ. തന്ത്രിയുടെ ചതിയിൽ ജീവിതം ഹോമിച്ചവളാണ് നീലിയാർ കോട്ടത്തമ്മ. അരിഞ്ഞെടുത്ത പെൺതലയുമായി തന്ത്രി മാന്ത്രികൻ കാടിറങ്ങിയപ്പോൾ കമ്മാടത്തമ്മയെന്ന അകംകാണാ കാട്ടിലമ്മയുടെ കണ്ണീർ കമ്മാടത്ത് കാവിലെ നീർച്ചാലായൊഴുകി കരുമാരത്തില്ലത്തെ അന്തർജനത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന് കൊളച്ചേരിയിലെ കണ്ടന് പാരിതോഷികമായി കിട്ടിയത് വധശിക്ഷയാണ്. വിളഞ്ഞ കണ്ടത്തിൽ ജീവിതത്തിൻ്റെ പൊരുളെട്ടും കാണിച്ച് ബ്രാഹ്മണ്യ വിജ്ഞാനത്തിന് മനുഷ്യൻ്റെ ഭാഷ ചൊല്ലിപഠിപ്പിച്ചു കൊടുക്കുന്നുണ്ട് പുലപ്പൊട്ടൻ. ഇങ്ങനെ വൈദികസംഹിതയുടെ എല്ലാ സന്ധി ബന്ധങ്ങളും അറുത്ത തെയ്യത്തെ എങ്ങനെയാണ് തന്ത്രി പീഠ പ്രതിഷ്ഠയിലുറപ്പിക്കുന്നത്.
അങ്ങനെ ഉറപ്പിച്ചാലുറക്കുന്നവരല്ലല്ലോ എല്ലാമു പേക്ഷിച്ച് സഞ്ചാരികളായ തെയ്യങ്ങൾ. തെയ്യക്കാവുകൾക്കെങ്ങനെയാണ് ബ്രാഹ്മണ്യത്തിൻ്റെ വടിച്ചട്ടത്തെ അനുസരിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങളാകാൻ സാധിക്കുന്നത്. തെയ്യം ഹിന്ദുവിനെ അഭിസംബോധന ചെയ്യുന്നേയില്ല. മുസൽമാനെ തെയ്യം മാത്രമല്ല ഇവിടെയുള്ളവരാരും അന്യരായി കണക്കാക്കീട്ടില്ല. തെയ്യങ്ങൾ വരുന്നതിന് മുൻപെ തന്നെ ഇവിടെ മാപ്പിള മാരുണ്ട്. കേരളത്തിൻ്റെ തീരദേശങ്ങളിൽ കച്ചവടത്തിനായി താമസമുറപ്പിച്ച മാപ്പിളമാർ ഈ നാടിൻ്റെ തന്നെ ഭാഗമാണ്. മാപ്പിളമാർ അഹിന്ദുക്കളായിരുന്ന കാലത്ത് ഇവിടത്തെ താഴ്ന്ന ജാതിക്കാരെല്ലാം അഹിന്ദുക്കളായിരുന്നുവല്ലോ.
കീഴാള ജനതയെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും പൊതു നിരത്തുകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട കാലത്തിന് മുമ്പെ തന്നെ മണ്ണിനും വെള്ളത്തിന്നും വേണ്ടി പോരാടിയ തെയ്യങ്ങൾ ഇവിടെയുണ്ട്. മുസ്ലിം സാഹോദര്യത്തെ മറ്റൊരാളായി തെയ്യത്തിന് ഒരിക്കലും കാണാൻ കഴിയില്ല. മാപ്പിളയും തെയ്യവും അനുഷ്ഠാനത്തിൽ നേർക്കുനേർ വരുന്ന സന്ദർഭങ്ങൾ കളിയാട്ടത്തിൽ എത്ര വേണമെങ്കിലുമുണ്ട്. എത്രയോ മാപ്പിളമാർ തെയ്യരൂപത്തിൽ കാവുകളിൽ ദൈവമായി ആരാധിക്കപ്പെടുന്നുണ്ട്.
എങ്ങനെ നോക്കിയാലും മാപ്പിള്ളയെ കാവിൽ നിന്നും മാറ്റി നിർത്താനാകില്ല. കാരണം തെയ്യവും മാപ്പിളയും തമ്മിലുള്ള ആത്മബന്ധത്തെ കുഞ്ഞിമങ്ങലത്തെ ബോർഡെഴുത്തു കൊണ്ടൊന്നും ഇല്ലാതാക്കാനാവില്ല. കച്ചവടക്കാരായ മാപ്പിളമാർ കളിയാട്ടം മുടങ്ങിപ്പോകുന്ന അവസരങ്ങളിൽ സ്വന്തം ഉൽപ്പന്നങ്ങൾ കൊടുത്ത് നാട്ടു ദൈവങ്ങളുടെ രക്ഷകരായ കഥകൾ കുഞ്ഞിമങ്ങലത്തിനും കരിവെള്ളരിനും ഏറെ പറയാനുണ്ട്.
മുസ്ലിം വിരോധത്തിൻ്റെ പേരിൽ ഈ രണ്ട് സ്ഥലങ്ങളും സമീപ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ . ചരിത്രം നമുക്ക് എളുപ്പത്തിൽ മറക്കാനാകും. തങ്ങളോടൊപ്പം കൂടിയ മാപ്പിള സാഹോദര്യത്തെ, കടന്നു വന്ന കഠിന കാലത്തെ, ചരിത്രത്തെ പക്ഷെ തെയ്യത്തിനെങ്ങനെ മറക്കാനാകും



