...
Home News National കോൺഗ്രസിന് ഇപ്പോഴും ബി ജെ പിയെ മനസിലായിട്ടില്ല

കോൺഗ്രസിന് ഇപ്പോഴും ബി ജെ പിയെ മനസിലായിട്ടില്ല

ഹിന്ദുത്വ സിദ്ധാന്തങ്ങളിൽ ഉറച്ച വർഗീയരാഷ്ട്രീയവും കോർപ്പറേറ്റ് പ്രീണനവും കാരണം ബിജെപിയോട് ഒരിയ്ക്കലും സന്ധി ചെയ്യാനാവാത്ത സാഹചര്യം ഒരിടത്ത്. മറുവശത്ത് മറ്റു മുഖ്യധാരാ പാർട്ടികളുടെ ദൗർബല്യം കൃത്യമായി മനസിലാക്കാനുള്ള അവരുടെ ശേഷി

247

| പ്രിൻസ് ജോൺ

മത-ജാതി-ഗോത്ര ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരെ ബി. ജെ. പി ഗവർണ്ണർ – രാഷ്ട്രപതി സ്ഥാനങ്ങളിൽ എത്തിയ്ക്കുമ്പോൾ അതിനെ പൂർണ്ണമായും പിന്തുണയ്‌ക്കുന്നുണ്ട്‌. എന്നാൽ അത് ബി.ജെ.പി യോടുള്ള രാഷ്ട്രീയപരമായ ഐക്യപ്പെടലല്ല.

ഇതേസമയം,ആദിവാസി വിഷയത്തിൽ മറ്റു മുഖ്യധാരാപാർട്ടികൾ വലിയ തോതിൽ ഐക്യദാർഢ്യം പ്രസംഗിക്കുമെങ്കിലും നമ്മുടെ നാട്ടിൽ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്തിട്ടുള്ളത്? സികെ ജാനു, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും നേതാവും ആയിരുന്നില്ലേ. സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടു തുടങ്ങിയ സി കെ ജാനു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പിന്നീട് ആ പാർട്ടിയുടെ ആദിവാസികൾക്കെതിരും പുരുഷമേധാവിത്വപരവുമായ സമീപനങ്ങളിൽ പ്രതിഷേധിച്ച് ആദിവാസികളുടെ പുതിയതും സ്വതന്ത്രവുമായ ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിക്കാനായി 1982ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിടുകയും ചെയ്തു എന്നു പറയുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഇവിടുത്തെ ഇടതുപക്ഷത്തിനില്ലേ?

കോൺഗ്രസ് മുഖ്യമന്തി ഭരിയ്ക്കുന്ന സമയത്തു കൊടുമ്പിരി കൊണ്ട ആദിവാസി സമരങ്ങളിൽ നേതൃത്വം കൊടുത്ത സി. കെ. ജാനുവിനെ, മുൻ പാർട്ടി പ്രവർത്തകയെ അനുനയിപ്പിച്ചു പാർട്ടിക്കൊപ്പം നിർത്താനും ആദിവാസി സമരത്തിനു പിന്തുണ കൊടുക്കാനും സി പി എമ്മിന് കഴിഞ്ഞില്ല. അന്ന് നിയമസഭയുടെ മുന്നിലെ സമരപ്പന്തലിൽ വി എസ് പോയതും തൊട്ടിലാട്ടി കടമ്മനിട്ടക്കവിത ചൊല്ലിയതും മാത്രമായിരുന്നില്ല അവർക്കു വേണ്ടിയിരുന്നത്.

അവസാനം അൽപ്പമെങ്കിലും പരിഗണന നൽകിയതും ബി.ജെ.പിയാണ്. ബിജെപി സ്ഥാനാർഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ സികെ മത്സരിച്ചപ്പോൾ അവർ പരാജയപ്പെടാൻ കാരണം മറ്റു പാർട്ടികളുടെ ശക്തി കൊണ്ടൊന്നുമല്ല. വയനാട്ടിലെ ആദിവാസികളുടെ ഇടയിലുള്ള അയിത്തവും ഉച്ചനീചത്വവും കാരണമാണ് സി കെ ജാനു പരാജയപ്പെട്ടത്.

അടിയ ഗോത്രത്തെ ഏറ്റവും താഴ്ന്ന വിഭാഗമായാണ് മറ്റു ഗോത്രങ്ങൾ കാണുന്നത് എന്നതാണ് നഗ്നമായ സത്യം. അടിയ വിഭാഗക്കാരിയായ ഒരാളെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നതിനെ മറ്റു ഗോത്രത്തിലുള്ളവർ എതിർത്തിരുന്നു. ഇതാണ് സി കെ ജാനുവിന്റെ പരാജയത്തിന് പ്രധാന കാരണം.


ന്യൂനപക്ഷ പ്രതിനിധികളെ താക്കോൽ സ്ഥാനങ്ങളിൽ എത്തിയ്ക്കുന്നതിൽ ബി ജെ പി മുൻകൈ എടുക്കുന്നുണ്ട്. മറ്റു പാർട്ടികൾ അതു പ്രസംഗിച്ചു നടക്കുക മാത്രം ചെയ്യുന്നു. ഒരു പത്തു വർഷത്തിനിടെ ബി ജെ പി ഒരു ട്രാൻസ്ജെന്റർ ആയ വ്യക്തിയെ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണ്ണർ ആകുമെന്നാണ് എനിയ്ക്കു തോന്നുന്നത്.

ഹിന്ദുത്വ സിദ്ധാന്തങ്ങളിൽ ഉറച്ച വർഗീയരാഷ്ട്രീയവും കോർപ്പറേറ്റ് പ്രീണനവും കാരണം ബിജെപിയോട് ഒരിയ്ക്കലും സന്ധി ചെയ്യാനാവാത്ത സാഹചര്യം ഒരിടത്ത്. മറുവശത്ത് മറ്റു മുഖ്യധാരാ പാർട്ടികളുടെ ദൗർബല്യം കൃത്യമായി മനസിലാക്കാനുള്ള അവരുടെ ശേഷി.

കോൺഗ്രസിനാണ് ഇതിൽ പൂർണ്ണ ഉത്തരവാദിത്വം. അവർക്ക് ഇപ്പോഴും ബി ജെ പിയെ മനസിലായിട്ടില്ല. ഈ രീതിയിൽ ബി ജെ പിയെ പ്രതിരോധിയ്ക്കാനും അവർക്കു കഴിയുമെന്നു തോന്നുന്നില്ല. ദേശീയ തലത്തിൽ ബിജെപിയെ ചെറുക്കാൻ കോൺഗ്രസിന് മാത്രമാണ്സാധ്യത എന്നിരിക്കെ, അവരുടെ രാഷ്ട്രീയ തന്ത്രങ്ങളെ മനസിലാക്കാൻ കഴിയുകപോലും ചെയ്യുന്നില്ല എന്നിടത്താണ് ആശയറ്റു പോകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.