7 July 2026
Home News Kerala കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം സംഘടനാപരം മാത്രമല്ല, അത് പ്രത്യയശാസ്ത്രപരം കൂടിയാണ്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം സംഘടനാപരം മാത്രമല്ല, അത് പ്രത്യയശാസ്ത്രപരം കൂടിയാണ്

ഇടതുപക്ഷ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള ചരിത്രബന്ധവുമില്ലാത്ത, പാർട്ടിയിലെ പുത്തൻ വർഗത്തിന്റെ ഇത്തരം ഹുങ്കാരങ്ങളാണ് സ്വന്തം ജീർണ്ണത തിരിച്ചറിയാകാനാകാത്ത വിധത്തിൽ അതിനെ തകർക്കുന്നത്.

274

| പ്രമോദ് പുഴങ്കര

“ഇന്നീ പാർടി ലോകത്തെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ” എന്നൊക്കെ പാടിയ ആ തിരുവാതിരകളി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടി സംഘടനയിലെ അംഗങ്ങൾക്കും ഇടതുപക്ഷ പൊതുസമൂഹത്തിനും ഏതാണ്ട് അവസാനത്തെ ജാഗ്രതാ സൂചനയാണ്. ഇതിലേറെയൊന്നും തരാൻ ചരിത്രത്തിനു ശേഷി കാണില്ല. അത്തരമൊരു സ്തുതിപാടലിനെ സാധ്യമാക്കിയ സംഘടനയെയാണ് കഴിഞ്ഞ എത്രയോ നാളുകളായി ഉണ്ടാക്കിയെടുത്തത് എന്നത് അതിനിശിതമായി സ്വയം വിമർശനത്തോടെ പരിശോധിച്ചിക്കാനുള്ള ത്രാണി പോലും ദുർബലമാണ് എന്നാണവസ്ഥ.

ഒരു സന്ദർഭത്തെ, ഒരു പ്രശ്നത്തെ, ഒരു വ്യക്തിയെ കമ്മ്യൂണിസ്റ്റ് സംഘടന അതിന്റെ മാർക്സിയൻ രീതിയിൽ പരിശോധിക്കുക അതിനെ സാധ്യമാക്കിയ ഭൗതിക, ചരിത്ര സാഹചര്യങ്ങൾ എന്താണ് എന്നുവെച്ചു കൂടിയാണ്. അതായത് തിരുവാതിരയിലെ പാട്ടല്ല, അത്തരത്തിലൊരു അളിഞ്ഞ നേതൃപൂജയുടെ തലത്തിലേക്ക് സംഘടനയെ എത്തിച്ച അധികാര ഘടനയാണ് പ്രശ്‌നം. അഞ്ഞൂറിലേറെ സ്ത്രീകൾ, വിവിധ ബ്രാഞ്ചുകൾ, ലോക്കൽ കമ്മറ്റികൾ, ഏരിയ കമ്മറ്റികൾ, ജില്ലാ കമ്മറ്റി ഇത്രയൊക്കെ അദ്ധ്വാനിച്ചാണ് ആ തിരുവാതിരയിലെത്തിയത്. എന്നിട്ടും ഇതെന്തൊരു വൃത്തികേടാണ് എന്ന് അതിലൊരാൾക്കും തോന്നാത്ത വിധത്തിൽ കടന്നലുകളായി രൂപാന്തരപ്പെട്ട പാർട്ടി സംഘടനയുടെ രോഗം ചെറുതല്ല.

ദൃശ്യങ്ങളിൽ കാണുന്നതുപോലെ ഒരു പോളിറ്റ് ബ്യൂറോ അംഗം ആ പാട്ടിനു താളം പിടിക്കുന്നു; ഏത് പാട്ടിനു, പിണറായി വിജയൻ മറ്റേ കാരണഭൂതൻ എന്ന പാട്ടിന്. ഭൂമി പിളർന്നു താഴേക്ക് പോകാൻ ആഗ്രഹിക്കുന്ന അവസ്ഥയാണ് വാസ്തവത്തിൽ.

പാർട്ടിക്കുണ്ടാകുന്ന ഏതൊരു ജീർണ്ണതയെയും അതിന്റെ നേട്ടമായി ആഘോഷിക്കാൻ സന്നദ്ധരായ ഒരു കൂട്ടം ധനിക സ്വപ്നങ്ങളുടെ വ്യാപാരികൾ ഇതിനെയും ന്യായീകരിച്ചേക്കാം. ഇടതുപക്ഷ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള ചരിത്രബന്ധവുമില്ലാത്ത, പാർട്ടിയിലെ പുത്തൻ വർഗത്തിന്റെ ഇത്തരം ഹുങ്കാരങ്ങളാണ് സ്വന്തം ജീർണ്ണത തിരിച്ചറിയാകാനാകാത്ത വിധത്തിൽ അതിനെ തകർക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം സംഘടനാപരം മാത്രമല്ല, അത് പ്രത്യയശാസ്ത്രപരം കൂടിയാണ്. പ്രത്യയശാസ്ത്രപരമായി ധനിക വർഗത്തിന്റെ കേളീലീലകളിലാടുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിനോട് ഇതല്ല പാർടി എന്ന് പറയേണ്ടത് സംഘടനാ അച്ചടക്കത്തിന്റെ അപ്പുറത്താണെങ്കിൽ അത് പക്ഷെ കമ്മ്യൂണിസ്റ്റ് സഖാവിന്റെ പ്രത്യയശാസ്ത്രപരമായ അച്ചടക്കത്തിന്റെ ഭാഗമാണ്.
സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ചിതയുടെ ചൂടില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ തിരുവാതിരയുടെ വിമോചനശേഷിയെക്കുറിച്ചുള്ള ന്യായവാദങ്ങളുമായി കടന്നലുകൾ ഇരമ്പിയേനെ.

എ കെ ജിയെയോ ഇ എം എസിനെയോ സി എച്ച് കണാരനെയോ പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര ശില്പികളെക്കുറിച്ച് അന്നൊന്നും ഇത്തരത്തിൽ സ്തുതി പാടേണ്ടതില്ല എന്ന് സഖാക്കൾക്ക് തോന്നിയ കമ്മ്യൂണിസ്റ്റ് ബോധം ഇന്നിപ്പോൾ പിണറായി വിജയനെക്കുറിച്ച് പാടണമെന്ന് തോന്നിച്ചത് ഒരു പിഴവല്ല. അത് നിർമ്മിക്കപ്പെട്ട ബോധമാണ്. അത് താനേ ഉണ്ടായതല്ല.

സോവിയറ്റ് യൂണിയൻ എന്ന ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും പിരിച്ചുവിട്ടത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് ശേഷിപ്പിച്ചിട്ടുള്ളതുപോലെ ചരിത്രപാഠങ്ങൾ മാറ്റാർക്കുമില്ല.