| രഞ്ജിത്ത് ആന്റണി
രാവിലെ, വെളുപ്പിനെ 3-3:30 നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി ഒരു കാറു പിടിച്ച് ജിസിഡിയെ ലേയ്ക്ക് പോകണം. നഗരം ഉണർന്ന് വരുന്ന സമയത്ത് ഉള്ള കാർ യാത്ര ഒരു അസാദ്ധ്യ അനുഭവമാണ്. ആലുവ കഴിയുമ്പോൾ തന്നെ സീൻ മാറും. മലയാളത്തിലുള്ള ബോർഡുകൾ കണ്ടില്ലെന്ന് നടിച്ചാൽ, നമ്മൾ സിംഗപ്പൂരാണോ എന്ന് പോലും സംശയിക്കും. കെട്ടിലും മട്ടിലും ഏതൊരു ആധുനിക നഗരത്തേയും പോലെ ചമഞ്ഞൊരു സുന്ദരിയായി നിൽക്കുന്ന കൊച്ചിയെ ആണ് നമ്മൾ കാണുക.
25 കൊല്ലം കൊണ്ട് പുതിയ റോഡും കുറേ ഫ്ലാറ്റുകളുമല്ല കൊച്ചിയിൽ വന്നത്. കൊച്ചി സിറ്റി ആദ്യം മുതൽ പുതിയ റീഡിസൈൻ ചെയ്യപ്പെടുകായണ് ഉണ്ടായത്. പ്രാചീനമായ ചില തിരുവശേഷിപ്പുകൾ ഒഴിച്ച് കല്ലോട് കല്ല് പൊളിച്ച് പുതിയ രീതിയിൽ സിറ്റി പുനർനിർമ്മിക്കപ്പെട്ടു. 97-99 കാലഘട്ടത്തിൽ ഒരു 100 സിസി സുസുക്കി സാമുറായിൽ കൊച്ചിയുടെ മുക്കും മൂലയും അലഞ്ഞ് നടന്ന എനിക്ക് ഇന്ന് ഗൂഗിൾ മാപ്സ് ഇടാതെ സിറ്റിയിലൂടെ സഞ്ചരിക്കാനാവില്ല. കൊച്ചിക്ക് കിട്ടിയ ഈ സൌഭാഗ്യം തിരുവനന്തുപരത്തിന് കിട്ടിയില്ല എന്നറിയണം. പുതിയ റോഡുകളൊഴിച്ചാൽ തിരുവനന്തപുരം സിറ്റി ഇന്നും പഴയ തിരുവനന്തപുരമാണ്. വലിയ വത്യാസമില്ല.
കൊച്ചിയിൽ വത്യസ്തമായി എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ, അത് കൊച്ചി മെട്രൊ ആണ്. ആറുവരി ദേശീയപാതയും, ആലുവാ പാലവും ഒക്കെ ഈ കാലത്ത് സംഭവിച്ചു. പക്ഷെ, സിറ്റിക്ക് നടുവിലൂടെ പോകുന്ന ഒരു ട്രെയിൻ സർവ്വീസ് ഉണ്ടായത് കൊണ്ട് ഇരുവശത്തുമുള്ള കെട്ടിടങ്ങൾ പൊളിച്ചു. ചെറിയ ഇടവഴികൾ വലിയ ജങ്ഷനുകളായി. സിറ്റി എന്നാൽ എംജി റോഡ് എന്നത് മാറി. ഇന്ന് ഇടപ്പള്ളി തൊട്ട് എർണാകുളം സിറ്റി തുടങ്ങുന്നു. മറ്റേ അറ്റത്ത് തേവരയും. സിറ്റി ശരിക്കും ആധുനികമായി.
റൈഡർഷിപ് മാത്രം എടുത്താൽ കൊച്ചി മെട്രൊ നഷ്ടത്തിലായിരിക്കും. കൊച്ചി മെട്രൊ മാത്രമല്ല, ലോകത്തെ എല്ലാ ട്രാൻസിറ്റ് ഏജൻസികളും നഷ്ടത്തിലാണ് ഓടുന്നത്. ന്യുയോർക്ക് ട്രാൻസിറ്റ് ഏജൻസി സ്റ്റേറ്റ് ഫണ്ട് ചെയ്യുന്ന നികുതി പണത്തിൽ നിന്നാണ് അവരുടെ ബഡ്ജറ്റ് കമ്മി നികത്തുന്നത്. റൈഡർഷിപ് ഇനത്തിൽ ചിലവിന്റെ 30% പോലും അവർക്ക് ലഭിക്കില്ല. ഇത് പോലെ ഗവണ്മെന്റ് സബ്സിഡിയും, റൈഡർഷിപ് ഇതര വരുമാനങ്ങളുമായാണ് ഏകദേശം 100 വർഷമായി ന്യുയോർക് ട്രാൻസിറ്റ് പ്രവർത്തിക്കുന്നത്.
ന്യുയോർക്ക് മാത്രമല്ല, ലണ്ടൻ ട്യുബ് സർവ്വീസ് എടുത്തോളു. എല്ലാ വർഷവും പൊതുപണം കൊണ്ടാണ് അവരും ബഡ്ജറ്റ് കമ്മി നികത്തുന്നത്. എന്നാൽ ട്യൂബ് ഇല്ലാത്ത ലണ്ടനും, സബ്‌വേ ഇല്ലാത്ത ന്യുയോർക്ക് സിറ്റിയും വേറൊരു ലോകമായിരിക്കും എന്ന് ചിന്തിക്കാൻ ഭാവനയയൊന്നും വേണ്ട.
ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ ഒരു പൊതു തത്വമെന്താണെന്നൊ; It will pay for itself and some, എന്നാണ്. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ഇക്കണോമിയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ സർക്കാർ ഖജനാവിലും പ്രതിഫലിക്കും എന്നാണ് ഇതർത്ഥമാക്കുന്നത്. കാശു ചിലവാക്കുന്നത് വസൂലാകും, ഉറപ്പാണ്.
ദുബൈ ഇന്റർനാഷണൽ എയർപ്പോർട്ട് ദുബൈയുടെ ജിഡിപി യുടെ 21% വരുമാനം നൽകുന്ന ഒന്നാണ്. ആരെങ്കിലും മണലാരിണ്യത്തിൽ പ്ലെയിനിറക്കുമൊ എന്ന് ചോദിച്ച് കളിയാക്കിയ പ്രോജക്ടാണത്. അത് ദുബൈയുടെ ഇക്കണോമിയെ തന്നെ താങ്ങി നിർത്തുന്ന നെടുംതൂണായി മാറി. ഇന്നത്തെ ദുബൈ എയർപ്പോർട്ട് പണിതിട്ടും കഷ്ടി 25 കൊല്ലമേ ആയിട്ടുള്ളു എന്നോർക്കണം.
കെ റെയിലിനെതിരെ ഈ മരക്കവികളും, വ്യാജ പരിസ്ഥിഥിക്കാരും, പിന്നെ തലയ്ക്ക് വെളിവില്ലാത്ത കുറേ എണ്ണവും ചേർന്ന് നടത്തുന്ന കോലാഹലങ്ങൾ ഒക്കെ അവസാനിക്കും. കെ റെയിൽ എന്ന പദ്ധതി നടക്കുക തന്നെ ചെയ്യും. കാരണം, അത്തരം ഒരു ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് ഇന്ന് കേരളത്തിന്റെ ഇക്കണോമിക്ക് അത്യാവശ്യമായ സമയമാണ്. പണി തീരുമ്പോൾ, അത് ഉദ്ഘാടനം ചെയ്യുന്നത് ഇന്നീ സമരം ചെയ്യുന്നവരും ആയിരിക്കും. ഇതിന്റെ ഗുണം കാസർഗോട്ടുകാരെക്കാൾ കൂടുതൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം കാർക്കും ആയിരിക്കും. എല്ലാവർക്കും ഇതൊക്കെ അറിയാം. പിന്നെ കുത്തിത്തിരിപ്പുണ്ടാക്കുമ്പൊ ഒരു സുഖം, ഒരു മനസുഖം.



