| അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവി
ലോകായുക്ത നിയമത്തിൽ രണ്ടു താല്പര്യങ്ങളാണ് ഏറ്റുമുട്ടുന്നത്. (Clash of Interest). ഒരധികാരി അധികാര ദുർവിനിയോഗം / അഴിമതി / സ്വജനപക്ഷപാതം ചെയ്യുന്നു എന്ന് പരാതി പറയുന്ന ഒരു പൗരൻ ഒരു വശത്തും, ആരോപണം നേരിടുന്ന അധികാരി മറുവശത്തും. ആരോപണം വിശ്വസിക്കാത്ത നിയമനാധികാരി ആരോപണ വിധേയന് ഒപ്പം നിൽക്കുന്നത് കൊണ്ടു മാത്രമാണ് ലോകായുക്തയിൽ കേസുണ്ടാകുന്നത് എന്ന പ്രാഥമിക കാര്യം നാം മറന്നു പോകരുത്.
ആരോപണങ്ങൾ അന്വേഷിച്ചു കുറ്റം കണ്ടെത്താനുള്ള സ്റ്റേറ്റ്ന്റെ internal vigilance മിഷനറി പരാജയം ആയതുകൊണ്ടാണ് പൗരന് കളത്തിൽ ഇറങ്ങേണ്ടി വരുന്നത് എന്നോർക്കണം. ആ പൗരന്റെ അത്താണിക്ക് വേണ്ടിയാണ് ലോകായുക്തയെ നമ്മൾ ഉണ്ടാക്കിയത്. തുല്യശക്തർ അല്ല ഏറ്റുമുട്ടുന്നതെന്നും നിയമനാധികാരിക്കു ഇതിൽ പക്ഷമുണ്ടെന്നും വേണം പ്രിസംഷൻ. വ്യാജ/കള്ള പരാതി ഉന്നയിക്കുന്നവർക്ക് ജയിൽശിക്ഷ നൽകാൻ വ്യവസ്ഥയുള്ള നിയമം കൂടിയാണ്. ഇതിൽ ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവന്നത് ഏത് വിഭാഗത്തിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്നത് സ്പഷ്ഠവുമാണല്ലോ.
ഇനി വാദങ്ങൾ ഓരോന്നായി നോക്കാം.
- പതിനാലും പതിനഞ്ചും വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് AG പറഞ്ഞു. നിയമനിർമ്മാണസഭ സർവ്വ വാദങ്ങളും പരിഗണിച്ചു പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് Executive പ്രഖ്യാപിച്ചു തുടങ്ങിയത് എന്നു മുതലാണ്? എത്ര കീഴ്വഴക്കങ്ങൾ ഉണ്ട്? 3 ആം വകുപ്പിലെ ഭരണഘടനാ വിരുദ്ധത എന്താണ്? ഏതെങ്കിലും കോടതി 14, 15 വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണ് എന്നു പറഞ്ഞോ?
2.ഒരു സ്റ്റാറ്റൂട്ടറി അതോറിറ്റിക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന് പറയുന്നത് നുണയല്ലേ? ജനപ്രതിനിധ്യ നിയമപ്രകാരം ഇലക്ഷൻ കേസ് കേൾക്കുന്ന സ്റ്ററ്റ്യൂറ്ററി കോടതിക്ക് ഇലക്ഷൻ തന്നെ റദ്ദാക്കാനും ജനപ്രതിനിധിയെ പുറത്താക്കാനും അധികാരമുണ്ടല്ലോ. ഹൈക്കോടതിക്ക് ക്വാ വാറന്റോ അധികാരമുള്ളതിനു പുറമേ അല്ലേ ഇത്? ഇത് ആർട്ടിക്കിൾ 163 നോ 164 നോ എതിരല്ലല്ലോ. പിന്നെന്തുകൊണ്ട് ലോകായുക്ത മാത്രം എതിരാകും? എന്തിനാണ് നുണ പറയുന്നത്?
3.പ്രതിയെ കേൾക്കാൻ ലോകായുക്തയിൽ വകുപ്പില്ലത്രേ !
ഏത് ക്വാസി ജുഡീഷ്യൽ അതോറിറ്റിയ്ക്കാണ് ആരോപണ വിധേയനെ കേൾക്കാതെ വിധിപറയാനുള്ള അധികാരമുള്ളത് !! എത്ര കേസിൽ അങ്ങനെ സംഭവിച്ചു? ഇനി ഭാവിയിൽ സംഭവിക്കുമോ എന്ന പേടി ആണെങ്കിൽ, ചട്ടം കൊണ്ടുവന്നു പ്രതിയെ ലോകായുക്ത വിശദമായി കേൾക്കാനുള്ള നിർബന്ധം കൊണ്ടുവന്നാൽ പോരെ? അതല്ലല്ലോ ഓർഡിനൻസിൽ?? അപ്പോഴത് വേണ്ടെന്നാണോ?
4.അപ്പീലില്ല എന്നാണ് അടുത്ത വാദം. അപ്പീലുമായി പോയി അഴിമതിക്കാർക്ക് ഭരണത്തിൽ തൂങ്ങാനുള്ള വ്യവസ്ഥ ഉണ്ടാക്കേണ്ട എന്നാണ് നിയമസഭ മുൻപ് ഒറ്റക്കെട്ടായി തീരുമാനിച്ചത്. അത് മാറാനുള്ള സഹചര്യമുണ്ടോ? ഉണ്ടെങ്കിൽ എന്ത്??
ഈ ഓർഡിനൻസിൽ അപ്പീൽ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ടോ? ഇല്ലല്ലോ. അപ്പീൽ എന്ന വാക്ക് ഇല്ലെന്നതോ പോട്ടെ, ആരെ എങ്ങനെ കേൾക്കണമെന്നു ഒരു വരി പോലും ഓർദിനൻസിൽ ഇല്ലല്ലോ. ക്വാസി ജുഡീഷ്യൽ അതോറിറ്റിയുടെ fact finding ഉത്തരവിനെതിരെ ഒറ്റയാൾ, ഗവർണ്ണറോ മുഖ്യമന്ത്രിയോ അപ്പീൽ കേൾക്കുന്ന പരിപാടി രാജ്യത്ത് എവിടെയെങ്കിലും ഉണ്ടോ?? ഉണ്ടെങ്കിൽ പറയൂ.
14 ആം വകുപ്പിൽ കൊണ്ടുവന്നിരിക്കുന്നത് അപ്പീലല്ല. എന്തുകൊണ്ട് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ അപ്പീൽ കോടതിയായി കൊണ്ടുവരുന്നില്ല??
5.മന്ത്രിസഭ കൂട്ടുത്തരവാദിത്വത്തിൽ പ്രവർത്തിക്കണം എന്നാണല്ലോ.
മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി അയാളെ പുറത്താക്കുന്നില്ലാ എങ്കിൽ മുഖ്യമന്ത്രിയും ആരോപണവിധേയനും ഒരേ താല്പര്യം ഉള്ളവരാണ്. വിരുദ്ധ താല്പര്യമുള്ളത് പരാതിക്കാരനു മാത്രം. Pleasure of the Chief Minister ഉള്ള കാലത്തോളം മന്ത്രി അധികാരത്തിൽ തുടരും. മന്ത്രിക്കെതിരായ ലോകായുക്തയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് തള്ളണോ കൊള്ളണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്ലഷറിൽ മന്ത്രിസ്ഥാനത്ത് തുടരുന്ന ആളുടെ കേസ് മുഖ്യമന്ത്രി എങ്ങനെ കേൾക്കും? Conflict of Interest അല്ലേ? അതുകൊണ്ട് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും അല്ലേ?
6.AG യുടെ നിയമോപദേശം വന്നശേഷം ഒരു വർഷമായി നിയമസഭയിൽ ഈ ബിൽ കൊണ്ടുവരാതെ ഇരുന്നത് എന്തുകൊണ്ടാണ്? എന്താണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള അടിയന്തിര സാഹചര്യം? ചോദ്യങ്ങൾക്ക് വസ്തുതകളിലൂടെ മറുപടി പറയണം. കൊണ്ഗ്രസോ BJP യോ ഭരിക്കുന്ന, അഴിമതി നടത്തുന്ന സംസ്ഥാനങ്ങളിലെ നിയമം നോക്കി ഇവിടെ വെള്ളം ചേർക്കാനല്ലല്ലോ, LDF സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രകടനപത്രികയ്ക്ക് ജനം വോട്ടു ചെയ്തത്. എന്തൊരു നാണംകെട്ട, അസംബന്ധം നിറഞ്ഞ വാദമാണത്? 1999 നു ശേഷം ഈ സംസ്ഥാനത്തെ അധികാര ദുർവിനിയോഗം നടത്തിയ ആദ്യത്തെ മന്ത്രിയായിരുന്നില്ല KT ജലീൽ. അവസാനത്തേതും അല്ല.
പിന്നെന്തേ ജലീൽ മാത്രം ഭരണത്തിൽ പുറത്തായി? ഞാൻ ആദ്യം പറഞ്ഞതാണ് കാരണം. സ്റ്റേറ്റ്ന്റെ സമ്പൂർണ്ണ അധികാര വ്യവസ്ഥയോട് കലഹിച്ചു വേണം പൗരന് ലോകായുക്തയിൽ നിന്ന് ഒരു വിധി കിട്ടാൻ. ഈ ഓർഡിനൻസിനെ പിന്തുണയ്ക്കുന്ന കക്ഷിരാഷ്ട്രീയ നേതാക്കളിൽ എത്രപേർ ആരോപണം ഉന്നയിക്കുന്നതല്ലാതെ ലോകായുക്തയെ ഉപയോഗിച്ച് ഈ സിസ്റ്റത്തെ ശുചിയാക്കാൻ ശ്രമിച്ചിട്ടുണ്ട്? അഴിമതിവിരുദ്ധ വാചാടോപമല്ലാതെ ലോകായുക്ത ശക്തിപ്പെടുത്തണം എന്ന് LDF ലോ UDF ലോ എത്രപേർക്ക് ശരിയായ താല്പര്യമുണ്ട്?
ലോകായുക്ത സർക്കാരിനോട് ഉത്തരവിടാനുള്ള ബോഡി എന്ന നിലയിൽ നിന്ന്, സർക്കാരിന് റിപ്പോർട്ട് നൽകാനുള്ള ബോഡി എന്നു ചുരുക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കാൻ അല്ലെങ്കിൽ പിന്നെന്താണ്??
അഴിമതി നടത്തിയെന്ന് ക്വാസി ജുഡീഷ്യൽ അതോറിറ്റി കണ്ടെത്തിയ ആൾക്ക് പ്രോസിക്യൂഷൻ നടക്കുമ്പോഴും അധികാരത്തിൽ തുടരാനുള്ള വഴി ഒരുക്കുക എന്നല്ലാതെ മറ്റെന്താണ് ഈ ഓർദിനൻസിലൂടെ കേരളം നേടുന്നത്?? നിയമമന്ത്രിയുടെ ന്യായീകരണത്തിനോ NS മാധവന്റെ ട്വീറ്റിനോ സത്യത്തെ ഇല്ലാതാക്കാൻ കഴിയുമെന്നു തോന്നുന്നില്ല.



