...
Home News National മുഹമ്മദ് സുബൈർ എന്ന പേര്, അതാണു കാരണം

മുഹമ്മദ് സുബൈർ എന്ന പേര്, അതാണു കാരണം

ഭരണകൂടങ്ങൾക്കെതിരെ പോരാടി തോൽക്കുന്നവരെയൊക്കെ ജയിലിലടയ്ക്കുന്ന കെട്ട കാലത്ത് ടീസ്റ്റയും ശ്രീകുമാറും ഉടനടി തുറുങ്കിലടയ്ക്കപ്പെട്ടു. സഞ്ജീവ് ഭട്ട് ഇനിയൊരിക്കലും പുറംലോകം കാണില്ല. സ്റ്റാൻ സ്വാമിയെ കൊന്നു.

226

| എസ് സുധീപ്

പി സി ജോർജിന് ജാമ്യം കിട്ടിയതല്ല നമ്മളെ അസ്വസ്ഥരാക്കേണ്ടത്. സുബൈറിനെയും ടീസ്തയെയും ശ്രീകുമാറിനെയുമൊക്കെ ജാമ്യം പോലും നൽകാതെ തുറുങ്കിലടച്ചിരിക്കുന്നതാണ് നാം ചർച്ച ചെയ്യേണ്ടത്. മുഹമ്മദ് സുബൈർ 2018 ൽ ഒരു ട്വീറ്റ് ചെയ്തതിനാണ് അയാളെ ജയിലിട്ടിരിക്കുന്നത്.

എന്തായിരുന്നു മി ലോഡ്സ് ആ ട്വീറ്റ്? 1983 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ കാണിച്ച ഒരു ഹോട്ടൽ ബോർഡിന്റെ രംഗമുണ്ട്. അതിന്റെ സ്ക്രീൻ ഷോട്ട് സുബൈർ പോസ്റ്റ് ചെയ്തു. ഹണിമൂൺ ഹോട്ടലിന്റെ പേര് അല്പം വ്യത്യാസം വരുത്തി ഹനുമാൻ ഹോട്ടൽ എന്നാക്കിയതാണ് ആ രംഗം. ബോർഡിലെ ആ മാറ്റം പോലും സുബൈർ വരുത്തിയതല്ല എന്നോർക്കണം. സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സെൻസർ ചെയ്ത അതേ രംഗത്തിന്റെ സ്ക്രീൻ ഷോട്ടാണ് സുബൈർ പോസ്റ്റ് ചെയ്തത്. സിനിമയ്ക്കും സിനിമ എടുത്തവർക്കും എതിരെയില്ലാത്ത എന്തു കേസാണ് പ്രഭുക്കളേ, സുബൈറിനെതിരെ നിൽക്കുക?

പ്രഭുക്കളേ, ആരാണു സുബൈറിനെതിരെ പരാതിപ്പെട്ടത്? ഹനുമാൻ ഭക്തൻ എന്ന ഒരു അജ്ഞാത ട്വിറ്റർ ഹാൻഡിൽ! 2021 ഒക്ടോബറിൽ തുടങ്ങിയ ഒരു ഫോളോവർ മാത്രമുള്ള ഭക്തന്റെ ആദ്യ ട്വീറ്റാണ് സുബൈറിനെതിരായ പരാതി! അതും 1983 – ലെ സിനിമാ രംഗത്തെയും 2018 -ലെ ട്വീറ്റിനെയും കുറിച്ച്! ഉടൻ ദൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നു.

മുഹമ്മദ് സുബൈർ എന്ന പേര്, അതാണു കാരണം. അയാൾ നടത്തുന്ന നിർഭയമായ മാദ്ധ്യമ പ്രവർത്തനം, അതുകൂടിയാണു കാരണം. ആൾട്ട് ന്യൂസ് എന്ന ഓൺലൈൻ മാദ്ധ്യമ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണു സുബൈർ. നൊബേൽ സമാധാന സമ്മാനത്തിനായി പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്ലോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ആൾ. നൂപൂർ ശർമ്മ എന്ന വർഗീയ വിഷം ലോകാരാദ്ധ്യനായ പ്രവാചകനെ മന:പൂർവം പരസ്യമായി നിന്ദിച്ചത് ലോകശ്രദ്ധയിലെത്തിച്ച നിർഭയനായ മാദ്ധ്യമ പ്രവർത്തകൻ.

നൂപൂർ ശർമ്മ വിവാദം പുറത്തു കൊണ്ടുവന്നപ്പോൾ മുതൽ വലതു വർഗീയ വാദികൾ അറസ്റ്റ് സുബൈർ എന്ന ഹാഷ്ടാഗിനാൽ ട്വിറ്റർ നിറയ്ക്കുകയായിരുന്നു. നാല്പതു വർഷം മുമ്പ് സെൻസർ ചെയ്യപ്പെട്ട സിനിമാ രംഗം നാലു വർഷം മുമ്പ് ട്വീറ്റ് ചെയ്ത സുബൈർ ജയിലിലും ഇന്നലെ വർഗീയ വിഷം തുപ്പി ഇന്ത്യയിൽ കലാപം അഴിച്ചു വിട്ട ഭീകര പ്രവർത്തകയായ പാർട്ടി വക്താവ് സുഖമായി പുറത്തും. ഹാ! എത്ര മനോഹരമായ വ്യവസ്ഥിതി.

ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കും, അല്ലേ? നൂപൂർ ശർമ്മയ്ക്ക് ഒരു നീതി, മുഹമ്മദ് സുബൈറിന് മറ്റൊരു നീതി. നൂപൂർ ശർമ്മയ്ക്കെതിരെ ആരോ വാക്കാൽ ആഞ്ഞടിച്ചെന്നൊക്കെ പറഞ്ഞു കേട്ടു. എഴുതിവച്ചതിൽ അതൊന്നും കണ്ടതേയില്ല.

ചോദ്യങ്ങൾ ചോദിച്ചാൽ ടീസ്ത സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അതേ അവസ്ഥ തന്നെയായിരിക്കും എന്നെയും കാത്തിരിക്കുന്നത് എന്നു മറ്റാരെക്കാളും നന്നായി എനിക്കറിയാം.
മോദി എന്ന ഏകാധിപതിയെ ചോദ്യം ചെയ്യാൻ സകിയ ജാഫ്രിക്കു നിയമ സഹായം നൽകിയതിനാണ് ടീസ്തയെയും ശ്രീകുമാറിനെയും തുറുങ്കിലടച്ചത്.

എല്ലാം നഷ്ടപ്പെട്ടവന്റെ ദുഃഖം ഘനീഭവിച്ച മുഖം നിങ്ങൾ കണ്ടിട്ടുണ്ടോ? സകിയ ജാഫ്രിയുടെ മുഖത്തേയ്ക്കൊന്നു നോക്കണം പ്രഭുക്കന്മാരേ… മനുഷ്യരായി പിറന്നവർക്കാർക്കും മറക്കാൻ കഴിയാത്ത മുഖം. മോദിയുടെ ഗുജറാത്ത് ഭരണത്തിൻ കീഴിൽ വലതു വർഗീയ ഭ്രാന്തന്മാർ കൈകാലുകൾ ഛേദിച്ച് കഴുത്തിൽ കത്തുന്ന ടയറിട്ട് കത്തിച്ചാരമാക്കിയ സാത്വികനായ കോൺഗ്രസ് എം പി എഹ്സാൻ ജാഫ്രിയുടെ വിധവ.

ജാഫ്രിക്കൊപ്പം അറുപത്തിയെട്ടു നിരപരാധികളെക്കൂടി അവർ ഗുൽബർഗ് സൊസൈറ്റിയിൽ കൊന്നുതള്ളി. അവരൊക്കെ ജാഫ്രി സാബിന്റെ വീട്ടിൽ അഭയം തേടിയവരായിരുന്നു. പൊലീസിലെ ഉന്നതരെ മുതൽ സാക്ഷാൽ മോദിയെ വരെ ജാഫ്രി ഫോണിൽ വിളിച്ചു. ആരും വന്നില്ല. എല്ലാറ്റിനേയും കൊന്നു തള്ളി.
സാകിയ ജാഫ്രി ഒറ്റയ്ക്കായി. എന്നിട്ടുമവർ പോരാടി.

ഒരു ഭരണകൂടം മുഴുവൻ അവർക്കെതിരെ നിൽക്കുമ്പോൾ, എന്തിനും തയ്യാറായി നിൽക്കുമ്പോൾ ആ നിസഹായ സ്ത്രീയ്ക്ക് എന്തു തെളിവുകളാണ് പ്രഭുക്കന്മാരേ കൊണ്ടുവരാൻ കഴിയുക? ഭരണകൂടം നൽകേണ്ട തെളിവുകളൊന്നും സകിയ ജാഫ്രിക്കോ ഒറ്റയ്ക്കായ ആ സ്ത്രീയെ ചേർത്തു നിർത്താൻ ശ്രമിച്ച ടീസ്റ്റയ്ക്കോ ശ്രീകുമാറിനോ നൽകാൻ കഴിയില്ലല്ലോ… സകിയ ജാഫ്രി പരാജയപ്പെട്ടു.
സുപ്രീം കോടതി അവരെ അതിനിശിതമായി വിമർശിച്ചു.

ഭരണകൂടങ്ങൾക്കെതിരെ പോരാടി തോൽക്കുന്നവരെയൊക്കെ ജയിലിലടയ്ക്കുന്ന കെട്ട കാലത്ത് ടീസ്റ്റയും ശ്രീകുമാറും ഉടനടി തുറുങ്കിലടയ്ക്കപ്പെട്ടു. സഞ്ജീവ് ഭട്ട് ഇനിയൊരിക്കലും പുറംലോകം കാണില്ല. സ്റ്റാൻ സ്വാമിയെ കൊന്നു. നാളെ ഞാനാണ്. പിറ്റേന്നു നിങ്ങളും… ഇടിഞ്ഞു വീണ ആകാശങ്ങൾക്കു കീഴെ നിന്നുയരുന്ന ആ ചോദ്യം നിങ്ങൾ കേൾക്കുന്നുവോ. പ്രഭുക്കന്മാരേ, എവിടെയാണു നീതി?

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.