...
Home News ഒരേയൊരു സാനിയ മിർസ; അവർ ഇന്ന് റാക്കറ്റ് താഴെ വച്ചു

ഒരേയൊരു സാനിയ മിർസ; അവർ ഇന്ന് റാക്കറ്റ് താഴെ വച്ചു

ഒരു കുട്ടിയുണ്ടാകുന്നതോടെ കരിയർ തീർന്നു എന്നു കരുതുന്നവർക്കിടയിൽ ഈ 36 വയസിൽ നാല് വയസുകാരന്റെ അമ്മയായ സാനിയ ഇന്ന് ആസ്‌ത്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസ് ഫൈനൽ കളിച്ചു.

232

| മനൂപ് ഖാൻ

2003 ൽ, മാതൃഭൂമി സ്പോർട്സ് മാസികയിൽ വന്നൊരു ലേഖനം, അതുവരെ ഇന്ത്യൻ ടെന്നീസ് എന്നാൽ ലിയാണ്ടർ പേസും മഹേഷ് ഭൂപതിയും മാത്രമായിരുന്ന ഇടത്തേക്ക് പതിനാറു വയസുള്ളൊരു പെണ്കുട്ടി തന്റെ വരവറിയിച്ചതിനെ പറ്റിയായിരുന്നു അത്. ആ വർഷം വിംബിൾൺ ഗേൾസ് വിഭാഗത്തിൽ ഡബിൾസ് ചാമ്പ്യൻ ആയിക്കൊണ്ടായിരുന്നു അത്. അതേ വർഷം യുഎസ് ഓപ്പണിൽ സെമിയിലും എത്തി. പിന്നീട് നടന്നത് ചരിത്രം. സീനിയർ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഇന്ത്യ സ്ഥിര സാന്നിധ്യമായി.

കിരീട വിജയങ്ങളൊന്നും ഇല്ലെങ്കിലും ഇന്ത്യൻ വനിതകളും ടെന്നീസ് കളിക്കാറുണ്ടെന്ന് നമ്മളും ലോകവും അറിഞ്ഞു തുടങ്ങി. ചരിതത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വനിതാ പ്ലെയർ സിംഗിൾസ് ലോക റാങ്കിങ്ങിൽ 27 വരെ എത്തി. ഏഷ്യൻ ഗെയിംസിലും ആഫ്രോ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡലുകൾ വാരിക്കൂട്ടി. ഗ്രാൻഡ്സ്ലാം സിംഗിൾസിൽ വലിയ നേട്ടങ്ങളൊന്നും ഇല്ലെങ്കിലും നിരവധി ആരാധകരെ ഉണ്ടാക്കിയ സാനിയ പക്ഷെ ഡബിൾസിൽ അത്ഭുതപ്പെടുത്തി. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി 12 ഗ്രാൻഡ്സ്ലാം ഫൈനലുകൾ കളിച്ച സാനിയ 6 കിരീടങ്ങളും നേടി. ഇതിഹാസ താരങ്ങളെ വെല്ലുന്ന ആരാധകക്കൂട്ടത്തെ ഉണ്ടാക്കി. ഒളിമ്പിക്‌സ് സെമി വരെ മുന്നേറി.

കുട്ടി നിക്കറിട്ടു കളിക്കാനിറങ്ങുന്നവളെ തേടി പതിവ് പോലെ ഒരു വശത്ത് ആർഷ ഭാരത ടീമും ഒരു വശത്ത് മത വികാരം വ്രണപ്പെട്ടവരും ഒരുമിച്ച് രംഗത്തിറങ്ങി. അതിനെയൊക്കെ പുച്ഛിച്ചു തള്ളിയ സാനിയ ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ ഒരു വിഭാഗത്തിന്റെ കൊടിയ വെറുപ്പിന് പാത്രമായി. സൈബർ ലോകത്തും പുറത്തും അവർക്കെതിരെ ആക്രമണം കടുത്തെങ്കിലും തുടർന്നും ഇന്ത്യക്കായി മത്സര രംഗത്തുണ്ടാവുമെന്നു പ്രഖ്യാപിച്ച് അവർ നിലപാട് വ്യക്തമാക്കി.

ഒരു കുട്ടിയുണ്ടാകുന്നതോടെ കരിയർ തീർന്നു എന്നു കരുതുന്നവർക്കിടയിൽ ഈ 36 വയസിൽ നാല് വയസുകാരന്റെ അമ്മയായ സാനിയ ഇന്ന് ആസ്‌ത്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസ് ഫൈനൽ കളിച്ചു. നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സാനിയ ഇന്ന് കിരീടം ഉയർത്തിക്കൊണ്ടു യാത്ര പറയണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും ആ ആഗ്രഹം ബാക്കിയായി.

2005 ൽ തന്റെ കൗമാരത്തിൽ തന്നെ ടൈം മാഗസിന്റെ ഏഷ്യയിലെ മികച്ച അമ്പത് താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച സാനിയ 2015 ൽ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും ഇൻഫ്ലുവൻസ് ഉള്ള 100 പേരുടെ ലിസ്റ്റിൽ ഇടം പിടിച്ചു. ഇന്ത്യയിൽ ഇത്രയധികം ആരാധകരെ ഉണ്ടാക്കിയ മറ്റൊരു വനിതാ കായിക താരം ഉണ്ടായിട്ടില്ല.

ഇന്ത്യൻ കായിക രംഗത്തെ ഉന്നതിയിലെത്തിച്ചവരിൽ ഉറപ്പായും സാനിയയുടെ പേര് എന്നും മുൻ പന്തിയിൽ തന്നെയുണ്ടാവും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിൽ ഒരാൾ. ഇന്ത്യൻ ടെന്നീസിലെ ഇതിഹാസം. വിഷമമുള്ള ഒരു കാര്യം ഇന്ത്യൻ വനിതാ ടെന്നീസിൽ സാനിയക്ക് മുമ്പും പിൻപും മറ്റൊരാൾ ഇത്രത്തോളം ഉയർന്നു വന്നില്ല എന്നതാണ്. ഒരേയൊരു സാനിയ മിർസ മാത്രമേ ഉള്ളൂ. അവർ ഇന്ന് റാക്കറ്റ് താഴെ വച്ചു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.