...
Home News National മണിപ്പൂരില്‍ നടക്കുന്ന കലാപം അവസാനിപ്പിക്കണമെന്ന് അപ്പോഴും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല

മണിപ്പൂരില്‍ നടക്കുന്ന കലാപം അവസാനിപ്പിക്കണമെന്ന് അപ്പോഴും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല

മണിപ്പൂരിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെട്ട സര്‍ക്കാരിന്റെ കാലത്താണ് രണ്ട് ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി, പൂര്‍ണ നഗ്നരാക്കി പരസ്യമായി നടത്തിച്ചത്.

147

| രാകേഷ് സനൽ

‘വിദേശ ശക്തികള്‍ക്കെതിരേ പോരാടിയ ചരിത്രമുള്ളവരാണ് മണിപ്പൂരി സ്ത്രീകള്‍. മുന്‍ സര്‍ക്കാരുകളൊന്നും ഇവിടുത്തെ സ്ത്രീകളുടെ ജീവിതം പ്രയാസരഹിതമാക്കാന്‍ ഒന്നും ചെയ്തില്ല. എന്‍ഡിഎ സര്‍ക്കാര്‍ മാത്രമാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതും സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തിയതും. കോണ്‍ഗ്രസ് മണിപ്പൂരിനെ കുന്നുകളും താഴ്‌വരകളുമായി വിഭജിച്ചു. അതിന്മേല്‍ രാഷ്ട്രീയം കളിച്ചു.

കോണ്‍ഗ്രസ് കാലത്ത് മണിപ്പൂരില്‍ എന്നും ബന്ദും ഉപരോധങ്ങളുമായിരുന്നു. എന്‍ഡിഎ സംസ്ഥാനത്ത് അധികാരത്തിലെത്തിയതോടെ ബന്ദുകളും ഉപരോധങ്ങളും ഇല്ലാതായി. രൂപീകൃതമായി അമ്പത് വര്‍ഷം പൂര്‍ത്തിയായിട്ടും എന്‍ഡിഎ സര്‍ക്കാര്‍ വരുന്നതുവരെ മണിപ്പൂര്‍ നേരിട്ടിരുന്നത് അസമത്വം മാത്രമായിരുന്നു. അടുത്ത 25 വര്‍ഷത്തേക്കുള്ള പുരോഗതിയുടെ ശിലാസ്ഥാപനമായിരുന്നു ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍. ജനാധിപത്യത്തിന്റെ ഉത്സവമായി നിങ്ങള്‍ വോട്ട് രേഖപ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക’.

2022 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മണിപ്പൂരില്‍ നടത്തിയ പ്രസംഗങ്ങളിലെ വാചകങ്ങള്‍. ഒരു വര്‍ഷത്തിനിപ്പുറം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ ആ സംസ്ഥാനം രക്തരൂക്ഷിത കലാപ ഭൂമിയാണ്. മണിപ്പൂരിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെട്ട സര്‍ക്കാരിന്റെ കാലത്താണ് രണ്ട് ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി, പൂര്‍ണ നഗ്നരാക്കി പരസ്യമായി നടത്തിച്ചത്.

മണിപ്പൂരില്‍ നടക്കുന്ന കലാപം അവസാനിപ്പിക്കണമെന്ന് അപ്പോഴും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. ‘ഡബിള്‍ എഞ്ചിനില്‍’ ഓടുന്നതെന്ന് മോദി പറഞ്ഞ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമായി. കലാപം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ സാധിച്ചിട്ടില്ല. മൂന്നു മാസം പൂര്‍ത്തായാകാറാകുമ്പോള്‍ സമാനതകളില്ലാത്ത ഒരു ക്രൂരത സോഷ്യല്‍ മീഡിയയില്‍ ‘വൈറല്‍’ ആയതുകൊണ്ട് മാത്രം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.