...
Home News Kerala അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുക; അതാണ് സുരേഷ്‌ഗോപിക്കെതിരായ രാഷ്ട്രീയ പ്രവർത്തനം

അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുക; അതാണ് സുരേഷ്‌ഗോപിക്കെതിരായ രാഷ്ട്രീയ പ്രവർത്തനം

ഇപ്പോഴും ജാതിവ്യവസ്ഥ നിലനിൽക്കുന്ന, അതിൽ തന്റെ ജാതി ശ്രേഷ്ഠമാണെന്നും തന്റെ കാൽ മറ്റുള്ളവർ പിടിക്കാൻ മാത്രം പരിശുദ്ധിയുള്ളതാണെന്നും ചിന്തിക്കുന്ന കിനാശ്ശേരിക്കാരിലൊരാളാണ് അയാൾ

144

| ഹരിമോഹൻ

സുരേഷ് ഗോപിയുടെ കാലുപിടിത്തത്തെ രണ്ടു രീതിയിൽ കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഒന്ന്, സുരേഷ് ഗോപിയുടെ റിയൽ ലൈഫിനെക്കുറിച്ചാണ്. രഞ്ജി പണിക്കറുടെ തിരക്കഥയിലെ ഏതോ ഫ്യൂഡൽ മാടമ്പി തന്നെയാണു ജീവിതത്തിലും സുരേഷ് ഗോപിയെന്ന നിലയിലുള്ള കമന്റുകൾ കണ്ടു. അതു വെറും തെറ്റിദ്ധാരണയാണെന്നാണ് അയാൾ അയാളുടെ ജീവിതം കൊണ്ടു തെളിയിക്കുന്നത്. അടുത്ത ജന്മത്തിലെങ്കിലും പൂണൂലിട്ട വർഗത്തിൽപ്പെട്ട ഒരാളായി ശബരിമലയിൽ തന്ത്രിമുഖ്യനാകണം എന്ന ആഗ്രഹം അയാൾ കുറച്ചു വർഷങ്ങൾക്കു മുൻപു പ്രകടിപ്പിച്ചിരുന്നു. അതിനും മുൻപു ചെവിയിൽ പൂടയുള്ള നായരാണു താനെന്നും അയാൾ പറഞ്ഞിട്ടുണ്ട്.

ശബരിമലയിലെ തന്ത്രിമുഖ്യരെ മനുഷ്യർക്കു മുകളിലുള്ള വിശിഷ്ട ജന്മങ്ങളായിക്കാണുന്ന, നായർ സമുദായത്തിൽപ്പെട്ട താൻ ഇപ്പോഴും ഉന്നതകുലജാതനാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് അയാൾ. ദളിതർക്കു ക്ഷേത്രങ്ങളിൽ പൂജാരികളാകാൻ കഴിയുന്നൊരു കാലം വന്നിട്ടും അടുത്ത ജന്മത്തിൽപ്പോലും അയാൾ ആഗ്രഹിക്കുന്നതു പൂണൂലിട്ട് ആ പണി ചെയ്യാനാണ്.

ഇപ്പോഴും ജാതിവ്യവസ്ഥ നിലനിൽക്കുന്ന, അതിൽ തന്റെ ജാതി ശ്രേഷ്ഠമാണെന്നും തന്റെ കാൽ മറ്റുള്ളവർ പിടിക്കാൻ മാത്രം പരിശുദ്ധിയുള്ളതാണെന്നും ചിന്തിക്കുന്ന കിനാശ്ശേരിക്കാരിലൊരാളാണ് അയാൾ. അതിനു രഞ്ജി പണിക്കരുടെ തിരക്കഥയിൽ നിന്ന് ഊറ്റം കൊള്ളേണ്ട ആവശ്യമൊന്നും അയാൾക്കുണ്ടെന്നു തോന്നുന്നില്ല. അത്തരം തിരക്കഥകളുടെയൊന്നും ആവശ്യമില്ലാതെ തന്നെ അയാൾ ഒന്നാന്തരം ഫ്യൂഡൽ മാടമ്പിയാണ്. ഈ അറുപത്തിമൂന്നാം വയസ്സിലും അയാളെ നയിക്കുന്നത് ഇത്തരം ചിന്തകളാണെങ്കിൽ ഇനി അയാളെ അവഗണിക്കുക എന്നതിൽക്കവിഞ്ഞുള്ള പരിഗണന കൊടുത്ത്, അയാൾ ആഗ്രഹിക്കുന്ന പ്രചാരം അയാൾക്കു നൽകാതിരിക്കുകയാണു നല്ലതെന്നു തോന്നുന്നു.

മറ്റൊന്ന്, തൃശ്ശൂരിനെ സംബന്ധിച്ചാണ്. തൃശ്ശൂർ ഇങ്ങെടുക്കുവാ എന്നയാൾ പണ്ടു തിരഞ്ഞെടുപ്പു കാലത്തു പറഞ്ഞത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമാണെന്നു തോന്നുന്നില്ല. ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആയിരുന്നില്ല സുരേഷ് ഗോപിയിലൂടെ ബി.ജെ.പി അവിടെ നടത്തിയത്. ഏറ്റവുമൊടുവിൽ തൃശ്ശൂരിൽ മറ്റെന്തിനെക്കാളും പ്രാധാന്യമുള്ള പൂരത്തിനു സുരേഷ് ഗോപി വഴി അനുമതി നൽകാൻ കേന്ദ്രസർക്കാർ പോലും തയ്യാറായത് അത്ര നിഷ്കളങ്കമല്ല. അതേ തൃശ്ശൂരിൽ സ്വന്തം കാൽ തൊട്ട് ആളുകൾ വന്ദിക്കുന്ന, വിഷുക്കൈനീട്ടം നൽകുന്ന ദൃശ്യങ്ങൾ അയാൾ പ്രചരിപ്പിക്കുന്നത്, അതിന് അത്രയധികം പ്രാധാന്യം ഉണ്ടെന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണ്.

കേരളത്തിൽ തിരുവനന്തപുരത്തും തൃശ്ശൂരിലും തൃപ്പൂണിത്തുറയിലുമൊക്കെ ഇന്നും രാജവാഴ്ചയിൽ അഭിരമിക്കുന്ന ആളുകൾ ഒട്ടേറെയുണ്ട്. പാരമ്പര്യവും കുലമഹിമയും ആഭിജാത്യവുമൊക്കെ ഇപ്പോഴും ഇവിടങ്ങളിലെ പല പ്രദേശങ്ങളിലും സംസ്കാരമെന്ന നിലയിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ തിരുവനന്തപുരത്തെ പഴയ രാജകുടുംബത്തിന് അർഹിക്കുന്നതിലധികം പ്രാധാന്യം ഓരോ രാഷ്ട്രീയ പ്രസ്ഥാനവും നൽകുന്നതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റേതൊരു മണ്ഡലവും ചർച്ച ചെയ്യാത്തത്ര നിലയിൽ തൃപ്പൂണിത്തുറയിൽ ശബരിമല ചർച്ചയായതും. തൃശ്ശൂരും അങ്ങനെതന്നെയാണ്.

പൂരം വഴി വടക്കുംനാഥനിലൂടെ എലൈറ്റ് ക്ലാസ്സ്‌ സമൂഹത്തിനും ജാതി-മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന ഒരു ജനതയ്ക്കുമിടയിൽ ഇടം പിടിക്കാൻ അയാൾ നിരന്തരം ശ്രമിക്കുന്നത് അതുകൊണ്ടുതന്നെയാണ്. അർഹിക്കുന്ന പുച്ഛത്തോടെ വരും നാളുകളിൽ അയാളെ അവഗണിച്ചു വിടുക എന്നതിൽക്കവിഞ്ഞ രാഷ്ട്രീയ പ്രവർത്തനം അയാൾക്കെതിരെ നടത്തേണ്ടതില്ല എന്നാണഭിപ്രായം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.