...
Home News Kerala രക്തസാക്ഷി എന്ന പദം ഒരു പൊളിറ്റിക്കൽ ടെർമിനോളജിയാണ്

രക്തസാക്ഷി എന്ന പദം ഒരു പൊളിറ്റിക്കൽ ടെർമിനോളജിയാണ്

തോൽക്കുമെന്ന് ഉറച്ച യുദ്ധത്തിൽ തന്റെ കൂട്ടത്തിനു വേണ്ടി ശത്രുവിന്റെ മുന്നിലേക്ക് സധൈര്യം ഇറങ്ങി മരണം വരിച്ച് സ്വർഗ്ഗം പുൽക്കുന്ന മനുഷ്യരുണ്ട്. അവരുടേതാണ് രക്തസാക്ഷിത്വം

278

| ശ്രീകാന്ത് പികെ

മുരുകൻ കാട്ടക്കടയുടെ ഏറ്റവും കൂടുതൽ മലയാളികൾ കേട്ട കവിത ‘രക്തസാക്ഷി’ എന്ന കവിതയായിരിക്കണം.

“അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി…
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി” എന്ന് തുടങ്ങുന്ന കവിതയിൽ ചില വരികളുണ്ട്..
” അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
…………
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
ഒരിടത്തവന്നു ഭഗത്സിംങ് പേര്‍!
ഒരിടത്തവന്‍ യേശു ദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍ …
ആയിരം പേരാണവന്നു ചരിത്രത്തിലായിരം
നാവവനെക്കാലവും..”
………….
കവിത നിരൂപിക്കാനോ കാര്യമായി ആസ്വദിക്കാനോ അറിയില്ല. ഈ വരികളിലെ കാവ്യ ഭാവനയെ കുറിച്ച് പറയാനുറിയില്ല, ഒരു ശരാശരി കവിതക്കപ്പുറമാകാനും തരമില്ല. എന്നാൽ ആ വരികളിൽ പറയുന്ന കനം തിരിച്ചറിയാൻ സാധിക്കും.

രക്തസാക്ഷി എന്ന പദം ഒരു പൊളിറ്റിക്കൽ ടെർമിനോളജിയാണ്. വർഗ്ഗ രാഷ്ട്രീയത്തിന്റെ വലിയ ഭാരം പേറുന്ന പദം. അതിനാൽ തന്നെ ആ ഭാരം തിരിച്ചറിയാൻ സാധിക്കുന്നവർക്ക് മാത്രമേ ആ പദമെത്ര പ്രാധാന്യമെന്ന് മനസിലാകുകയുമുള്ളൂ. അതിനാലാണ് കമ്യൂണിസ്റ്റുകാർ മറ്റെന്തിലും മേലെ രക്തസാക്ഷിത്വത്തെ കാണുന്നത്, അവർക്ക് രക്തസാക്ഷിത്വത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. ബലി അങ്ങനെയല്ല, സാന്ദർഭികമായി പല അർത്ഥങ്ങളും വഹിക്കുന്ന പദമാണത്. കാര്യസാധ്യത്തിനും പ്രീതിക്കുമുള്ള ബലി മുതൽ ഓർമ്മ പുതുക്കാനുള്ള തർപ്പണം വരെ.

വൈക്കിങ്സിന്റെ പുസ്തകത്തിൽ, തോൽക്കുമെന്ന് ഉറപ്പായ മരണം സുനിശ്ചിതമായ യുദ്ധത്തിന് പോകും മുമ്പ് വൈക്കിങ് രാജാവും ഗ്രേറ്റ് റാഗ്നർ ലോത്ബ്രോക്കിന്റെ മകനുമായ ബിയോൺ അയൺസൈഡ് രക്ത സാക്ഷിത്വത്തെ കുറിച്ച് പറയുന്ന വാചകമുണ്ട്. വൈകിങ്സുകൾ യുദ്ധത്തിനിറങ്ങും മുന്നേ ഓഡിൻ എന്ന തങ്ങളുടെ ദൈവത്തെ പ്രീതിപ്പെടുത്താൻ മൃഗ ബലി മുതൽ നര ബലി വരെ നൽകാറുണ്ട്. അതാണ് ‘സാക്രിഫൈസ്’, അവരും വാൽഹല്ല എന്ന സ്വർഗ്ഗത്തിലേക്ക് പോകും.

എന്നാൽ തോൽക്കുമെന്ന് ഉറച്ച യുദ്ധത്തിൽ തന്റെ കൂട്ടത്തിനു വേണ്ടി ശത്രുവിന്റെ മുന്നിലേക്ക് സധൈര്യം ഇറങ്ങി മരണം വരിച്ച് സ്വർഗ്ഗം പുൽക്കുന്ന മനുഷ്യരുണ്ട്. അവരുടേതാണ് രക്തസാക്ഷിത്വം, martydom. ബലി നൽകിയ ആയിരങ്ങളെ ഉറ്റവർ മാത്രമോർക്കും, പോരാടി ജീവൻ കൊടുത്തവരുടെ പേരുകൾ ചരിത്രത്തിൽ എഴുതി ചേർക്കുമെന്ന്. അത് കൊണ്ട് തന്നെ സംഘപരിവാരുകാർ പറയുന്ന ബലിദാനി എന്ന പദം ആ അർത്ഥത്തിൽ കൃത്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് രക്തസാക്ഷിയുടെ പര്യായമല്ല.

ആന്റമാൻ ജയിലിലെ സവർക്കറിന്റെ മാപ്പപേക്ഷയെ കുറിച്ച് സംഘപരിവാർ ബൗദ്ധിക(?) നേതാവ് ടി.ജി മോഹൻദാസ് സ്ഥിരമായി പറയുന്ന കാര്യമുണ്ട്. സവർക്കർ രക്തസാക്ഷിത്വത്തിൽ വിശ്വസിച്ചിരുന്നില്ല, അത്തരം ഷോ കാണിച്ച് ജയിലിൽ കിടന്ന് മരിക്കാൻ സവർക്കറിന് ഭ്രാന്ത് ഇല്ലായിരുന്നു എന്ന്. രക്തസാക്ഷിത്വം ഒരു വിശ്വാസമല്ല. ഒരു മനുഷ്യായുസ്സിൽ കൊടുക്കാൻ ജീവൻ മാത്രം ബാക്കിയുള്ളവർ തന്റെ വർഗ്ഗത്തിന് തന്റെ പേര് വിട്ട് നൽകി കൊണ്ട് ഏറ്റെടുക്കുന്ന ഏറ്റവും വിലമതിക്കാനാവാത്ത റിസ്ക്കാണത്.

അത്തരം രക്തസാക്ഷിത്വങ്ങളാണ് പിന്നീടുള്ള വിപ്ലവങ്ങളുടെ ഗതി പോലും നിശ്ചയിച്ചത്. അതിനാലാണ്, ബ്രിട്ടീഷ് പോലീസിന് പിടി കൊടുത്ത് ശിക്ഷയേറ്റു വാങ്ങുകയും, തങ്ങളെ നെഞ്ചിൽ നിറയൊഴിച്ചാണ് കൊല്ലേണ്ടതെന്ന് വാദിച്ച് ഒടുവിൽ തൂക്കുമരത്തിൽ ഇൻക്വിലാബ് മുഴക്കി രക്തസാക്ഷിത്വം വരിച്ച ഭഗത് സിംഗ് ചരിത്രത്തിന്റെ ആവേശമായി നില കൊള്ളുകയും, ആന്റമാൻ ജയിലിലെ മാപ്പപേക്ഷയിലൂടെ പുറത്തിറങ്ങി ഹിന്ദുക്കളെ ഉദ്ദരിക്കാൻ ശിഷ്ടകാലം മാറ്റി വച്ച സവർക്കറിന് സ്വന്തമായി പേരിന്റെ കൂടെ വീർ ചേർത്ത് ആർ.എസ്.എസുകാരുടെ ചുമരുകളിൽ മാത്രം ഒതുങ്ങേണ്ടി വന്നതും.

കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ അച്ഛൻ സഖാവ് വാസുവേട്ടൻ പറഞ്ഞ വാക്കുകളോർക്കണം. വെടി കൊണ്ട് കൊല്ലപ്പെട്ട സ്വന്തം മകന്റെ ചേതനയറ്റ ശരീരം വീട്ടിലേക് കൊണ്ട് വന്നപ്പോൾ ഒരു തവണ നോക്കി അടക്കാനാകാത്ത വേദനയോടെ മുഖം തിരിച്ചു പോയ ഇടത്ത് നിന്ന്, ഒന്നു കൂടി തിരിഞ്ഞു തന്റെ മകന്റെ ശരീരത്തിലേക്ക് നോക്കുന്നുണ്ട് അദ്ദേഹം. വെടി കൊണ്ടത് അവന്റെ നെഞ്ചിലാണ്, പുറത്തല്ല. തോക്ക് മുന്നിലുണ്ടെന്ന് കണ്ട് പേടിച്ചോടിയപ്പോൾ പുറത്ത് വെടിയേറ്റല്ല അവൻ കൊല്ലപ്പെട്ടത്. തോക്കിന്റെ മുന്നിലേക്ക് സധൈര്യം മുദ്രാവാക്യം വിളിച്ച് നീങ്ങിയപ്പോൾ നെഞ്ചിൽ വെടിയേറ്റതാണ്. ആ പിതാവ് കണ്ണീർ തുടച്ചു കൊണ്ട് മകന് മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം നൽകുകയാണ് ചെയ്തത്. എന്താണ് രക്തസാക്ഷിത്വം ബാക്കി വെക്കുന്നത് എന്നതിന്റെ ഉത്തമാണത്. അതാണ് കാട്ടാകടയുടെ ആ വരികളിലെ കനവും.

‘അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍,
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍ ‘.

പാപ്ലാനി പുതിയ കൃസംഘിയാണ്, സംഘികളിലും ബലിദാനികളില്ലേ, അവർക്കെന്താണ് പാപ്ലാനിയുടെ രക്തസാക്ഷികളെ കുറിച്ചുള്ള കോമന്റിനെ കുറിച്ച് പറയാനുള്ളത് എന്ന് പലരും ചോദിക്കുന്നത് കേട്ടു. അതിൽ കാര്യമില്ല, പദത്തിന് രാഷ്ട്രീയ ശേഷി കൈവരിക്കുമ്പോൾ മാത്രം പ്രസക്തമാകുന്ന കാര്യം അതിന് സാധ്യതയില്ലാത്ത കൂട്ടത്തോട് ചോദിക്കുന്നതിൽ അർത്ഥമേയില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.