...
Home News National ബിഎസ്എൻഎൽ എങ്ങിനെ പരിധിക്ക് പുറത്തായി എന്നതിന്റെ ദുരന്തകഥ

ബിഎസ്എൻഎൽ എങ്ങിനെ പരിധിക്ക് പുറത്തായി എന്നതിന്റെ ദുരന്തകഥ

ബിഎസ്എന്‍എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്.

482

| ഡോ. തോമസ് ഐസക്

“നിങ്ങൾ വിളിക്കുന്നയാൾ പരിധിക്കു പുറത്താണ്” ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർ പലപ്പോഴും കേൾക്കേണ്ടിവരുന്ന അറിയിപ്പാണ്. എങ്ങനെ രാജ്യത്തിന് അഭിമാനമാകേണ്ട ഈ പൊതുമേഖലാ സ്ഥാപനം തന്നെ പരിധിക്കു പുറത്തായി എന്നതിന്റെ ദുരന്തകഥ എത്ര പേർക്ക് അറിയാമെന്ന് അറിയില്ല.

ബിഎസ്എന്‍എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. കേന്ദ്ര കോൺഗ്രസ് – ബിജെപി സർക്കാരുകൾ തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടായില്ല. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്.

1994-ലാണ് മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കിയത്. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002-ല്‍ മാത്രമേ ബിഎസ്എന്‍എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.

2002-ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബിഎസ്എന്‍എല്‍ സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.

അക്കാലത്ത് ബിഎസ്എന്‍എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008-09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു.

റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം. വീണ്ടും ടെന്‍ഡര്‍ വിളിച്ച ബിഎസ്എന്‍എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം.

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബിഎസ്എന്‍എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡിയില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബിഎസ്എന്‍എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ലാന്‍ഡ് ലൈനുകള്‍ 2013-14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബിഎസ്എന്‍എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം.

ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല.

ബിഎസ്എന്‍എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബിഎസ്എന്‍എല്‍ നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബിഎസ്എന്‍എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല.

2014-ലാണ് 4ജി സേവനം രാജ്യത്ത് ആരംഭിച്ചത്. സ്വകാര്യ കമ്പനികൾക്കു ഈ സ്പെക്ട്രം ലഭ്യമായി. ജീവനക്കാരുടെ സമരവും പ്രക്ഷോഭവുമെല്ലാം ഉണ്ടായിട്ടും 2019 ഒക്ടോബറിലാണ് ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കാൻ തീരുമാനമെടുത്തത്. ബിഎസ്എൻഎല്ലിന് 4ജി സേവനം നൽകാൻ കഴിയുന്നതരത്തിലുള്ള 49300 ബിറ്റിഎസ് (Base Transceiver Station) കൾ നിലവിലുണ്ട്. അതുകൊണ്ട് മൂന്നോ നാലോ മാസത്തിനുള്ളിൽ ഇവയെല്ലാം 4ജി സേവനം ആരംഭിക്കാൻ കഴിയുമായിരുന്നു. വലിയ സമ്മർദ്ദത്തിനുശേഷം മാനേജ്മെന്റ് ഈ നിർദ്ദേശം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു. എന്നാൽ രണ്ടുവർഷമെടുത്തു ഇതിന് അനുമതി ലഭിക്കാൻ.

2020 മാർച്ചിൽ 50000 ബിറ്റിഎസുകൾ 4ജി ആക്കാനുള്ള ടെണ്ടർ ബിഎസ്എൻഎൽ ക്ഷണിച്ചു. എന്നാൽ തടസ്സവാദങ്ങൾ ഉന്നയിച്ച് സർക്കാർ ടെണ്ടർ റദ്ദാക്കി. ആഗോള ഭീമന്മാരായ നോക്കിയ, എറിക്സൺ, സാംസംഗ് തുടങ്ങിയ കമ്പനികളിൽ നിന്നും ബിഎസ്എൻഎൽ വാങ്ങാൻ പാടില്ലായെന്നും ഇന്ത്യൻ കമ്പനികളിൽ നിന്നേ ഉപകരണങ്ങൾ വാങ്ങാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ചു. 4ജി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയും ഇന്ത്യയിൽ ഇല്ല. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഈ പിടിവാശി ബിഎസ്എൻഎല്ലിന് 4ജി നൽകാതിരിക്കാനുള്ള അടവായിരുന്നു. ഇതിന്റെയൊക്കെ പിന്നിൽ കോർപ്പറേറ്റ് പാദസേവ മാത്രമല്ല, കൊടിയ അഴിമതികളുമുണ്ട്. അവയെക്കുറിച്ച് പിന്നീട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.