ചില പ്രണയങ്ങൾ അങ്ങനെയാണ്… യാത്രാമൊഴി പറയാതെ, ഒന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോകും…” മലയാളിയെ ഇത്രയധികം പ്രണയിക്കാനും വിരഹത്തിന്റെ നോവറിയാനും പഠിപ്പിച്ച മറ്റൊരു സംവിധായകനുണ്ടോ? തൂവാനത്തുമ്പികളിലെ ക്ലാരയുടെ കുസൃതിച്ചിരിയിലും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയുടെ കാത്തിരിപ്പിലും, ഒടുവിൽ ഭൂമിയിലേക്ക് വന്ന ഗന്ധർവ്വന്റെ പാൽച്ചിരിയിലും പത്മരാജൻ എന്ന മഹാമാന്ത്രികന്റെ വിരൽപ്പാടുകൾ ഉണ്ടായിരുന്നു. മുതുകുളത്തെ കാറ്റും മഴയും പശ്ചാത്തലമാക്കി അദ്ദേഹം തീർത്തത് വെറും സിനിമകളല്ല, മലയാളിയുടെ വികാരങ്ങളെയാണ്. 1991-ൽ തന്റെ 46-ാം വയസ്സിൽ ഒരു യാത്രാമൊഴി പോലും പറയാതെ ആ ഗന്ധർവൻ മടങ്ങിപ്പോയപ്പോൾ, അനാഥമായത് മലയാള സിനിമയിലെ പ്രണയമാണ്. കാലം മായ്ക്കാത്ത ആ ഗന്ധർവ്വ സാന്നിധ്യത്തിലേക്കും, പപ്പേട്ടന്റെ അനശ്വരമായ ഓർമ്മകളിലേക്കും നമുക്കൊന്ന് തിരിഞ്ഞു നടക്കാം…


