...
Home Entertainments തലമുറകൾ കടന്ന് വരുന്ന പകയുടെ വിവിധ ഭാവങ്ങൾ; പൊനം കയറാൻ ഒരുങ്ങി ലാൽജോസ്

തലമുറകൾ കടന്ന് വരുന്ന പകയുടെ വിവിധ ഭാവങ്ങൾ; പൊനം കയറാൻ ഒരുങ്ങി ലാൽജോസ്

ഒരുപക്ഷെ സംവിധായകൻ ലാൽ ജോസ് ചെയ്ത സിനിമകളിൽ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള ഒരു വർക്ക്‌ ആയിരിക്കും പൊനം എന്ന കാര്യത്തിൽ സംശയമില്ല. താൻ ചെയ്തതിൽ ഏറ്റവും നിർമ്മാണ ചിലവ് കൂടിയ സിനിമ ആണ് ഇത് എന്ന് ഇതിനോടകം സംവിധായകൻ പറഞ്ഞു കഴിഞ്ഞു.

601

| ശ്യാം സോർബ

ഡിസി ബുക്സ് 2022 ജൂലൈ മാസത്തിൽ പുറത്തിറക്കി ഏറെ ചർച്ച ചെയ്യപ്പെടുകയും ആസ്വാധക നിരൂപണങ്ങൾ ഉൾപ്പെടെ നിരവധി വരികയും ചെയ്ത നോവൽ ആണ് കെ എൻ പ്രശാന്തിന്റെ പൊനം. എഴുത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെ വ്യത്യസ്തത കൊണ്ടും വിഷയവതരണം കൊണ്ടും ഏറെ മികച്ചു നിൽക്കുന്ന പൊനം എന്ന നോവൽ സിനിമ ആക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖ പരിപാടിയിൽ ആണ് സംവിധായകൻ ലാൽ ജോസ് സിനിമയെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് വർഷകാലയളവിൽ ഇറങ്ങിയതിൽ മികച്ച നോവലുകളിൽ ഒന്ന് എന്ന് നിസംശയം പറയാൻ സാധിക്കുന്ന പൊനം ചോരയുടെയും പകയുടെയും ഒക്കെ കഥ പറഞ്ഞു പോകുന്നുണ്ട്. തലമുറകൾ കടന്ന് വരുന്ന പകയുടെ വിവിധ ഭാവങ്ങൾ അതിഗംഭീരം ആയി എഴുതി ഫലിപ്പിച്ച ഒരു നോവൽ എന്ന നിലയ്ക്ക് അത് സിനിമ ആകുമ്പോൾ ഏത് മാനത്തിലേക്ക് ഉയരും എന്ന് നോക്കി കാത്തിരിക്കേണ്ടി ഇരിക്കുന്നു. കാസർകോട് കർണാടക അതിർത്തി ഗ്രാമങ്ങളിൽ ആണ് കഥയുടെ കഥാ പശ്ചാത്തലം എന്നത് കൊണ്ട് തന്നെ ഒരു മൾട്ടിലിങ്കുവൽ സാധ്യതയാണ് നോക്കുന്നത് എന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്.

ഒരു പുതിയ പുസ്തകം മൂക്കിനോട് അടുപ്പിക്കുമ്പോൾ കിട്ടുന്ന ഒരു പുത്തൻ മണമുണ്ട്. പുസ്തകങ്ങളെ അത്രമേൽ പ്രണയിക്കുന്നവർ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മണം. പക്ഷെ കെ എൻ പ്രശാന്തിന്റെ പൊനം പുറപ്പെടുവിക്കുന്ന മണം വല്ലാണ്ട് വ്യത്യസ്തമാണ്. ആദ്യ താളുകളിൽ പുറത്ത് വരുന്ന പുത്തൻ താളുകളുടെ മണം തുടരെ തുടരെ മാറുന്നു… പേജുകളിൽ റാക്കിന്റെ മൂക്ക് തുളക്കുന്ന ഗന്ധം പുറത്ത് വന്ന് തുടങ്ങുന്നു… പിന്നീട് അങ്ങോട്ട് പല താളുകളും പുറത്തു വിടുന്നത് വെടിമരുന്നിന്റെയും കാമം തീർക്കാൻ വേശ്യകളെ തേടി പോകുന്ന ആണിന്റെ ശുക്ലത്തിന്റെയും വിയർപ്പിന്റെയും ഗന്ധമാണ്. വളരെയധികം നിഗൂഢതകൾ വാഴുന്ന ഒരു പുസ്തകം എന്ന് വേണം വിശേഷണം കൊടുക്കാൻ.

ഭാഷയുടെ പ്രയോഗത്തിൽ ഉൾപ്പെടെ മൊത്തം ഘടനയിൽ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തത പൊനത്തെ വല്ലാണ്ട് വ്യത്യസ്തമാക്കുന്നുണ്ട്. കാസറഗോടൻ ഉൾനാടുകളിലെ കന്നഡയും തുളുവും കലർന്ന ഭാഷാ പ്രയോഗങ്ങൾ. ഫുട്നോട്ടുകളുടെ സഹായത്തോടെ മാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന ഒട്ടനധികം പേജുകൾ. എഴുത്തിന്റെ, കഥയുടെ ചുരുളിക്കകത്ത് പെട്ട് പോയ ഒരു എഴുത്തുകാരനെ ഇവിടെ കാണാൻ സാധിക്കും. പുറത്തിറങ്ങാൻ വഴി ഇല്ലാത്ത ഒരു കാട്ടിൽ പെട്ട് പോയ എഴുത്തുകാരൻ, എന്നെ വായിക്കുന്ന നിങ്ങളും അതെ കാട്ടിൽ വഴി അറിയാതെ അലയട്ടെ എന്നുള്ള തീരുമാനത്തിൽ, വാശിയിൽ നിന്നുള്ള എഴുത്ത്.

വായിച്ചു തീർന്ന് ദിവസങ്ങൾ എടുത്താണ് ഞാൻ ഈ പൊനത്തിൽ നിന്ന് പുറത്ത് കടക്കുന്നത്. പൊനം കൃഷിയിടമാണ്, പക്ഷെ ഈ പൊനം വിളയിക്കുന്നത് റാക്കും, തോക്കും, വെടിമരുന്നും, കാമവും, ലൈംഗീകതയും ഒക്കെ ആണ് എന്ന് പറയാതെ വയ്യ. വല്ലാത്തൊരു പകയുടെ ചോരക്കളികളാണ് പൊനത്തിൽ ഉള്ളതെന്ന് പറയേണ്ടതായിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരുകൾ എവിടെയൊക്കെയോ മിന്നിമറഞ്ഞു ഉള്ളിൽ കൂടെ പോകുന്നുണ്ട് എങ്കിൽ കൂടെ ഇപ്പഴും അറിയില്ല ആർക്കു കൊടുക്കണം ഇവിടെ പ്രാധാന്യം എന്ന്. റാക്ക് എന്ന നാടൻ മദ്യം, അതിന് ഈ നോവലിൽ കൊടുത്തിരിക്കുന്ന ഒരു പ്രാധാന്യം ഉണ്ട്, അതിനെ ചുറ്റി തന്നെയാണ് ഇതിലെ എല്ലാം മുന്നോട്ട് ചലിക്കുന്നത്.

സാധാരണ നോവലുകളിൽ ഒരു കഥാപാത്രം കേന്ദ്രമായി വരുന്നത് പോലെ ഇവിടെ ഒരിക്കലും അങ്ങനെ ഒരു കഥാപാത്രത്തെ കേന്ദ്രമാക്കാൻ എനിക്ക് സാധിക്കുന്നേയില്ല. പകയും ചോരയും കോഴിപ്പോരും റാക്കും കാമവും ഒക്കെ ആണ് എന്നെ സംബന്ധിച്ച് ഈ കഥയിലെ കേന്ദ്ര സാന്നിധ്യങ്ങൾ. പല കഥാപാത്രങ്ങളും പ്രണയത്തെ പറ്റി സംസാരിക്കുമ്പോഴും പ്രണയം എന്നൊരു വികാരം എവിടെയും കാണാൻ സാധിക്കുന്നില്ല. ആ പ്രണയത്തിന്റെ ഒക്കെ മുകളിൽ കാമം എന്നൊരു വികാരത്തെ ഇരുത്തിയിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു

ഇന്ത്യൻ സിനിമയിലെ gang fight സിനിമകൾ കാണുന്ന പോലെ ഈ പുസ്തകം വായിച്ചു പൂർത്തിയാക്കപ്പെടുന്നു. സംസാരിക്കാനോ എഴുതാനോ തുടങ്ങുമ്പോൾ വല്ലാതെ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട് ഇപ്പഴും പൊനം. നേരത്തെ പറഞ്ഞ പോലെ എഴുത്തുകാരൻ പെട്ട് പോയ ചുഴിയിൽ, ചുരുളിയിൽ വായിക്കുന്ന നിങ്ങളും കുരുങ്ങി കിടക്കട്ടെ എന്ന എഴുത്തുകാരന്റെ വാശി….

ഒരുപക്ഷെ സംവിധായകൻ ലാൽ ജോസ് ചെയ്ത സിനിമകളിൽ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള ഒരു വർക്ക്‌ ആയിരിക്കും പൊനം എന്ന കാര്യത്തിൽ സംശയമില്ല. താൻ ചെയ്തതിൽ ഏറ്റവും നിർമ്മാണ ചിലവ് കൂടിയ സിനിമ ആണ് ഇത് എന്ന് ഇതിനോടകം സംവിധായകൻ പറഞ്ഞു കഴിഞ്ഞു. എന്ത് തന്നെ ആയാലും കാത്തിരിക്കാം മനോഹരമായ ഒരു നോവലിന്റെ ദൃശ്യവിഷ്‌കാരത്തിനു വേണ്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.