...
Home News Kerala കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; എം.ജി റോഡ് വികസനത്തിന് വഴിയൊരുങ്ങുന്നു; ഭൂമി കൈമാറ്റ നടപടികൾ പുരോഗമിക്കുന്നു

കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; എം.ജി റോഡ് വികസനത്തിന് വഴിയൊരുങ്ങുന്നു; ഭൂമി കൈമാറ്റ നടപടികൾ പുരോഗമിക്കുന്നു

എം.ജി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു.

152

കാസർകോട്: നഗരത്തിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന എം.ജി റോഡ് വികസനത്തിന് നടപടികൾ വേഗത്തിലാകുന്നു. റോഡ് വീതികൂട്ടുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും കെട്ടിട ഉടമകളിൽ നിന്ന് സ്ഥലം കൈമാറുന്നതിനുമുള്ള നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

എം.ജി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്കും ടൗൺ വികസനത്തിനും പരിഹാരം കാണാൻ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നിയമസഭയിൽ സബ്മിഷനും അവതരിപ്പിച്ചു.

വികസനത്തിന്റെ ഭാഗമായി റോഡിനോട് ചേർന്നുള്ള കെട്ടിട ഉടമകളിൽ ഒരാൾ ഇതിനകം 4.30 മീറ്റർ സ്ഥലം നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് കെട്ടിട ഉടമകളിൽ നിന്നുള്ള ഭൂമി കൈമാറ്റത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരും സ്ഥലം വിട്ടുനൽകുമെന്നാണ് പ്രതീക്ഷ.

ഭൂമി കൈമാറ്റം പൂർത്തിയായാൽ എം.എൽ.എ കല്ലട്ര മാഹിന്റെ നേതൃത്വത്തിൽ റോഡ് വികസനത്തിനാവശ്യമായ സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും. പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വികസനം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതികൂട്ടുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാകുന്നതോടെ പദ്ധതിയുടെ തുടർപ്രവർത്തനങ്ങളും വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.