| അനു ദേവസ്യ
മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമായ മലയോര ജില്ലയായ ഇടുക്കിക്കും പറയാനുണ്ട് ഒരു റെയിൽവേ ചരിത്രം. കുന്നും മലകളും നിറഞ്ഞ ഹൈറേഞ്ചിന്റെ മണ്ണിൽ നിന്നും ഒരു റെയിൽവേ ചരിത്രം എന്നത് വിശ്വസിക്കുക കുറച്ചു പ്രയാസമാണ്. കുന്നിൻമുകളിൽ തേയില തോട്ടങ്ങൾക്കിടയിലൂടെ ചൂളംവിളിച്ച് പായുന്ന തീവണ്ടിയുടെ കഥ എങ്കിൽ സത്യം തന്നെയാണ്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം ഇപ്പോൾ റെയിൽ ഗതാഗതം ഇല്ലാത്ത ഇടുക്കിയുടെ മണ്ണിൽ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മോണോറെയിൽ സിസ്റ്റം, കുണ്ടളവാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന മൂന്നാർ റെയിൽവേ……
മൂന്നാറും തേയില കൃഷിയും
കുണ്ടളവാലി റെയിൽവേയെയുടെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ മൂന്നാറിലെ തേയിലക്കൃഷിയുടെ ആരംഭത്തെ കുറിച്ചുകൂടി മനസിലാക്കണം. മൂന്നാറിലെ തേയില കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും ബ്രിട്ടീഷുകാരാണ്. 1870-കളിൽ അന്നത്തെ തിരുവിതാംകൂർ സാമ്രാജ്യത്തിലെ ബ്രിട്ടീഷ് റസിഡന്റ് ജോൺ ഡാനിയൽ മൺറോയുടെ സന്ദർശനത്തോടെയാണ് മൂന്നാറിനെ കുറിച്ച് പുറംലോകം അറിയുന്നത്. മൂന്നാർ പ്രദേശം തിരുവിതാംകൂർ രാജ്യത്തിന്റെ അധീനതയിലായിരുന്നെങ്കിലും പൂഞ്ഞാർ രാജകുടുംബത്തിന്റെ ജന്മഭൂമിയായിരുന്നു അത്. ജന്മഭൂമിയായതിനാൽ രാജകുടുംബത്തിന് ഭൂവുടമയെന്ന നിലയിൽ ഭൂമിയുടെ മേൽ സമ്പൂർണ്ണ അധികാരം ഉണ്ടായിരുന്നു. കണ്ണൻ തേവൻ മലനിരകളിലെ തോട്ടവിളകളുടെ കൃഷി സാധ്യത മനസിലാക്കിയ അദ്ദേഹം പൂഞ്ഞാർ കൊട്ടാരം സന്ദർശിക്കുകയും രോഹിണി തിരുനാൾ കേരള വർമ്മ വലിയ രാജയെ സംരംഭത്തെ കുറിച്ച് ബോധ്യപ്പെടുത്തി കണ്ണൻ തേവൻ കുന്നുകൾ നല്ലൊരു തുകയ്ക്ക് പാട്ടത്തിന് വാങ്ങുകയും ചെയ്തു. 1879-ൽ നോർത്ത് ട്രാവൻകൂർ ലാൻഡ് പ്ലാന്റിംഗ് & അഗ്രികൾച്ചറൽ സൊസൈറ്റി രൂപീകരിക്കുകയും സൊസൈറ്റിയിലെ അംഗങ്ങൾ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കാപ്പി, ഏലം, മുതലായവ കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. ഈ പ്രദേശത്തിന് അനുയോജ്യമായ വിളയാണ് തേയില എന്ന് കണ്ടെത്തിയപ്പോൾ ഈ വിളകൾ പിന്നീട് ഉപേക്ഷിക്കപ്പെടുകയും വ്യാപകമായി തേയില കൃഷി ആരംഭിക്കുകയും ചെയ്തു. 1880-ൽ എ.എച്ച്. ഷാർപ്പ് എന്ന യൂറോപ്യൻ പ്ലാന്റർ ആണ് 50 ഏക്കറോളം സ്ഥലത്ത് തേയില കൃഷി ആരംഭിക്കുന്നത്. 1895-ൽ, ജെയിംസ് ഫിൻലേ ആൻഡ് കമ്പനി ലിമിറ്റഡ് 33 സ്വതന്ത്ര എസ്റ്റേറ്റുകൾ വാങ്ങി. ഈ എസ്റ്റേറ്റുകൾ കൈകാര്യം ചെയ്യുന്നതിനായി 1897-ൽ കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി രൂപീകരിച്ചു. തേയിലയുടെ പരിചരണത്തിനും മറ്റുമായി തൊഴിലാളികളെ കൂടുതലായി ആവശ്യം വന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളെ കൂടി എത്തിച്ചു. തേയിലയുടെ വളർച്ച മൂന്നാർ എന്ന പ്രദേശത്തിൻെറ വളർച്ചയ്ക്ക് കൂടി പങ്കുവഹിച്ചു.
മോണോ റെയിൽ സിസ്റ്റം
മൂന്നാറിൽ ഉത്പാദിപ്പിക്കുന്ന തേയില കയറ്റുമതി ചെയ്തത് സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ്. തേയില കപ്പൽ കയറ്റി ബ്രിട്ടനിൽ എത്തിക്കാൻ കഴിയാതെ വന്നാൽ മലമുകളിൽ നിക്ഷേപിച്ച തുകയൊക്കെ നഷ്ടമാകും. ഇതോടെയാണ് അന്നത്തെ സൂപ്രണ്ടായിരുന്ന എമുലേറ്റ് സായിപ്പ് 1902 -ൽ ഇർവിങ്ങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന ‘കാളയെ പൂട്ടിയ മോണോറെയിൽ’ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഇതാണ് മൂന്നാറിലെ റെയിൽവേ ചരിത്രത്തിൻെറ തുടക്കം. 500 കാളകളെയാണ് ഇതിന് വേണ്ടി മൂന്നാറിൽ എത്തിച്ചത്. കാളകളെ പരിചരിക്കുന്നതിനായി ബ്രിട്ടനിൽ നിന്നും ഒരു മൃഗഡോക്ടറെയും രണ്ടു സഹായികളെയും എത്തിച്ചു. മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് മോണോറെയിൽ സ്ഥാപിച്ചത്. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിൽ തേയില എത്തിച്ചു. ഇവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിക്കുകയും തുടർന്ന് ബ്രിട്ടണിലേക്ക് കയറ്റി അയക്കാനും തുടങ്ങി. 1908 -ലാണ് മോണോറെയിൽ സംവിധാനത്തെ നാരോ ഗേജ് റെയിൽവേയാക്കി ഉയർത്തുന്നത്. ഇതോടെ മൂന്നാറിൻെറ മണ്ണിൽ ആവി എഞ്ചിൻ വലിക്കുന്ന ചരക്കുബോഗികൾ വന്നു. പഴയ കൽക്കരി എൻജിൻ തന്നെയാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനുമിടയ്ക്ക് മധുപ്പെട്ടി, പലാർ എന്നീ രണ്ടു സ്റ്റേഷനുകളും ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ട് നീണ്ട പതിനാറു വർഷകാലം ബ്രിട്ടീഷുകാർ മൂന്നാറിൽ പൊന്നുവിളയിച്ച് ബ്രിട്ടനിലേക്ക് കയറ്റി അയച്ചു. മൂന്നാർ തേയിലയുടെ പ്രതാപകാലം ആയിരുന്നു അത്…
ഇടുക്കിയുടെ റെയിൽവേ സ്വപ്നങ്ങളെ വിഴുങ്ങിയ 99 ലെ വെള്ളപ്പൊക്കം
1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് 99ലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 ലാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഇതുകൊണ്ടാണ് ഇതിനെ 99 ലെ വെള്ളപ്പൊക്കം എന്ന് വിളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങി. 1924 ജൂലൈ മാസം പകുതിയോടെ ആരംഭിച്ച കനത്ത മഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് രൂപപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും തോരാതെ പെയ്ത പേമാരിയിൽ ഉരുൾപൊട്ടി മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നു. ഒഴുകിയെത്തിയ മണ്ണും വെള്ളവും മരങ്ങളും മൂന്നാർ പട്ടണത്തെ മൂടി. റോഡുകൾ നശിച്ചു. കുണ്ടളവാലി റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നന്നേക്കുമായി മൂന്നാറിന് നഷ്ടമായി.
പൂർണ്ണമായും തകർന്ന മൂന്നാറിന് ബ്രിട്ടീഷുകാർ തന്നെയാണ് ഉയർത്തെഴുന്നേൽപ്പിച്ചത്. വീണ്ടും തേയില നട്ടു… റോഡുകൾ നന്നാക്കി… മൂന്നാറിനെ പുനരുജീവിപ്പിച്ചു. ഒരു മഹാ ദുരന്തത്തെ അതിജീവിക്കാൻ ബ്രിട്ടീഷുകാർ നൽകിയ താങ്ങും കരുതലും മൂന്നാറിന് തുണയായി.. എന്നാൽ 99 ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിന് നഷ്ടമായത് മൂന്നാർ റെയിൽവേ ആയിരുന്നു. പിന്നീട് ഒരിക്കലും അവിടേക്ക് തീവണ്ടി ഓടിക്കയറിയില്ല. മൂന്നാറിൽ റെയിൽവേ ഉണ്ടായിരുന്നു എന്നത് തന്നെ അത്ഭുതവാർത്തയായിമാറി. മലമുകളിലെ മൂന്നാർ റെയിൽവേ സ്റ്റേഷൻ കണ്ണൻദേവൻ തേയില ഫാക്ടറിയുടെ ഓഫീസായി. റെയിൽവേ പ്ലാറ്റ്ഫോമുകൾ റോഡുകളായി മാറി. പഴയ റോപ്-വേ യുടെയും റെയിലിന്റെയുമൊക്കെ അവശിഷ്ടങ്ങൾ പലതും ഇന്നും ആ മലനിരകളിൽ അവശേഷിക്കുന്നു.. മൂന്നാറിലേക്കുള്ള യാത്രയിൽ അതിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ കാണാൻ കഴിയും. കൂടാതെ റെയിൽവേ സിസ്റ്റത്തിന്റെ അവശിഷ്ടങ്ങളിൽ പലതും കണ്ണൻദേവൻ കമ്പനിയുടെ ടീം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.



