...
Home Entertainments ഒരുകാലഘട്ടത്തിൽ ഇന്ന് സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് തുല്യമായിരുന്നു നാടക പ്രതിഭകൾക്കും ലഭിച്ചിരുന്നത്: ജയചന്ദ്രൻ ബി

ഒരുകാലഘട്ടത്തിൽ ഇന്ന് സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് തുല്യമായിരുന്നു നാടക പ്രതിഭകൾക്കും ലഭിച്ചിരുന്നത്: ജയചന്ദ്രൻ ബി

562

| അഭിമുഖം: ജയചന്ദ്രൻ ബി/ ശ്യാം സോർബ

സ്റ്റേജ് ഷോകളിലൂടെയും നാടകവേദികളിലൂടെയും സിനിമകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും മലയാളിപ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ജയചന്ദ്രൻ ബി. കലയെ ഉപജീവനമായി കൊണ്ടുപോകുന്ന, നാടകത്തെയും സിനിമയെയും ഒരുപോലെ നെഞ്ചേറ്റുന്ന പ്രിയപ്പെട്ട കലാകാരനുമായ ജയചന്ദ്രൻ ബി യുമായി അഭിമുഖം

?: നാടകം, സിനിമ, സ്റ്റേജ് ഷോ, അങ്ങനെ നിറഞ്ഞ് നിൽക്കുന്ന ഒരു കലാകാരൻ ആണ് താങ്കൾ. എങ്ങനെ ആണ് കലയിലേക്കുള്ള തുടക്കം?

ജയചന്ദ്രൻ ബി: ഒരുപാട് ചാനലുകളോ അവസരങ്ങളോ ഇല്ലാത്ത, ദൂരദർശൻ മാത്രമുണ്ടായിരുന്ന ഒരു കുട്ടിക്കാലം ആണ് എന്റേത്. എല്ലാവരെയും പോലെ നടൻ ആകണം എന്ന ആഗ്രഹം ചെറുപ്പകാലം തൊട്ടേ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ ചാനലുകളിലേക്ക് എത്തുക എന്നത് നമുക്ക് ആ കാലത്ത് എളുപ്പമുള്ള ഒന്നല്ലാത്തതിനാൽ തന്നെ സ്റ്റേജുകൾ തന്നെ ആയിരുന്നു ആശ്രയം.

നാടകവും മിമിക്രിയും ഒക്കെയായി സ്റ്റേജ് പരിപാടികൾ നിരന്തരം ചെയ്യുകയും ചെയ്തുകൊണ്ടാണ് കലയിലേക്ക് ചുവടു വെച്ച് തുടങ്ങുന്നത്. പിന്നീട് നാട്ടിൽ, തോന്നയ്ക്കൽ ഉണ്ടായിരുന്ന രംഗപൂർണ്ണിമ, പ്രതിഭ എന്നൊക്കെയുള്ള സംഘങ്ങൾക്കൊപ്പം നാടകങ്ങൾ ചെയ്യുകയും പുരസ്‌ക്കാരങ്ങൾ നേടുകയും ഒക്കെ ചെയ്തിരുന്നു. തിയേറ്റർ തന്നെയാണ് എന്നെ കലയിലേക്ക് കൈ പിടിച്ചു കയറ്റിയത്.

?: സ്ക്രീനിലും സ്റ്റേജിലും കഴിവ് തെളിയിച്ച ഒരാൾ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്ന ഇടം ഇവയിൽ ഏതാണെന്നു ചോദിച്ചാൽ എന്ത് പറയും?

ജയചന്ദ്രൻ ബി: സ്ക്രീനിലും സ്റ്റേജിലും ഉള്ള അഭിനയം രണ്ടാണ് എന്നതുപോലെ തന്നെ അനുഭവവും രണ്ടാണ്. സ്റ്റേജിൽ ആകുമ്പോൾ നമ്മൾ ചെയ്യുന്നതിനുള്ള പ്രതികരണങ്ങൾ തൽക്ഷണം നമുക്ക് അറിയാനും അനുഭവിക്കാനും പറ്റും. എന്നാൽ സ്‌ക്രീനിൽ ആകുമ്പോൾ നമുക്ക് അതിനുവേണ്ടി കാത്തിരിക്കേണ്ടി വരും. സ്ക്രീൻ ആയാലും സ്റ്റേജ് ആയാലും എന്നും സന്തോഷം തന്നെയാണ്.

ശ്യാം: കേരളത്തിൽ നാടക കലാകാരന്മാർക്ക് അർഹതപ്പെട്ട പരിഗണന ലഭിക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?

ജയചന്ദ്രൻ ബി: ഒരുകാലഘട്ടത്തിൽ ഇന്ന് സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് തുല്യം ആയിരുന്നു നാടക പ്രതിഭകൾക്കും ലഭിച്ചിരുന്നത്. പിന്നീട് സ്വാഭാവികമായും ടെലിവിഷൻ, സിനിമ എന്നിവയുടെ ഒക്കെ കടന്നുകയറ്റം ഉണ്ട്. എങ്കിലും നാടകം ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. നമുക്ക് വളരെ അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒന്നാണ്, കേരളത്തിൽ ഒരു ചെറുസംഘം വഴിയെങ്കിലും ദിവസേന നാടകങ്ങൾ നടക്കുന്നുണ്ട്.

പക്ഷെ മികച്ച നാടകസംഘങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ നാടകത്തിനു വേണ്ടവിധം പരിഗണന ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. വിദേശ നാടകസംഘങ്ങളെപ്പോലും നമ്മൾ ഇവിടേക്ക് കൊണ്ടുവന്നു ആഘോഷമാക്കുമ്പോൾ അതിനു തത്തുല്യമായി നമ്മുടെ നാട്ടിലെ മികച്ച നാടകസംഘങ്ങൾക്ക് പരിഗണന ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ ആലോചിക്കേണ്ടതായുണ്ട്. നാടക അക്കാദമികൾ ഉൾപ്പെടെ ഇത് ഗൗരവമായി കാണേണ്ടതുമാണ്.

?: ഒരുകാലത്ത് കേരളത്തിലെ ഗ്രാമങ്ങളിൽ സജീവമായി നിന്നിരുന്ന പ്രൊഫഷണൽ നാടക മേഖല ഇന്ന് അത്രമാത്രം സ്വീകാര്യതയോടെ നിലനിൽക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?

ജയചന്ദ്രൻ ബി: കേരളത്തിൽ സജീവമായി നിന്നിരുന്ന ഒന്നാണ് പ്രൊഫെഷണൽ നാടകങ്ങൾ. ഇടക്കാലത്ത് അൽപ്പം പിന്നോട്ട് പോയിരുന്നു എങ്കിൽ ശക്തമായി പ്രൊഫെഷണൽ നാടകങ്ങളും തിരിച്ചു വന്നിട്ടുണ്ട്. ഏതെങ്കിലും പരിപാടികളിൽ പ്രൊഫെഷണൽ നാടകങ്ങൾക്ക് മൂല്യച്ചുതി സംഭവിച്ചു എന്ന് പറയുന്ന പലരും കേരളത്തിലെ നാടകങ്ങളുടെ വളർച്ച കാണുന്നില്ല എന്നതാണ് സത്യം.

ഒരുകാലത്ത് കേരളത്തിൽ അഞ്ചു പ്രൊഫെഷണൽ നാടകോത്സവങ്ങൾ നടന്നിരുന്നു എങ്കിൽ ഇന്നത് അൻപതെണ്ണം ഉണ്ടെന്ന് തന്നെ പറയാൻ സാധിക്കും. പല വേദികളിലും തിങ്ങി നിറഞ്ഞ കാണികളെ കാണാൻ സാധിക്കും, ഇരിക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥ കാണാൻ സാധിക്കും. നാടകങ്ങൾ ഇന്ന് അതിന്റെ ഏറ്റവും ശക്തമായ തിരിച്ചുവരവിൽ തന്നെയാണ്.

?: സ്റ്റേജ് ഷോകളിലൂടെ ആയിരിക്കും താങ്കളെ ഏറ്റവും കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞത് എന്ന് കരുതുന്നുണ്ടോ?

ജയചന്ദ്രൻ ബി: തീർച്ചയായിട്ടും, സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലൂടെ തന്നെയും ഒക്കെ തന്നെ ആണ് ആളുകൾ എന്നെ അറിയപ്പെട്ടിരുന്നത്. ടെലിവിഷനിലൂടെ ആയാലും, സിനിമയിലൂടെ ആയാലും ഒക്കെ നമ്മൾ അറിയപ്പെടുന്നുണ്ട് എങ്കിലും ഇതിന്റെ ഒക്കെ അടിസ്ഥാനം സ്റ്റേജ് തന്നെയാണ്.

?: ഇത്രമാത്രം അനുഭവം ഉള്ള ഒരു കലാകാരൻ എന്ന നിലയിൽ മലയാള സിനിമ താങ്കളെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. എന്താണ് താങ്കളുടെ അഭിപ്രായം?

ജയചന്ദ്രൻ ബി: മലയാള സിനിമയിലെ അത്രഗംഭീര നടൻ ഒന്നുമല്ല ഞാൻ. എങ്കിലും ചില സംവിധായകർക്ക് ചില കഥാപാത്രങ്ങളിലേക്ക് ഞാൻ നന്നാകും എന്ന് തോന്നുമ്പോഴാണ് എന്നെ വിളിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ അയാളുടെ കഴിവുകൾ തിരിച്ചറിയപ്പെടുമ്പോഴാണ് മികച്ച അവസരങ്ങളും വേഷങ്ങളും ലഭിക്കുന്നത്. നാളെ അത് സംഭവിക്കും എന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ്.

?: അർഹതപ്പെട്ട പരിഗണന ലഭിക്കാതെ വരുമ്പോൾ കലാകാരന്മാർക്ക് തങ്ങളുടെ പാഷൻ മുന്നോട്ട് കൊണ്ട് പോകാൻ നന്നേ ബുദ്ധിമുട്ട് അനുഭവിക്കും. താങ്കളുടെ ജീവിതത്തിൽ കലയും ഉപജീവനവും തമ്മിൽ എങ്ങനെ നോക്കിക്കാണുന്നു?

ജയചന്ദ്രൻ ബി: തീർച്ചയായും കലാരംഗത്ത് മാത്രം നിന്നുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുതന്നെയാണ്. കലയിലേക്ക് വരുന്ന സമയത്ത് അതൊരു ഉപജീവനമായി കൊണ്ടുപോകണം എന്ന് കരുതിയ ആളല്ല ഞാൻ. പക്ഷെ അത് അങ്ങനെ സംഭവിച്ചു. എന്നാൽ സാമ്പത്തികമായ അടിത്തറ ഉണ്ടാക്കിയ ശേഷം കലയിലേക്ക് വരുന്നവർക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടാകണം എന്നില്ല.

എന്നാൽ കല തന്നെയാണ് ഉപജീവനം എന്നുള്ള രീതിയിൽ മുന്നോട്ടു കൊണ്ട്പോകുന്ന ഞാനുൾപ്പെടെയുള്ള ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടുകൾ നന്നായി തന്നെ ഉണ്ടാകും. കൊറോണ വന്നപ്പോൾ പോലും ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ഒരുപക്ഷെ കലാകാരന്മാർ തന്നെ ആയിരിക്കും.

?: പുതിയകാല കോമഡി ഷോകൾക്ക് നിലവാരം കുറയുന്നതായി തോന്നാറുണ്ടോ? അനാവശ്യമായ ബോഡി ഷേമിങ് ഒക്കെ കുത്തികയറ്റുന്നതായി തോന്നിയിട്ടുണ്ടോ?

ജയചന്ദ്രൻ ബി: അങ്ങനെ പുതിയകാലത്തെ, പഴയകാലം എന്നൊന്നും പറയാൻ പറ്റില്ല. ഹാസ്യം തന്നെയാണ്. ഇന്ന് നമ്മുക്ക് ഒന്നും പറയാൻ പറ്റാത്ത വസ്ഥയാണ്. ഇത്തരം നിയമങ്ങൾ ഒക്കെ ആദ്യമേ ഉണ്ടായിരുന്നു എങ്കിൽ ഹാസ്യമേ ഉണ്ടാകില്ലായിരുന്നു. അങ്ങനെ ആണെങ്കിൽ ഒന്നോർത്തു നോക്കു കുഞ്ചൻ നമ്പ്യാർക്ക് ഓട്ടൻതുള്ളൽ പോലെ ഒരു കല പോലും ഉണ്ടാക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല. കാക്കയുടെയും പൂച്ചയുടെയും ശബ്ദം ഉണ്ടാക്കുന്നതിനു അവരുകൂടെയേ ഇനി പ്രശനം ഉണ്ടാക്കാനുള്ളു.

ഹാസ്യം ഉണ്ടാകുന്ന സമയത്ത്, അതിപ്പോൾ ഒരാളെ കളിയാക്കുകയാണെങ്കിൽ ആ വ്യക്തിക്ക് അത് പ്രശ്നമില്ലാത്ത കാലത്തോളം അത് പ്രശ്നമല്ല. എന്നാൽ ഒരാൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഒരിക്കലും അയാളെ ഹാസ്യത്തിന് വേണ്ടി കളിയാക്കരുത്. എന്നെ ഒരാൾ ഹാസ്യ രൂപേണ അവതരിപ്പിച്ചാൽ, അതുവഴി ആളുകൾക്ക് ചിരിക്കാൻ പറ്റുന്നുണ്ട് എങ്കിൽ അത് ആസ്വദിക്കുന്ന ആളാണ് ഞാൻ. പിന്നെ ഈ അനാവശ്യമായ കുത്തികേറ്റലുകൾ ഒന്നും ഇല്ല എന്ന് തന്നെയാണ്.

?: അവസാനമായി, പുതിയ വർക്കുകളെ പറ്റി ഒന്ന് പങ്കുവെക്കാമോ?

ജയചന്ദ്രൻ ബി: ഒരു നാടകം സംവിധാനം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം മലയാളനാടകവേദിയുടെ സ്വന്തം നാമത്തിൽ ശ്രീകുമാർ മാരാത്ത് എഴുതി അനിൽ കേ പി നിർമ്മാണം നിര്വഹിച്ച പ്രൊഫെഷണൽ നാടകം ആണ്. മടക്കം നന്നായി പോകുന്നുണ്ട് എന്ന സന്തോഷത്തിലാണ്.

സിനിമകൾ ഇപ്പോൾ ഇറങ്ങിയത്ത് ഗർ ആണ്. പിന്നെ 1000 ബേബീസിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇനി ഇറങ്ങാൻ ഉള്ളത് തയ്യൽ മെഷീൻ, മൂൺ വാക്ക്, കടൽ പറയാത്തത് എന്നൊരു സിനിമ, അങ്ങനെ കുറച്ചു സിനിമകൾ ഇറങ്ങാനുണ്ട്. ചില സിനിമകൾ പറഞ്ഞിട്ടുണ്ട്. എല്ലാം നന്നായി പോകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.