...
Home News Kerala അവരുടെ വിവാഹം എങ്ങനെ നടത്തണം ആരോട് ആലോചിച്ച് നടത്തണം എന്നതൊക്കെ അവര്‍ തീരുമാനിക്കും

അവരുടെ വിവാഹം എങ്ങനെ നടത്തണം ആരോട് ആലോചിച്ച് നടത്തണം എന്നതൊക്കെ അവര്‍ തീരുമാനിക്കും

സിപിഐഎം ഏല്‍പ്പിച്ച ഈ ഉത്തരവാദിത്തങ്ങള്‍ ഉള്ളത് കൊണ്ട് അതിന്റെ ഭരണഘടന പ്രകാരം വിവാഹം പാര്‍ട്ടിയോട് ആലോചിച്ചാവണം എന്നുണ്ടോ, ഭരണഘടനയിലെ വകുപ്പ് 20 പ്രകാരം അതിനും കൃത്യമായ ഉത്തരമുണ്ട്.

184

| ശരത് പുതുക്കുടി

മേയര്‍ ആര്യാ രാജേന്ദ്രനും, എംഎല്‍എയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ വാര്‍ത്തകളെ പോലും സദാചാര കണ്ണുകളിലൂടെ ചൂഴ്ന്ന് നോക്കുന്ന ഒരു കൂട്ടര്‍ നമുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ വിവാഹം കുടുംബത്തോടും പാര്‍ട്ടിയോടും ആലോചിച്ച് നടത്തും എന്ന ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് കൊടുത്ത ബൈറ്റാണ് ഇപ്പോള്‍ അവരുടെ ചര്‍ച്ചാ വിഷയം.

സ്വന്തം വിവാഹം പോലും പാര്‍ട്ടിയുമായി ആലോചിച്ച് നടത്തേണ്ടി വരുന്നത് തന്നെ അടിമപ്പണിക്ക് തുല്ല്യമാണെന്നാണ് അവരുടെ ഇപ്പോഴത്തെ വ്യാകുലത. സിപിഐഎം എന്ന പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലാത്തവരും അതിനെ അചഞ്ചലം എതിര്‍ക്കുന്നവരുമൊക്കെയാണ് ഇപ്പോള്‍ ആര്യാ രാജേന്ദ്രനോട് സ്നേഹം മുത്ത് ഇത്തരം പ്രചരണം നടത്തുന്നത് എന്നതാണ് ബഹുരസം.

ഒരു സിപിഐഎം അംഗം ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ അംഗത്തെ വിവാഹം ചെയ്യരുതെന്ന് സിപിഐഎം ഭരണഘടന എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ… പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല.. അത് വേണ്ടുവോളം നടക്കാറുമുണ്ട്. ഒരു സിപിഐഎം അംഗം ഒരു ബിജെപി അംഗത്തിനെയോ ലീഗ് അംഗത്തിനെയോ മറ്റിതര രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്തിനെയോ വിവാഹം ചെയ്യരുതെന്ന് അതിന്റെ ഭരണഘടന പറഞ്ഞിട്ടുണ്ടോ… പറഞ്ഞിട്ടില്ല… അതും നമ്മുടെ ചുറ്റും നടക്കുന്നത് തന്നെയാണ്.

ഒരു സിപിഐഎം അംഗം അയാളുടെ ജാതി-മതത്തില്‍ പെട്ടയാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് അതിന്റെ ഭരണഘടന പറഞ്ഞിട്ടുണ്ടോ… പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഏറ്റവും കൂടുതല്‍ മതേതര വിവാഹങ്ങള്‍ നടക്കുന്നത് ഈ പാര്‍ട്ടി കുടുംബത്തില്‍ നിന്ന് തന്നെയാണ്.. മതേതര വിവാഹങ്ങളെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി കൂടിയാണിത്.

ആര്യ രാജേന്ദ്രന്‍ സിപിഐഎം ചാല ഏരിയാ കമ്മറ്റി അംഗവും സച്ചിന്‍ ദേവ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമാണ്. അവരുടെ വിവാഹം പാര്‍ട്ടിയോട് ആലോചിച്ച് മാത്രമേ നടത്താവൂ എന്ന് സിപിഐഎംന്റെ ഏതെങ്കിലും ഘടകം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല പറയുകയുമില്ല.
അത് കുടുംബം തന്നെ പാര്‍ട്ടിയായി കാണുന്ന അവരുടെ ഓപ്ഷനും അവകാശവുമാണ്. അങ്ങനെ അനേകം പേരുടെ പാര്‍ട്ടി കൂടിയാണത്.

ഇനിയതൊരു ആഢംഭര വിവാഹമാണെങ്കില്‍ അതിനെതിരെ വിമര്‍ശനമുയരും. കാരണം അവര്‍ സിപിഐഎം ഭരണഘടന അംഗീകരിച്ച് അംഗങ്ങളായവരാണ്. അത് അവര്‍ക്ക് മാത്രമല്ല അതിലെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും ബാധകവുമാണ്. സച്ചിന്‍ ദേവ് എംഎല്‍എയും ആര്യാ രാജേന്ദ്രന്‍ മേയറുമാണ്. സിപിഐഎം ഏല്‍പ്പിച്ച ഈ ഉത്തരവാദിത്തങ്ങള്‍ ഉള്ളത് കൊണ്ട് അതിന്റെ ഭരണഘടന പ്രകാരം വിവാഹം പാര്‍ട്ടിയോട് ആലോചിച്ചാവണം എന്നുണ്ടോ, ഭരണഘടനയിലെ വകുപ്പ് 20 പ്രകാരം അതിനും കൃത്യമായ ഉത്തരമുണ്ട്.

പാര്‍ലമെന്റെ്, സംസ്ഥാന നിയമസഭ, പ്രാദേശിക ഭരണസമിതി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ ഒരു പാര്‍ട്ടി ഗ്രൂപ്പായി സംഘടിച്ച് പാര്‍ട്ടിയുടെ കീഴില്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിച്ച് അനാഢംബരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം എന്നു മാത്രമാണ് പറയുന്നത്. അതുകൊണ്ട്, അവരുടെ വിവാഹം എങ്ങനെ നടത്തണം ആരോട് ആലോചിച്ച് നടത്തണം എന്നതൊക്കെ അവര്‍ തീരുമാനിക്കും. സദാചാര കമ്മറ്റിക്കാര്‍ അങ്ങോട്ട് മാറി നിൽക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.