| പ്രേംകുമാർ
സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഒരു വർഷത്തിലേറെയായി നടക്കുന്നുണ്ട്. എവിടെയെങ്കിലും സമരം തടസ്സപ്പെടുകയോ സമരക്കാർക്കെതിരെ അക്രമമുണ്ടാവുകയോ ചെയ്തതായി നമ്മളാരും കേട്ടിട്ടില്ല. വിരുദ്ധസമിതിയുടെ സ്വയംപ്രഖ്യാപിത നേതാവായി കെ.സുധാകരൻ സ്ഥാനമേറ്റതുമുതലാണ് കാര്യങ്ങൾ മാറുന്നത്.
അതുവരെ സത്യവും അസത്യവുമായ ന്യായങ്ങൾ നിരത്തിയിരുന്നവർ ഒറ്റ ദിവസം കൊണ്ട് ഭീഷണിയുടെ സ്വരത്തിലേക്ക് മാറി; സുധാകരന്റെ കുട്ടികൾ രണ്ടും കൽപ്പിച്ച് കുറ്റിപറിക്കാൻ തുടങ്ങി. ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് തുടങ്ങിയതാണ് ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന വിശദീകരണ, സംവാദ പരിപാടി. എട്ടിടത്ത് പരിപാടികൾ നടന്നു, ഒരിടത്തും ജനാധിപത്യപരമോ അല്ലാത്തതോ ആയ ഒരു പ്രതിഷേധവും ഒരു സംഘടനയും പ്രഖ്യാപിച്ചിട്ടില്ല, നടത്തിയിട്ടുമില്ല.
ഇന്ന് കണ്ണൂരിൽ പരിപാടി നടക്കുന്നു; അനിഷ്ട സംഭവങ്ങൾ അവിടെയാണ് തുടങ്ങുന്നത്. സിൽവർലൈൻ പദ്ധതിക്കെതിരെ ഏറ്റവും നന്നായി വാർത്തകൾ കൊടുക്കുന്ന മാതൃഭൂമി ന്യൂസ് ചാനൽ സ്പോട്ടിൽ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: ‘ഗോവിന്ദൻ മാസ്റ്റർ പ്രസംഗിച്ചു കൊണ്ടിരിക്കെ വാതിലിൽ അതിശക്തമായ മുട്ട് കേൾക്കുകയായിരുന്നു. അപ്പോഴാണ് റജിൽ മാക്കുറ്റിയും കുറച്ചാളുകളും അകത്തു കടക്കാൻ ശ്രമിക്കുന്നതും പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതും.’
മാക്കുറ്റി നടത്തിയത് ഒരു മിന്നൽ സമരമായിരുന്നു. മുൻപും പലവട്ടം മുണ്ടുടുത്ത് മിന്നൽ സമരം നടത്തിയിട്ടുണ്ട് മാക്കുറ്റി. മുരളി, മിന്നൽ മുരളിയായ് കഴിഞ്ഞശേഷം പാന്റ്സിട്ടപോലെ മാക്കുറ്റിയും പാന്റ്സോക്കെ ഇട്ടാണ് ഇന്ന് മിന്നൽ സമരം നടത്താനിറങ്ങിയതെന്നത് മാതൃകാപരമാണ്. സൈബർ കോൺഗ്രസിന്റെ അഭിവാദ്യ പോസ്റ്ററിൽ പറയുന്നതിങ്ങനെ: ‘ചെങ്കോട്ടയിലെ യോഗത്തിൽ ചങ്കുറപ്പോടെ കടന്നുചെന്ന റിജിൽ മാക്കുറ്റി…’
അതായത് നടന്നുകൊണ്ടിരുന്നൊരു യോഗത്തിലേക്ക് കടന്നു ചെന്നതായിരുന്നു എന്നവർ തന്നെ പറയുന്നു. ജനാധിപത്യപരമായ പ്രതിഷേധവും വാതിൽ തള്ളിത്തുറന്ന് യോഗത്തിൽ കടന്നുചെല്ലലും തമ്മിൽ അല്പസ്വല്പം വ്യത്യാസമുണ്ടെന്നാണ് ഈയുള്ളവന്റെ എളിയ പക്ഷം.
ജനാധിപത്യപരമായ സമരം നടത്തുന്നവർ ജനാധിപത്യപരമായ പ്രതികരണങ്ങൾ ന്യായമായും അർഹിക്കുന്നുണ്ട്. ജനാധിപത്യപരമല്ലാത്ത സമരം നടത്തുന്നവരും ജനാധിപത്യപരമായ പ്രതികരണങ്ങൾ അർഹിക്കുന്നുണ്ട്; പക്ഷെ എല്ലായ്പ്പോഴും എല്ലാവരിൽ നിന്നും അത് തന്നെ കിട്ടിക്കൊള്ളണമെന്ന് വാശിപിടിക്കരുത്. ‘റിജിൽ മാക്കുറ്റിയെ തല്ലിയത് ശരിയായില്ല എന്ന് തന്നെയാണഭിപ്രായം’.



