...
Home News Kerala കോൺഗ്രസ് അകാല ചരമം പ്രാപിക്കുമ്പോൾ രണ്ട് പിടി മണ്ണ് വാരിയിടുക

കോൺഗ്രസ് അകാല ചരമം പ്രാപിക്കുമ്പോൾ രണ്ട് പിടി മണ്ണ് വാരിയിടുക

സൗത്ത് ഇന്ത്യയിൽ തമിഴ് ഭൂരിപക്ഷമുള്ള, ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത പുതുച്ചേരിയിൽ മന്ത്രി സഭയിൽ നിന്ന് രാജിവച്ചാണ് കോൺഗ്രസ് മന്ത്രിയും എം.എൽ.എമാരും ബിജെപിയിലേക്ക് പോയത്.

170

| ശ്രീകാന്ത് പികെ

ഗോവയിൽ കൂടി കൂടോടെ കോൺഗ്രസ് ബിജെപി ആയി മാറിയതോടെ മനം മടുത്ത ലിബറൽ നിഷ്കളങ്കർ നിരാശയിൽ കോൺഗ്രസ് രക്ഷപ്പെടാനുള്ള ഉപദേശമൊക്കെ കൊടുക്കുന്നുണ്ട്. താഴേ തട്ടിൽ നിന്ന് കൊടി പിടിച്ചും പ്രവർത്തിച്ചു വളർന്ന് വരുന്നവരെ മാത്രം സ്ഥാനാർഥികൾ ആക്കുക എന്നതൊക്കെയാണ് പ്രധാന നിർദ്ദേശം.

പറയുന്നത് കേട്ടാൽ തോന്നുക കോൺഗ്രസിൽ നിന്ന് ബിജെപിയിൽ പോയവരൊക്കെ ഒറ്റ ദിവസം കൊണ്ട് നേതാവായി നൂലിൽ കെട്ടി ഇറക്കിയവർ ആണെന്ന്. 2014-21 കാലയളവിലെ ഏഴ് വർഷങ്ങൾക്കിടയിൽ മാത്രം 173 കോൺഗ്രസ് ജനപ്രതിനിധികളാണ് പാർടി വിട്ട് ബിജെപിയിൽ ചേർന്നത്. ഇവർ മുഴുവൻ നൂലിൽ കെട്ടി ഇറങ്ങിയ സ്ഥാനാർഥികളൊന്നും അല്ല. ഇതിൽ അമ്പത് വർഷവും നാല്പതു വർഷവുമൊക്കെ പാർടിയിൽ അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ചു മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായവർ പോലുമുണ്ട്.

ഇന്ന് കോൺഗ്രസുകാർ ത്രിപുരയിൽ തോറ്റ സി.പി.ഐ.എമ്മിനെ പരിഹസിക്കാൻ മുന്നിൽ നിൽക്കും. എന്നാൽ എങ്ങനെയാണ് സി.പി. ഐ.(എം) തോറ്റത് എന്ന് മാത്രം പറയില്ല. 38% വോട്ട് ഷെയർ ഉണ്ടായിരുന്ന നിയമ സഭയിൽ പത്ത് പതിനഞ്ച് അംഗങ്ങൾ ഉണ്ടായിരുന്ന പ്രതിപക്ഷ പാർടി ഒറ്റ ഇലക്ഷനിൽ മുച്ചൂടും ബിജെപിയായി 1% വോട്ട് ഷെയറിലേക്ക് കൂപ്പ് കുത്തി. നിങ്ങളീ പറഞ്ഞ അടിത്തട്ടിൽ ചുവരെഴുതുന്ന കൊടി പിടിക്കുന്ന അണികൾ ഉൾപ്പെടെ. 2013-ലെ ത്രിപുര നിയമ സഭാ ഇലക്ഷന് ശേഷം ബിജെപിക്ക് പൂജ്യം സീറ്റാണ്.

എന്നാൽ 2018-ലെത്തുന്നതിന് മുന്നേ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ അവർക്ക് നിയമ സഭയിൽ ആറു അംഗങ്ങൾ ഉണ്ടായിരുന്നു. എല്ലാം കോൺഗ്രസിൽ നിന്ന് പോയവർ. 2018-ലെ തെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥികളിൽ ഭൂരിഭാഗവും വർഷങ്ങളായി കോൺഗ്രസുകാരായ നേതാക്കളാണ്. ഇപ്പോൾ അവരുടെ മുഖ്യമന്ത്രി പോലും അൽപ്പ വർഷം മുന്നേ ത്രിപുര പി.സി.സിയുടെ അധ്യക്ഷനും AICC അംഗവുമായിരുന്നു.
സൗത്ത് ഇന്ത്യയിൽ തമിഴ് ഭൂരിപക്ഷമുള്ള, ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത പുതുച്ചേരിയിൽ മന്ത്രി സഭയിൽ നിന്ന് രാജിവച്ചാണ് കോൺഗ്രസ് മന്ത്രിയും എം.എൽ.എമാരും ബിജെപിയിലേക്ക് പോയത്.

അരുണാചലിൽ ഒരു മന്ത്രി സഭ അപ്പാടെ നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപി മുന്നണിയിലെത്തി. ഇപ്പോൾ ഗോവയിൽ നോക്കൂ. അവിടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ആകെ മത്സരിച്ച 80% കോൺഗ്രസുകാരും ബിജെപിയായി. എന്നിട്ടും ജനങ്ങൾ വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്യുന്നു. ബിജെപി വിരുദ്ധരായ ജനങ്ങൾക്ക് വേറെ വഴി ഇല്ലാഞ്ഞിട്ടാണ്. ഈ പോയവരോന്നും നൂലിൽ കെട്ടി ഇറക്കിയവരല്ല. പലരും ആ നാട്ടിൽ കോൺഗ്രസ് പാർടി ഉണ്ടാക്കിയവർ പോലുമാണ്.

അടിസ്ഥാന പരമായി കോൺഗ്രസ് ആരാധകരായ ലിബറലുകൾ പ്രത്യയ ശാസ്ത്രം അഥവാ ഐഡിയോളജി എന്നതൊക്കെ എന്തോ ഏലിയൻ വാക്കായി കാണുന്നത് കൊണ്ടാണ് ഈ ഉപദേശങ്ങളൊക്കെ കൊടുക്കാൻ തോന്നുന്നത്. കമ്യൂണിസ്റ്റ് പാർടികളെ പോലെ കനപ്പെട്ട ഐഡിയോളജി ഒന്നും വേണ്ട. മിനിമം ഒരു DMK അതുമല്ലെങ്കിൽ മുസ്ലീം ലീഗ് നിലവാരത്തിൽ ഏതെങ്കിലും കാര്യത്തോട് കമ്മിറ്റ്മെന്റ് വേണം. അതല്ലാത്ത ആൾക്കൂട്ടം ഇത് പോലെ ഏത് കുപ്പിയിൽ ഒഴിച്ചാലും അതിന്റെ ഷെയ്പ്പിൽ കിടക്കുന്ന വെള്ളമാകും.

നിങ്ങൾ രാജ്യത്തിന്റെ അവസ്ഥ ഓർത്ത് ആത്മാർഥമായി പരിതപിക്കുന്നുണ്ടെങ്കിൽ, ബിജെപി വിരുദ്ധരാണെങ്കിൽ, വരുന്ന തെരഞ്ഞടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ പരമാവധി ജനപ്രതിനിധികൾ ജയിക്കാതിരിക്കാൻ ശ്രമിക്കുക. ബിജെപി വിരുദ്ധ – കോൺഗ്രസ് ഇതര സെക്കുലർ കക്ഷികളെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങുക. കോൺഗ്രസ് അകാല ചരമം പ്രാപിക്കുമ്പോൾ രണ്ട് പിടി മണ്ണ് വാരിയിടുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.