...
Home News International എന്താണ് ഇമ്രാൻ ഖാന്റെ അറസ്റ്റിലേക്ക് നയിച്ച തോഷഖാന കേസ്?

എന്താണ് ഇമ്രാൻ ഖാന്റെ അറസ്റ്റിലേക്ക് നയിച്ച തോഷഖാന കേസ്?

വിദേശ രാജ്യങ്ങളിലെ സർക്കാരുകളുടെ തലവന്മാരും വിദേശ പ്രമുഖരും പാക് ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നൽകുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന ക്യാബിനറ്റ് ഡിവിഷനു കീഴിലുള്ള വകുപ്പാണ് തോഷഖാന.

283

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്റെ അറസ്‌റ്റിലേക്ക് നയിച്ച തോഷഖാന കേസ് അഴിമതി, സ്വത്തുക്കൾ മറച്ചുവെക്കൽ എന്നിങ്ങനെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ്. വിദേശ രാജ്യങ്ങളിലെ സർക്കാരുകളുടെ തലവന്മാരും വിദേശ പ്രമുഖരും പാക് ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നൽകുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന ക്യാബിനറ്റ് ഡിവിഷനു കീഴിലുള്ള വകുപ്പാണ് തോഷഖാന. പാകിസ്ഥാന്റെ കാബിനറ്റ് ഡിവിഷന്റെ മേൽനോട്ടത്തിലാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്.

2018 ഓഗസ്‌റ്റ് മാസം മുതൽ 2022 ഏപ്രിൽ മാസം വരെ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഇമ്രാൻ ഖാൻ, തന്റെ ഭരണകാലത്ത് തോഷഖാനയിൽ നിന്ന് കൈവശം വച്ച സമ്മാനങ്ങളുടെ വിശദാംശങ്ങൾ മനഃപൂർവം മറച്ചുവെച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഒരു ഗ്രാഫ് റിസ്‌റ്റ് വാച്ച്, ഒരു ജോഡി കഫ്‌ലിങ്ങുകള്‍, വിലകൂടിയ പേന, ഒരു മോതിരം, നാല് റോളക്‌സ് വാച്ചുകള്‍ എന്നിവയാണ് ഈ സമ്മാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്.

കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന സംഘടനയിലെ അംഗങ്ങളാണ് ഇമ്രാൻ ഖാനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും 2022 ഒക്ടോബർ 21ന്, സത്യസന്ധമല്ലാത്ത പെരുമാറ്റം, കെട്ടിച്ചമച്ച വിവരങ്ങൾ, തെറ്റായ പ്രഖ്യാപനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഖാനെ അഞ്ച് വർഷത്തേക്ക് പൊതു ഓഫീസിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്‌തിരുന്നു.

അതിനുശേഷം അഴിമതി ആരോപണത്തിൽ 2023 മെയ് 9ന് ഇമ്രാൻ ഖാൻ അറസ്‌റ്റിലായി. ഈ അറസ്‌റ്റിന് ശേഷം പാകിസ്ഥാനിലുടനീളം പ്രതിഷേധം ഉയർന്നു, ഇത് കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്‌തിരുന്നു. മൂന്ന് മാസങ്ങൾക്ക് ഇപ്പുറം ഓഗസ്‌റ്റ് 5നാണ് ഇസ്ലാമാബാദ് വിചാരണ കോടതി കേസിൽ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്ന് വർഷം തടവും 100,000 രൂപ പിഴയും വിധിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.