...
Home News Kerala ട്രോളുകൾ ഏറ്റുവാങ്ങിയത് വിജയനഗര സാമ്രാജ്യ കാലത്തെ പ്രശസ്‌തമായ ശില്പം

ട്രോളുകൾ ഏറ്റുവാങ്ങിയത് വിജയനഗര സാമ്രാജ്യ കാലത്തെ പ്രശസ്‌തമായ ശില്പം

ചിലപ്പോള്‍ കാമധേനു എന്ന രൂപം സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പശുരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം നിരീക്ഷിച്ചതിന്റെ ഫലമാവാം ഈ പരിഹാസത്തിന് പിന്നില്‍.

198

| ബിനുരാജ്

റിപബ്ലിക്ക് ദിന പരേഡില്‍ പെട്ടു പോയി എന്ന ഒറ്റക്കാരണത്താല്‍ ഏറെ ‘ട്രോള്‍’ ചെയ്യപ്പെട്ട ശില്‍പ്പമാണ് ചിത്രത്തില്‍. ഇത് എന്താണെന്നോ ഏതാണെന്നോ അന്വേഷിക്കാന്‍ മെനക്കെടാതെ ട്രോളര്‍മാര്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിന്റെ മുഖം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുഖം പോലെയാണ് എന്ന് വരെ പറ‍ഞ്ഞു കളഞ്ഞു. കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചത് കൊണ്ടാവണം ഇത് ഇത്രമേല്‍ ട്രോള്‍ ചെയ്യപ്പെട്ടത്.

കര്‍ണാടകത്തിലെ കൊപ്പല്‍ താലൂക്കിലെ കിന്നല്‍ ഗ്രാമത്തിലെ കലാകാരന്‍മാര്‍ നിര്‍മ്മിച്ചതാണ് കാമധേനുവിന്റെ ഈ പ്രതിമ. ഈ ഗ്രാമത്തില്‍ കാണപ്പെടുന്ന ഒരു വൃക്ഷത്തിലെ തടി ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. 15ാം നൂറ്റാണ്ട് വരെ പഴക്കം അവകാശപ്പെടുന്ന ഈ ബിംബ നിര്‍മ്മാണം വിജയനഗര സാമ്രാജ്യ കാലത്തും പിന്നീട് കൊപ്പാല്‍ നവാബുമാരുടെ ഭരണകാലത്തും പ്രസിദ്ധമായിരുന്നത്രെ. ഹംപിയിലെ പ്രസിദ്ധമായ രഥശില്‍പ്പം തീര്‍ത്തത് കിന്നല്‍ ശില്‍പ്പികളുടെ പൂര്‍വികരായിരുന്നത്രെ.

ഇന്ത്യന്‍ ശില്‍പകലാ പാരമ്പര്യത്തിന്റെ തദ്ദേശീയ ജനപ്രിയ (folk) മാതൃകകളില്‍ ഒന്നാണ് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം ശില്‍പ്പങ്ങള്‍. മനുഷ്യന്റെ തലയും മൃഗങ്ങളുടെ ഉടലുമുള്ളതോ ആയതും തിരിച്ചുമുള്ള രൂപങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ശില്‍പ്പങ്ങള്‍ ഇന്ത്യന്‍ ശില്‍പ്പകലയില്‍ ധാരാളമുണ്ട്. ഇവ പരിഹാസത്തിന് പാത്രവുമായിട്ടുണ്ട്.

പക്ഷേ ഇങ്ങനെ പരിഹസിക്കുന്ന പാശ്ചാത്യ നിരൂപകര്‍ ഗ്രീക്ക് മിഥോളജിയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയ ശില്‍പ്പങ്ങളെയും ഈജിപ്ത് , ബൈസാന്തിയന്‍ സംസ്കാരങ്ങളിലെ ചിത്രീകരണങ്ങളെയും വെറുതെ വിടുന്നത് എന്തു കൊണ്ടാണെന്ന് പ്രശസ്ത സാംസ്കാരിക നിരൂപകനായ ആനന്ദ കൂമാരസ്വാമി തന്റെ The Dance of Shiva എന്ന പുസ്തകത്തില്‍ ചോദിക്കുന്നുണ്ട്. കല, അത് ശില്‍പ്പകലയായാലും അതുണര്‍ത്തുന്ന വികാരങ്ങളെയും അതിന്റെ സൗന്ദര്യത്തെയും അടിസ്ഥാനമാക്കി കൂടി കാണേണ്ട ഒന്നാണെന്ന് കൂമാരസ്വാമി പറയുന്നു. നടരാജന്റെയും മഹിഷാസുരമര്‍ദ്ദിനിയുടെയും നരസിംഹത്തിന്റെയും രൂപങ്ങളെ അദ്ദേഹം പഠനവിധേയമാക്കുന്നുണ്ട്.

ചിലപ്പോള്‍ കാമധേനു എന്ന രൂപം സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പശുരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം നിരീക്ഷിച്ചതിന്റെ ഫലമാവാം ഈ പരിഹാസത്തിന് പിന്നില്‍. എല്ലാം രാഷ്ട്രീയത്തിന് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഒന്ന് മാത്രമാണ് ഇങ്ങനെ കിന്നല്‍ കലാകാരന്മ‍ാരെ കുറിച്ച് നമ്മള്‍ അറിയാതെ പോയതും.

പരേഡ് നടന്നപ്പോള്‍ ഇതിനെക്കാള്‍ ഭേദം ചെട്ടിക്കുളങ്ങര ഭരണിയുടെ കുതിരയെടുപ്പ് എന്നും ചിലര്‍ ട്രോളി. ജീവത എഴുന്നള്ളത്ത് ഓണാട്ടുകരയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനുമുണ്ട് അതിന്റേതായ ഒരു ചരിത്രം. ഇതൊന്നും ആരും പരസ്യമായി പറയാത്തത് സംഘിയാണെന്ന് ആരെങ്കിലും വിളിച്ചാലോ എന്ന് പേടിച്ചാവും. കൂമാരസ്വാമി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ പോലും സംഘിയാക്കിയേനേ, അല്ലെങ്കില്‍ സംഘപരിവാര്‍ തന്നെ അദ്ദേഹത്തെ ഹൈജാക്ക് ചെയ്തേനേ!

കേരളത്തിലെ ഒരു വിനോദ സ‍ഞ്ചാര കേന്ദ്രത്തില്‍ എത്തുന്ന സഞ്ചാരിക്ക് തന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് തോന്നിയാല്‍ എന്ത് വാങ്ങും? ഇത് കേരളത്തിലേതാണ് എന്ന് പറഞ്ഞ് കുട്ടികള്‍ക്ക് കൊടുക്കാനായി ആകെ വാങ്ങാന്‍ കഴിയുക നമ്മുടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും വ്യാപകമായി വില്‍ക്കപ്പെടുന്ന ചൈനീസ് നിര്‍മ്മിത പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ മാത്രമായിരിക്കും. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം ദൂരെയല്ല ഛന്നപട്ടണ എന്ന സ്ഥലം. ഇവിടെ തടിയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ധാരാളം കടകളുണ്ട്. ഛന്നപ്പട്ടണ കളിപ്പാട്ടങ്ങള്‍ വളരെ പ്രസിദ്ധമാണ്. അത് പോലെയാണ് കിന്നല്‍ ശില്‍പ്പങ്ങളും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.