...
Home News National ട്വിറ്റർ അക്കൗണ്ട് നിരീക്ഷണം; കേന്ദ്രസർക്കാർ നുണപറയുന്നു

ട്വിറ്റർ അക്കൗണ്ട് നിരീക്ഷണം; കേന്ദ്രസർക്കാർ നുണപറയുന്നു

2020ല്‍ മാത്രം 9724 അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യാനോ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാനോ ഉള്ള നിര്‍ദ്ദേശം മോദി ഗവണ്‍മെന്റ് നല്‍കിയതായി അറിയുന്നു.

158

| കെ സഹദേവൻ

ചില സവിശേഷ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനും സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നുവെന്ന ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേയുടെ ആരോപണത്തെ തുടര്‍ന്ന് ആ ആരോപണങ്ങള്‍ നുണകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുകയുണ്ടായി.

എന്നാല്‍ ട്വിറ്റര്‍ കമ്പനിയുടെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പ്രതികരണം തെറ്റാണെന്ന് വസ്തുതാപരമായി തെളിയിക്കുന്നു. 2019 ജനുവരി മുതല്‍ ഡിസമ്പര്‍ വരെയുള്ള കാലയളവില്‍ 1057ഓളം അക്കൗണ്ടുകളുടെ യൂസര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി രേഖകള്‍ തെളിയിക്കുന്നു.

2020 ജനുവരി മുതല്‍ ഡിസമ്പര്‍ വരെയുള്ള കാലയളവിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട 5830 അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും മോദി ഗവണ്‍മെന്റ് ആവശ്യപ്പെട്ടതായി അറിയുന്നു. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മൊത്തത്തില്‍ 13878 അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ആഗോളതലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ഉയര്‍ന്നത് ഇന്ത്യയില്‍ നിന്നാണെന്ന് (19%) കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020ല്‍ മാത്രം 9724 അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യാനോ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാനോ ഉള്ള നിര്‍ദ്ദേശം മോദി ഗവണ്‍മെന്റ് നല്‍കിയതായി അറിയുന്നു. ഇതില്‍ കേവലം 19എണ്ണം മാത്രമേ കോടതി ഉത്തരവുമായി ബന്ധപ്പെട്ടതായുള്ളൂ. ബാക്കിയെല്ലാം സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവായിരുന്നു.

2021ല്‍ 8863 അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 32 എണ്ണം മാത്രമായിരുന്നു കോടതി ഉത്തരവുമായി ബന്ധപ്പെട്ടത്. ഈ രിതിയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനും മരവിപ്പിക്കാനും ഉത്തരവിട്ട രാജ്യങ്ങളില്‍ ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാമത്തേത് റഷ്യയും(17%( മൂന്നാമത് തുര്‍ക്കി(16%(യുമാണ്. തൊട്ടയല്‍ രാജ്യമായ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന് (1%) ട്വിറ്റര്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പറയുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട് : സാകേത് ഗോഖലെ)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.