ലോകത്തിലെ ഏറ്റവും ശക്തമായ ലേസർ നിർമ്മിക്കാൻ യുകെ ഒരുങ്ങുകയാണ്. ഇത് സൂര്യനെക്കാൾ ഒരു “മില്യൺ, ബില്യൺ, ബില്യൺ” മടങ്ങ് പ്രകാശമുള്ളതാണെന്ന് പറയപ്പെടുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്തു. യുകെ സയൻസ് ആൻഡ് ടെക്‌നോളജി ഫെസിലിറ്റീസ് കൗൺസിലിന് (എസ്‌ടിഎഫ്‌സി) അതിന്റെ വൾക്കൻ സിസ്റ്റം നവീകരിക്കുന്നതിന് 85 ദശലക്ഷം പൗണ്ടിന്റെ ഫണ്ടിംഗ് അനുവദിച്ചു, ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ലേസർ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്.
ഓക്‌സ്‌ഫോർഡ്‌ഷെയറിലെ സയൻസ് ആൻഡ് ടെക്‌നോളജി ഫെസിലിറ്റീസ് കൗൺസിൽ (എസ്‌ടിഎഫ്‌സി) സെൻട്രൽ ലേസർ ഫെസിലിറ്റിയിൽ (സിഎൽഎഫ്) നിർമിക്കുന്ന വൾക്കൻ 20-20 എന്നറിയപ്പെടുന്ന ഉപകരണം, ശാസ്‌ത്രീയ ഗവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും കാൻസർ ചികിത്സ, ശുദ്ധ ഊർജം പോലുള്ള മേഖലകളിൽ പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
20 കിലോജൂൾസ് (കെജെ) വരെ ഉൽപ്പാദനമുള്ള എട്ട് ഹൈ-എനർജി ബീമുകൾക്കൊപ്പം 20 പെറ്റാവാട്ട് (പിഡബ്ല്യു) ഊർജ്ജ ഉൽപ്പാദനമുള്ള ഒരു പ്രധാന ലേസർ ബീം സൃഷ്ടിക്കുമെന്നതിനാലാണ് ഇതിന് അങ്ങനെ പേര് നൽകിയിരിക്കുന്നത്. ”ഇത് ശക്തിയിൽ 20 മടങ്ങ് വർദ്ധനവാണ്, ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ലേസർ ആക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ലേസറിൽ നിന്നുള്ള ഒരൊറ്റ പൾസ് മുഴുവൻ നാഷണൽ ഗ്രിഡിനേക്കാളും കൂടുതൽ ഊർജ്ജം നൽകും,” ഫണ്ടിംഗ് ബോഡി യുകെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ പറഞ്ഞു.
നിലവിൽ, CLF ലെ ഏറ്റവും ശക്തമായ ലേസർ വൾക്കൻ ലേസർ ആണ്. ഇതിന് വിപുലമായ ഉപയോഗങ്ങളുണ്ട്. പ്രത്യേകിച്ച് പ്ലാസ്മ ഭൗതികശാസ്ത്രത്തിൽ. എന്നിരുന്നാലും, പുതിയ വൾക്കൻ ലേസർ അതിന്റെ മുൻഗാമിയേക്കാൾ 100 മടങ്ങ് തെളിച്ചമുള്ളതും സഹാറ മരുഭൂമിയിലെ ഏറ്റവും തിളക്കമുള്ള സൂര്യപ്രകാശത്തേക്കാൾ കൂടുതൽ തിളക്കമുള്ളതുമായിരിക്കും.
“ലോകത്തിലെ ഏറ്റവും ശക്തമായ ലേസറിന്റെ ആസ്ഥാനമായി ബ്രിട്ടനെ പുനഃസ്ഥാപിക്കുന്നത് ജ്യോതിശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പര്യവേക്ഷണം ചെയ്യപ്പെടാത്തതും നമ്മുടെ ഗ്രഹത്തിന്റെ നന്മയ്ക്കായി പുതിയ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള കുതിപ്പിനുമുള്ള ആവേശകരമായ അവസരമാണ്,” ശാസ്ത്ര മന്ത്രി ജോർജ്ജ് ഫ്രീമാൻ പറഞ്ഞു. 2029-ഓടെ പദ്ധതി പൂർത്തിയാകുമെന്നും ശാസ്ത്രജ്ഞർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
”ഞങ്ങളുടെ ഗവേഷണ സമൂഹത്തിന് നിർണായകമായ ശാസ്ത്ര കണ്ടെത്തലുകളിൽ മുൻതൂക്കം നൽകുന്നതിനായി 85 മില്യൺ പൗണ്ട് നിക്ഷേപിക്കുന്നതിലൂടെ, യുകെ ശാസ്ത്രമേഖലയെ ഉത്തേജിപ്പിക്കുകയും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും ചെയ്യുന്ന ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ഉയർന്ന വൈദഗ്ധ്യമുള്ള നൂറുകണക്കിന് ജോലികൾ ഞങ്ങൾ നൽകുന്നുണ്ട്,” ഫ്രീമാൻ കൂട്ടിച്ചേർത്തു.



