...
Home Entertainments സമാനതകളില്ലാത്ത അഭിനയകാലത്തിൻ്റെ ദീപ്തമായ സാക്ഷ്യം; പാദമുദ്ര- 36 വർഷങ്ങൾ

സമാനതകളില്ലാത്ത അഭിനയകാലത്തിൻ്റെ ദീപ്തമായ സാക്ഷ്യം; പാദമുദ്ര- 36 വർഷങ്ങൾ

'വിൻ്റേജ് മോഹൻലാൽ' എന്ന പ്രയോഗത്തെ ശരിവയ്ക്കുന്ന, 80-കളുടെ രണ്ടാംപകുതി മുതൽ 90-കളുടെ രണ്ടാം പകുതിയുടെ അവസാനഘട്ടം വരെ നിലനിന്ന മികവിൻ്റെ ആ സമാനതകളില്ലാത്ത അഭിനയകാലത്തിൻ്റെ ദീപ്തമായ സാക്ഷ്യവും അനുഭവവുമാകുന്നു പാദമുദ്ര.

277

| പിജി പ്രേംലാൽ

മലയാളത്തിലുണ്ടായിട്ടുള്ള പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് R.സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര ! സമാനതകളില്ലാത്ത മാനസികസംഘർഷങ്ങളിലൂടെയും ആത്മനിന്ദകളിലൂടെയും കടന്നുപോകുന്ന കഥാപാത്രങ്ങളാണ് സിനിമയെ ഏറെ ശ്രദ്ധേയമാക്കുന്നത്.

ആസക്തിയുടെ ഉടലാനന്ദങ്ങളിൽ അലയുകയും ആഘോഷിക്കുകയും ചെയ്ത മാതു പണ്ടാരം. കൂടെ കൊണ്ടുനടക്കുന്ന ഓച്ചിറക്കാള അയാൾക്ക് സ്ത്രീശരീരങ്ങളുടെ തുറന്ന മുറ്റങ്ങളിലേയ്ക്ക് കയറിച്ചെല്ലാനുള്ള ആത്മീയതയുടെ കാപട്യം മാത്രം. പിന്നീട് മറ്റൊരു ഘട്ടത്തിൽ കാളയെ വിട്ട് പപ്പടക്കുട്ട തോളിലേന്തുമ്പോഴും കാമനകളുടെ വേലികൾ താണ്ടിയാണ് അയാളുടെ സഞ്ചാരം.

അങ്ങനെയൊരാളുടെ അവിഹിതസന്തതിയായി പിറന്ന, നാടിനാലും നാട്ടാരാലും അപഹസിക്കപ്പെട്ടു കഴിയുന്ന, മലമുകളിൽ നിന്ന് പിതാവിൻ്റെ വചനം ഘോഷിക്കുന്ന സുവിശേഷകനു നേരെ ആക്രോശങ്ങളുതിർത്ത് ആക്രമിക്കാനൊരുങ്ങുന്ന സോപ്പു കുട്ടപ്പൻ! സ്വന്തം മകനെ നേർക്കുനേരെ നിന്ന് ഒന്നു നോക്കാൻ പോലും ധൈര്യമില്ലാതെ വാതിൽപ്പഴുതിലൂടെയും ജനാലപ്പാളികൾക്കിടയിലൂടെയും ഒളിഞ്ഞുനോക്കേണ്ട ഗതികേടുമായി പാപബോധത്താൽ ഉരുകുന്ന അമ്മ (സീമ), മാതുപണ്ടാരത്തിൻ്റെ കണ്ണാടിരൂപം പോലെയുള്ള, തൻ്റെ (ഭാര്യയുടെ) മകൻ തൻ്റെ വീടിനുള്ളിൽ വളർന്നുമുതിരുന്നതിന് സാക്ഷിയായി നിൽക്കേണ്ടി വരുന്ന വളർത്തച്ഛൻ (നെടുമുടി വേണു)

മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും വ്യത്യസ്ത മാനസിക-വൈകാരികതലങ്ങളെ സ്ഥായിയായി നിലനിർത്തേണ്ട രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളായി മോഹൻലാൽ എന്ന നടൻ നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു പാദമുദ്രയുടെ ഏറ്റവും പ്രധാന സവിശേഷത.

‘വിൻ്റേജ് മോഹൻലാൽ’ എന്ന പ്രയോഗത്തെ ശരിവയ്ക്കുന്ന, 80-കളുടെ രണ്ടാംപകുതി മുതൽ 90-കളുടെ രണ്ടാം പകുതിയുടെ അവസാനഘട്ടം വരെ നിലനിന്ന മികവിൻ്റെ ആ സമാനതകളില്ലാത്ത അഭിനയകാലത്തിൻ്റെ ദീപ്തമായ സാക്ഷ്യവും അനുഭവവുമാകുന്നു പാദമുദ്ര. വിദ്യാധരൻ മാഷുടെ ഗാനങ്ങളും ജോൺസൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കി. പാദമുദ്ര … 36 വർഷങ്ങൾ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.