വിമാനത്താവളത്തിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. അനുവാദമില്ലാതെ ചിത്രങ്ങളെടുക്കുകയും അസഭ്യം പറയുകയും ചെയ്ത ചിലരുടെ പെരുമാറ്റം മാനസികമായി ഏറെ വിഷമിപ്പിച്ചെന്ന് താരം അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തി.
വിമാനത്താവളത്തിൽ ലഗേജിനായി ഒറ്റയ്ക്ക് കാത്തുനിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് അനുപമ പറഞ്ഞു. ആദ്യം സംസാരിക്കാൻ സമീപിച്ച ചിലർ പിന്നീട് അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാൻ തുടങ്ങി. പിന്നാലെ ആളുകൾ തന്നെ വളയുകയും ഫോട്ടോയെടുക്കുന്നതിനിടെ സ്പർശിക്കുകയും ചെയ്തതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായെന്നും താരം വിശദീകരിച്ചു.
ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ വ്യക്തിപരമായ അതിരുകൾ എല്ലാവരും മാനിക്കണമെന്നും അനുപമ വ്യക്തമാക്കി. ഒരാൾ എവിടെ സ്പർശിക്കുമെന്നോ എങ്ങനെ പെരുമാറുമെന്നോ അറിയാത്ത സാഹചര്യം ഭയപ്പെടുത്തുന്നതാണ്. സിനിമാതാരങ്ങൾ മാത്രമല്ല, സാധാരണ സ്ത്രീകളും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ടെന്നും അവരുടെ ധൈര്യത്തെ മാനിക്കണമെന്നും താരം കൂട്ടിച്ചേർത്തു.


