Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
നൂലിന് ചരിത്രത്തിലില്ലാത്ത വിലവർദ്ധനവ്; സമരവുമായി തിരുപ്പൂരിലെ വസ്ത്ര നിർമ്മാതാക്കൾ | Nalamidam
20 September 2026
Home News National നൂലിന് ചരിത്രത്തിലില്ലാത്ത വിലവർദ്ധനവ്; സമരവുമായി തിരുപ്പൂരിലെ വസ്ത്ര നിർമ്മാതാക്കൾ

നൂലിന് ചരിത്രത്തിലില്ലാത്ത വിലവർദ്ധനവ്; സമരവുമായി തിരുപ്പൂരിലെ വസ്ത്ര നിർമ്മാതാക്കൾ

കഴിഞ്ഞ ആഴ്ചയിൽ, രണ്ടു ദിവസങ്ങളിലായി വ്യാപാരികളും നിർമാതാക്കളും സൂചനാ സമരം നടത്തിയിരുന്നു. പക്ഷെ അതിലും നടപടിയുണ്ടായില്ല.

125

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നൂൽവില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വസ്ത്ര നിർമാതാക്കൾ വീണ്ടും സമരം തുടങ്ങി. കഴിഞ്ഞ ആഴ്ചയിൽ മാത്രം രണ്ടു ദിവസത്തെ സമരം നടത്തിയിരുന്നെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ചത്തെ സമരം ആരംഭിച്ചത്.

സമരത്തിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം, ചരിത്രത്തിലില്ലാത്ത വിലവർധനവാണ് നൂലിനിപ്പോൾ. ഒരു കിലോ നൂലിന്റെ വില, കഴിഞ്ഞ മാസം മാത്രം നാൽപത് രൂപ വർധിച്ച് 470 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ, രണ്ടു ദിവസങ്ങളിലായി വ്യാപാരികളും നിർമാതാക്കളും സൂചനാ സമരം നടത്തിയിരുന്നു. പക്ഷെ അതിലും നടപടിയുണ്ടായില്ല.

ഈ സമരത്തിന്റെ പിന്നാലെ, തമിഴ്നാട്ടിലെ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെയും ടെക്സ്റ്റൈൽ മന്ത്രി പിയൂഷ് ഗോയലിനെയും കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇടപെടൽ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ ജൂൺ 5 വരെ വസ്ത്ര നിർമാതാക്കൾ പണിമുടക്ക് സമരം ആരംഭിച്ചത്.

പരുത്തിയുടെയും നൂലിന്റെയും കയറ്റുമതി നിർത്തുക, ഇറക്കുമതി തീരുവ അവസാനിപ്പിയ്ക്കുക, പരുത്തിയും നൂലും അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ പ്രധാനമായും ഉന്നയിക്കുന്നത്.

വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് നേരത്തെ കത്തെഴുതിയിരുന്നു. ഈറോഡ്, കരൂർ മേഖലകളിലും വസ്ത്ര നിർമാതാക്കൾ സമരം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ സമരത്തിലൂടെ മാത്രം ശരാശരി 360 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്.