...
Home News International യുഎസ്എസ്ആർ ചെർണ്ണോബൈൽ അപകടം ലോകത്തിന് മുന്നിൽ മറച്ചുവെക്കുകയായിരുന്നു

യുഎസ്എസ്ആർ ചെർണ്ണോബൈൽ അപകടം ലോകത്തിന് മുന്നിൽ മറച്ചുവെക്കുകയായിരുന്നു

പ്രവർത്തനം നിർത്തിവെച്ചാൽപ്പോലും അപകട സാധ്യത പതിറ്റാണ്ടുകളോളം നിലനിൽക്കുന്ന ആണവ നിലയങ്ങളിലേക്കുള്ള സൈനിക വിന്യാസം മനുഷ്യത്വ വിരുദ്ധവും ശക്തമായി അപലപിക്കപ്പെടേണ്ട സംഗതിയുമാണ്

253

| കെ സഹദേവൻ

ഉക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന് ശേഷം (ഉപേക്ഷിക്കപ്പെട്ട ) ചെർണോബൈൽ ന്യൂക്ലിയർ കോംപ്ലക്സിൻ്റെ എക്സ്ക്ലുസീവ് സോണിൽ സാധാരണയിൽ നിന്ന് ഭിന്നമായി റേഡിയേഷൻ തോത് 20 മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ടുകൾ. റഷ്യൻ സൈനികർ ചെർണോബൈൽ ആണവ നിലയാധികൃതരെ ബന്ദികളാക്കിയെന്ന് അന്നാ കോവലെങ്കോ എഫ് ബി കുറിപ്പിലൂടെ ലോകത്തെ അറിയിക്കുന്നു.

രണ്ട് ദിവസത്തോളമായി ബന്ദികളാക്കപ്പെട്ട സ്റ്റാഫുകൾക്കിടയിൽ ഡ്യൂട്ടി ഷിഫ്റ്റ് സംബന്ധിച്ച ഉൽക്കണ്ഠ വർദ്ധിക്കുകയാണ്. മൂന്നര പതിറ്റാണ്ട് കാലം മുന്നെ നടന്ന അപകടത്തിന് ശേഷം അടച്ചു പൂട്ടപ്പെട്ട ചെർണ്ണോബൈൽ ആണവ നിലയ കോംപ്ലക്സ് ഇന്നും വർദ്ധിത വീര്യമുള്ള ആണവ ബോംബുകൾ പോലെ മാനവരാശിക്ക് ഭീഷണിയായി നില നിൽക്കുകയാണ്. ഈ നിലയത്തെ ഇനിയും എത്രയോ കാലം സുരക്ഷിതമായി നിലനിർത്തേണ്ടതുണ്ട്. അതിനാവശ്യമായ വൈദ്യുതി, വെള്ളം, പണം, മനുഷ്യാധ്വാനം എന്നിവ ഇനിയും ഏറെ പതിറ്റാണ്ടുകാലം തുടർച്ചയായി നൽകിക്കൊണ്ടേയിരിക്കണം.

അത്തരമൊരു അപകടകരമായ സാങ്കേതിക വിദ്യാ മേഖലയിലേക്ക് സാധാരണ സൈനികർ ഇരച്ചുകയറുന്നതും നിലയാധികൃതരെ ബന്ദികളാക്കുന്നതും വിവേകശൂന്യമായ നടപടിയാണ്. 1986 ഏപ്രിൽ 26ന്, അന്നത്തെ USSRൽ, ചെർണോബൈൽ ആണവ നിലയം പൊട്ടിത്തെറിച്ചത് ലോകമറിഞ്ഞത്, ‘ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ‘ ആയ റഷ്യ അറിയിച്ചതിനെത്തുടർന്നായിരുന്നില്ല. മറിച്ച്, സ്വീഡനിലെ റേഡിയേഷൻ മോണിറ്ററിൽ അസാധാരണ നിലയിൽ വികിരണത്തോത് ഉയർന്നത് സംബന്ധിച്ച അന്വേഷണത്തിലൂടെ മാത്രമായിരുന്നു.

ആഗോള മാനവികതയോട് ഉത്തരവാദിത്തം കാട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സോവിയറ്റ് സോഷ്യലിസ്റ്റ് റഷ്യ, ചെർണ്ണോബൈൽ അപകടം ലോകത്തിന് മുന്നിൽ മറച്ചുവെക്കുകയായിരുന്നു. ചെർണ്ണോബൈൽ അപകടത്തെക്കുറിച്ച് അധികാരികളെ അറിയിക്കാൻ ശ്രമിച്ച സ്റ്റേഷൻ സ്റ്റാഫ് ആയിരുന്ന സാഷാ യുവ് ചെങ്കോ, അനറ്റോലി ദ്യാൽതലോവ് എന്നിവരുടെ പിൽക്കാല ജീവിതം മനുഷ്യത്യ വിരുദ്ധമായ ഒരു സാങ്കേതിക വിദ്യയുടെ അപ്രമാദിത്തം നിലനിർത്തുന്നതിന് ഒരു അഥോറിറ്റേറിയൻ ഭരണകൂടം എന്തൊക്കെ ചെയ്തു കൂട്ടാം എന്നതിന് ഉദാഹരണങ്ങളാണ്.

പ്രവർത്തനം നിർത്തിവെച്ചാൽപ്പോലും അപകട സാധ്യത പതിറ്റാണ്ടുകളോളം നിലനിൽക്കുന്ന ആണവ നിലയങ്ങളിലേക്കുള്ള സൈനിക വിന്യാസം മനുഷ്യത്വ വിരുദ്ധവും ശക്തമായി അപലപിക്കപ്പെടേണ്ട സംഗതിയുമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.