അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദയിൽ പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.
കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ആദരവോടെ സ്വീകരിച്ച്, അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെയാണ്. വാക്കുകളിൽ എവിടെയോ ഇന്നത്തെ നേതൃത്വത്തിന് ഒരു കൊട്ടുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ഇത് ഗൗരവപരമായി എടുക്കേണ്ട വിഷയമാണ്. വിമർശനങ്ങളോട് മുഖം തിരിക്കുകയല്ല വേണ്ടത്. വിമർശനത്തെ സ്വീകരിച്ച് തിരുത്തുന്ന നിലപാട് സ്വീകരിക്കണമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്.
തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല, പ്രസംഗം വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലയെന്ന് എം.ടി. വാസുദേവൻ നായർ തന്നെ തിരുത്തുമ്പോഴും എം.ടി.യുടെ കഴമ്പുള്ള വാക്കുകൾ ഓരോ ജനപ്രതിനിധികളും മനസിൽ സൂക്ഷിക്കുകതന്നെ വേണം.



