...
Home News Kerala വന്ദേഭാരത് എഫക്ട്; മറ്റ് ട്രെയിനുകൾ പെരുവഴിയിൽ, ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാർ

വന്ദേഭാരത് എഫക്ട്; മറ്റ് ട്രെയിനുകൾ പെരുവഴിയിൽ, ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാർ

വന്ദേഭാരത് ആണെങ്കിലും കെ-റെയിൽ വന്നാലും സാധാരക്കാർ കൂടുതലും ഉപയോഗിക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള യാത്ര സംവിധാനങ്ങളാണ്.

143

കേരളത്തിൽ വന്ദേഭാരത് വന്ന സമയത്ത് ഉണ്ടായിരുന്ന ആഘോഷം ഇപ്പോഴില്ല. വന്ദേഭാരത് കടന്നുപോകുന്നതിന് മറ്റ് ട്രെയിനുകളെ പിടിച്ചിടുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് ഇപ്പോൾ റെയിൽവേയുടെ ഭാഗത്ത്‌ നിന്നുള്ളത്. രോഗികൾ, ജോലിക്കാർ, വിദ്യാർത്ഥികൾ, ദീർഘദൂര യാത്രക്കാർ തുടങ്ങി ഒട്ടനവധി ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് ട്രെയിൻ. അവിടെ തന്നെ ജനങ്ങളെ ദുരിതത്തിലാക്കുകയാണിപ്പോൾ.

ഉത്സവകാലത്ത് ട്രെയിൻ ഗതാഗതത്തിൽ ഉണ്ടാകുന്ന തിരക്ക് പുതിയ സംഭവമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചും നിരവധി ആളുകൾ ഈ സമയത്ത് യാത്ര ചെയ്യും. സ്ലീപ്പർ ടിക്കറ്റുകൾ ഇല്ലാതെ വരുമ്പോൾ ജനറൽ കമ്പർട്ടുമെന്റിലും തിരക്ക് കൂടും. പുതിയ ട്രെയിനുകൾ അനുവദിച്ചാലും സ്ഥിതിയിൽ മാറ്റം ഉണ്ടാകാറില്ല. ഇത്തവണ പൂജ അവധിക്കും സംഭവിച്ചത് ഇത് തന്നെയാണ്. അതിനോടൊപ്പം വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിട്ടപ്പോൾ യാത്രദുരിതം കൂടി.

ശ്വാസം വിടാൻ പോലും കഴിയാതെ ആളുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. എപ്പോഴും ഇത്തരം ദുരിതങ്ങൾ ഉണ്ടായിട്ടും റെയിൽവേ കാര്യമായ നടപടി എടുത്തിട്ടില്ല. കെ-റെയിൽ വന്നിരുന്നെങ്കിൽ കുറച്ച് ആശ്വാസം കിട്ടുമെന്ന് ഇതിനിടയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവരുമുണ്ട്. വന്ദേഭാരത് ആണെങ്കിലും കെ-റെയിൽ വന്നാലും സാധാരക്കാർ കൂടുതലും ഉപയോഗിക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള യാത്ര സംവിധാനങ്ങളാണ്.

ആളുകളുടെ യാത്ര സുഗമമാക്കാൻ അടിയന്തരമായി റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുകയാണ് ചെയ്യേണ്ടത്. വന്ദേഭാരത്തിന് പോകണം എന്നുള്ളത് പോലെ തന്നെ മറ്റ് ട്രെയിനിലെ യാത്രക്കാർക്കും ലക്ഷ്യസ്ഥാനത്ത് എത്തണം. പലപ്പോഴും സമയം പാലിക്കാതെയാണ് പല ട്രെയിനുകളും ഓടുന്നത്, അതിന്റെ കൂടെയാണ് കൂനിന്മേൽ കുരു എന്നത് പോലെയുള്ള ഇപ്പോളത്തെ പരിഷ്കരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.