...
Home News Kerala വിസ്മയ കേസ്; കിരൺ കുമാറിനെ ശിക്ഷിച്ച വിധിയിൽ തീരേണ്ടതല്ല ചർച്ചകൾ

വിസ്മയ കേസ്; കിരൺ കുമാറിനെ ശിക്ഷിച്ച വിധിയിൽ തീരേണ്ടതല്ല ചർച്ചകൾ

വിസ്മയയുടെ അച്ഛന്റെ ശബ്ദം കേട്ടിട്ട് ഞെട്ടിയവരോട് പറയാനുള്ളത് അയാൾ ഈ സമൂഹത്തിന്റെ പ്രതീകമാണ്. നമുക്കിടയിലെ ബഹുഭൂരിപക്ഷം അച്ചന്മാരും അങ്ങനെയാണ്, അമ്മമാരും അത് തന്നെ.

212

| കാർത്തിക് ശശി

വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് കിരൺ കുമാർ എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അയാൾ ഉപരി കോടതികളിൽ എവിടെ നിന്നെങ്കിലും ഊരി പോരുമായിരിക്കും, അതല്ലെങ്കിൽ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷാ വിധി കൊണ്ട് വിസ്മയയ്ക്ക് നീതി കിട്ടുമോ എന്നറിയില്ല. ആ കുട്ടിക്ക് അല്ലാതെ വേറെ ഒരാളും ആ വിഷയത്തിൽ നീതിക്ക് അർഹരുമല്ല. പക്ഷേ അയാൾ ശിക്ഷിക്കപ്പെടുന്നത് നീതി ന്യായ വ്യവസ്ഥയിൽ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും. ഒപ്പം പലർക്കും അത് മുന്നറിയിപ്പും ആകും. എന്നാൽ അവിടെ തീരേണ്ടതാണോ ഈ ചർച്ചകൾ.

ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോയ ഒത്തിരി വിസ്മയമാർ ഉണ്ട്. പലരും വിസ്മയ അനുഭവിച്ചതിനേക്കാൾ അനുഭവിച്ച് കൊണ്ട് ജീവിക്കുന്നു. എനിക്കും, നിങ്ങൾക്കും ഇടയിൽ കൂടി ഒത്തിരി കിരൺ കുമാരുമാർ സുഖമായി നടന്ന് നീങ്ങുന്നുണ്ട്. അവരിൽ ചിലരൊക്കെ ഇന്നും പോസ്റ്റുകൾ കൊണ്ടും. കമന്റുകൾ കൊണ്ടും വിസ്മയയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടാകും. ആ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. അല്ലാതെ ഇവിടെ തീരേണ്ടതല്ല ചർച്ചകൾ.

സ്ത്രീ ധന സമ്പ്രദായം എന്ന നാറിയ സംവിധാനത്തിൽ നിന്നും നമുക്ക് മാറി നടക്കാൻ കഴിയണം. അവരവരുടെ ജീവിതത്തിൽ എങ്കിലും അത് പ്രാവർത്തികമാക്കണം. അയലത്തവർ കൊടുത്തത് നമ്മൾ കൊടുത്തില്ലേൽ നമ്മൾ ചെറുതാകും എന്ന ദുരഭിമാനം രക്ഷിതാക്കൾ ഉപേക്ഷിക്കണം. ഒരു മകൾ ഉണ്ടായാൽ അവളുടെ വിവാഹമാണ് അവളുടെ എല്ലാ സ്വപ്നങ്ങൾക്കും മേലുള്ള കാര്യം എന്ന ധാരണ തിരുത്തണം. അടിയും, തൊഴിയും, അവഹേളനവുമേറ്റ് ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ് തങ്ങളുടെ മകൾ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കണം എന്ന അധഃപതിച്ച ചിന്തയിൽ നിന്നും രക്ഷകർത്താക്കൾ മാറണം.

വിസ്മയയുടെ അച്ഛന്റെ ശബ്ദം കേട്ടിട്ട് ഞെട്ടിയവരോട് പറയാനുള്ളത് അയാൾ ഈ സമൂഹത്തിന്റെ പ്രതീകമാണ്. നമുക്കിടയിലെ ബഹുഭൂരിപക്ഷം അച്ചന്മാരും അങ്ങനെയാണ്, അമ്മമാരും അത് തന്നെ. അത് കൊണ്ട് മാറ്റം എല്ലായിടത്തും ഉണ്ടാകണം. രണ്ട് ദിവസം പെൺകുട്ടിവീട്ടിൽ നിന്നാൽ അപാകത തോന്നുന്ന നമ്മുടെ സമൂഹം കൂടി ഇത്തരം കൊലപാതകങ്ങൾക്ക് കാരണക്കാരാണ് എന്ന് തിരിച്ചറിയണം.

സമൂഹത്തിലെ യാഥാർഥ്യങ്ങളെ കാണാതെ സ്ത്രീധനത്തിനും, വിസ്മയയുടെ അച്ഛൻ, അമ്മമാർക്കും പേരിന് കിരൺ കുമാറിനും എതിരെ പോസ്റ്റ് ഇട്ട് ഇന്നുറങ്ങി എഴുന്നേൽക്കുമ്പോൾ തീരുന്നതാണ് ഈ പ്രശ്നം എന്ന ധാരണ നമ്മൾ മാറ്റണം. നിരന്തരമായ ചർച്ചകളിലൂടെ, സംവാദങ്ങളിലൂടെ സാമൂഹ്യ മാറ്റങ്ങളിലേക്ക് എത്തേണ്ട ഒരു സങ്കീർണമായ വിഷയമായി തന്നെ ഇതിനെ കാണണം. വിസ്മയമാർ മാത്രമല്ല, കിരൺ കുമാറുമാരും ഉണ്ടാകാതെ ഇരിക്കണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.