...
Home News International ടൂറിസം ശല്യമാണെന്ന് ഗ്രാമവാസികൾ; സഞ്ചരികൾ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നു

ടൂറിസം ശല്യമാണെന്ന് ഗ്രാമവാസികൾ; സഞ്ചരികൾ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നു

357

വിദേശനാണ്യം നേടാനായി കേരളം അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ടൂറിസം മേഖലയെ കൂടുതലായി ആശ്രയിക്കാറുണ്ട്. കേരളം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെ ബസുകളില്‍ പോലും പരസ്യം നല്‍കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി നേരെ തിരിച്ചാണ്. പല നഗരങ്ങളും ഇന്ന് ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഈ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നത് സ്പെയിനിലെ പ്രശസ്തമായ മെനോർക്ക ഗ്രാമമായ ബിനിബെക്ക വെൽ ആണ്. ഗ്രാമത്തിലേക്കുള്ള എല്ലാം വിനോദസഞ്ചാരികളെയും നിരോധിക്കണം എന്നാണ് ബിനിബെക്കയുടെ ആവശ്യം.

ഇപ്പോൾ പകല്‍ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ഗ്രാമത്തിലേക്ക് സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. ഈ സമയത്ത് ഗ്രാമത്തിലെ പ്രഭാത ഭക്ഷണവും മൂന്ന് ബലേറിക് ദ്വീപുകളുടെ ശാന്തമായ തീരത്തു കൂടി യാത്രയും സാധ്യമാണ്. ഈ വേനൽക്കാലത്ത് മെനോർക്കയിൽ ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഇനി മുതല്‍ അതൊന്നും വേണ്ടെന്നാണ് ഗ്രാമവാസികളുടെ തീരുമാനം. മത്സ്യബന്ധന ഗ്രാമമാണ് ബിനിബെക്ക വെൽ. വിനോദ സഞ്ചാരികളില്‍ നിന്ന് തങ്ങള്‍ക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നാണ് മത്സ്യബന്ധന തൊഴിലാളികളുടെ പരാതി. ചില വിനോദ സഞ്ചാരികള്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നു. മറ്റ് ചിലര്‍ നേരെ ബാല്‍ക്കണിയിലേക്ക് പോകുന്നു. വീട്ടുടമകളോട് അനുവാദമൊന്നും ചോദിക്കാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത്. പരാതി രൂക്ഷമായപ്പോഴാണ് രാവിലെ 11 നും രാത്രി 8 നും ഇടയിൽ വിനോദ സഞ്ചാരികള്‍ക്കായി സമയം പരിമിധപ്പെടുത്തിയത്.

വേനൽക്കാലത്ത് ദ്വീപുകളിലേക്ക് എത്തുന്ന ബ്രീട്ടീഷുകാരായ വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കാനാണ് ഗ്രാമവാസികളുടെ ശ്രമം. മെനോർക്ക, വളരെ ചെറിയൊരു ദ്വീപാണ്. സ്പെയിനിന് കീഴിലുള്ള മെഡിറ്ററേനിയൻ കടലിലെ ബലേറിക് ദ്വീപുകളിൽ ഒന്നാണ് ഇത്. മെനോർക്ക എന്ന പേര് തന്നെ ദ്വീപിന്‍റെ വലുപ്പത്തില്‍ നിന്നാണ് ഉണ്ടായത്. മെഗാലിത്തിക് ശിലാ സ്മാരകങ്ങളുടെ ശേഖരത്തിന് പേരുകേട്ടതാണ് ഈ ദ്വീപ്. ചരിത്രാതീതകാലത്തെ മനുഷ്യ പ്രവർത്തനങ്ങളുടെ ചില അവശിഷ്ടങ്ങളും ഇവിടെ ദൃശ്യമാണ്. അതേസമയം പ്രസന്നമായ കാലാവസ്ഥയും ശാന്തസുന്ദരമായ തീരവും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. പക്ഷേ അത് തദ്ദേശീയരെ ശല്യം ചെയ്യാനാണെങ്കില്‍ നടക്കില്ലെന്ന് തന്നെയാണ് ബിനിബെക്ക വെൽ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.