...
Home News Kerala ദിലീപിനും അലൻസിയർക്കും സിദ്ദിഖിനുമൊക്കെയെതിരെയെടുത്ത നിലപാടുകൾ വിനായകനു വേണ്ടി മാറ്റിവെയ്ക്കാനുള്ളതല്ല

ദിലീപിനും അലൻസിയർക്കും സിദ്ദിഖിനുമൊക്കെയെതിരെയെടുത്ത നിലപാടുകൾ വിനായകനു വേണ്ടി മാറ്റിവെയ്ക്കാനുള്ളതല്ല

മുൻപുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അയാൾ ദളിത് സ്വത്വത്തെ കൂട്ടുപിടിച്ചു പറയുന്നതു കേൾക്കാറുണ്ട്. മുൻപുണ്ടായിരുന്ന വിനായകനല്ല ഇപ്പോൾ എന്നു മനസിലാക്കണം.

346

| ഹരിമോഹൻ

രണ്ടുവർഷം മുൻപ് ഒരു പരിപാടിക്കു തന്നെ ക്ഷണിക്കാൻ വിളിച്ച മുൻപരിചയമില്ലാത്ത സ്ത്രീയോടു ഫോണിൽക്കൂടി ‘കൂടെ കിടക്കാമോ’ എന്നു ചോദിച്ചതും ഈ വിനായകനാണ്. അതിനെതിരെ പ്രതികരിച്ചപ്പോൾ ‘നീ ലെസ്ബിയനല്ലേ’ എന്നു ചോദിച്ചതും ഇതേ വിനായകൻ തന്നെയാണ്.

അന്നു തെളിവുകളടക്കം കൈയിലുണ്ടെന്നു പറഞ്ഞ് അവർ വ്യക്തമായി സംസാരിച്ചപ്പോഴും വിനായകനു സംരക്ഷണം ലഭിച്ചിരുന്നു. അയ്യങ്കാളിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും നിരന്തരം സംസാരിക്കുന്നുവെന്നതായിരുന്നു വിനായകനു കിട്ടിയ ഇമ്മ്യൂണിറ്റിയുടെ കാരണമായി പലരും ഉയർത്തിക്കാണിച്ചത്. ഇപ്പോഴും അതേ മനോഭാവത്തോടെ, അതേ സ്ത്രീവിരുദ്ധതയോടെ അയാൾക്കു സംസാരിക്കാൻ കഴിയുന്നത് ഇത്തരം ഇമ്മ്യൂണിറ്റികളുടെ കരുത്തു കൊണ്ടാണ്.

പത്തു സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതൊക്കെയും ഇയാൾ അയാളുടെ സൗകര്യാർത്ഥം ‘അനുവാദം’ ചോദിച്ചുവാങ്ങിയായിരിക്കും. പത്തോ അതിലധികമോ സ്ത്രീകളുമായി അയാൾ ലൈംഗികമായി ബന്ധപ്പെട്ടിരിക്കാം. പരസ്പര സമ്മതത്തോടെയല്ലായിരുന്നു അവയെന്നു മനസിലാകും വരെ അവയെ ഒരു കാരണവശാലും വിമർശിക്കേണ്ട ആവശ്യമില്ല.

പക്ഷേ, ഇവിടെ വിഷയം വിനായകൻ ആരോടൊക്കെ, ഏതൊക്കെ സാഹചര്യങ്ങളിൽ അങ്ങനെ സംസാരിച്ചുവെന്നതാണ്. ഒരു മുൻപരിചയവുമില്ലാതെ, ഒരു സ്ത്രീശബ്ദം കേട്ടയുടനെ, കൂടെ കിടക്കാമോ എന്ന് അയാൾ ചോദിച്ചെങ്കിൽ, എന്തു വൃത്തികെട്ട മാനസികാവസ്ഥയായിരിക്കും അയാൾക്കുള്ളത്. ഒരാളോട് ലൈംഗികമായി ബന്ധപ്പെടാൻ അനുവാദം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിൽക്കയറി ഒരുളുപ്പുമില്ലാതെ ഇങ്ങനെ ചോദിക്കുന്നവർ നടത്തുന്നതു ക്രൈമിൽക്കുറഞ്ഞതൊന്നുമല്ല.

ഇതു വിശദീകരിക്കുന്നതിനിടെ അവിടെയിരുന്ന ഒരു മാധ്യമപ്രവർത്തകയുടെ നേർക്കു വിരൽ ചൂണ്ടി, എനിക്കങ്ങനെ തന്നോടു താത്പര്യം തോന്നിയാൽ ചോദിക്കും എന്നു പറയുമ്പോൾ, ആ സ്ത്രീ പൊതുവിടത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദം എത്രയായിരിക്കും എന്നു വിനായകനോ അയാളെ പിന്തുണയ്ക്കാൻ ഒരുളുപ്പുമില്ലാത്തവർക്കോ മനസിലാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ അയാളുടെ സൗകര്യാർത്ഥം, കാണുന്ന, കേൾക്കുന്ന സ്ത്രീകളോടൊക്കെയും കൂടെ കിടക്കാമോ എന്നു ചോദിക്കുന്നത് എന്തുതരം അവകാശവും സ്വാതന്ത്ര്യവുമാണ്?

മുൻപുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അയാൾ ദളിത് സ്വത്വത്തെ കൂട്ടുപിടിച്ചു പറയുന്നതു കേൾക്കാറുണ്ട്. മുൻപുണ്ടായിരുന്ന വിനായകനല്ല ഇപ്പോൾ എന്നു മനസിലാക്കണം. മുൻപില്ലാതിരുന്ന പ്രിവിലേജുകൾ ഇപ്പോൾ അയാൾക്കുണ്ട്. ഒരാൾ മീ ടൂ ആരോപണം ഉന്നയിച്ചാൽ അതിനെ തള്ളിപ്പറയാനും ചോദ്യം ചെയ്യാനുമുള്ള പ്രിവിലേജ് അയാൾക്കുണ്ട്. തനിക്കു നേരെ വരുന്ന നിയമനടപടികളെ ചെറുത്തുനിർത്താനുള്ള സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ അയാൾക്കൊപ്പമുണ്ട്.

വിനായകൻ ദളിതനല്ല, അയ്യങ്കാളിയോ അംബേദ്‌കറോ ആയാൽപ്പോലും സ്ത്രീകൾക്കു നേരെ അയാൾ നടത്തുന്ന ലൈംഗികമായ അതിക്രമങ്ങൾ, വാക്കുകൾ കൊണ്ടായാലും, ഒരു തരത്തിലും ന്യായീകരിക്കാനില്ല. കുറേക്കാലമായി എനിക്കയാൾ ഒന്നാന്തരം സ്ത്രീവിരുദ്ധനാണ്. ദിലീപിനും അലൻസിയർക്കും സിദ്ദിഖിനുമൊക്കെയെതിരെയെടുത്ത നിലപാടുകൾ വിനായകനു വേണ്ടി മാറ്റിവെയ്ക്കാനുള്ളതല്ല എന്നാണ് അന്നുമിന്നും വിശ്വാസം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.