...
Home News തള്ളിപ്പറഞ്ഞവർക്ക് മുകളിൽക്കൂടി ഫീനിക്സ് പക്ഷിയായി ഉയർന്നുപറക്കുന്ന വിരാട്

തള്ളിപ്പറഞ്ഞവർക്ക് മുകളിൽക്കൂടി ഫീനിക്സ് പക്ഷിയായി ഉയർന്നുപറക്കുന്ന വിരാട്

ഒടുവിൽ കാര്യവട്ടത്ത് ഒരു ധോണി സ്റ്റൈൽ ഹെലികോപ്റ്റർ ഷോട്ടിൽ 97 മീറ്റർ നീളത്തിലൊരു സിക്സ് അടിച്ചുനിൽക്കുന്ന 34 വയസ്സുള്ള വിരാട് കോലി അടിവരയിടുന്നുണ്ട് ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടങ്ങിയിട്ടേയുള്ളൂ എന്ന്.

164

| ഹരിമോഹൻ

ഈ മനുഷ്യൻ വിഷാദ രോഗത്തിന് അടിമപ്പെടും എന്നു തോന്നിയിരുന്ന ദിവസങ്ങളുണ്ട്. വർഷാവർഷം എട്ടുപത്ത് സെഞ്ചുറികൾ പിറന്നിരുന്ന ബാറ്റ്, വരൾച്ചയിൽക്കൂടി ദിനരാത്രങ്ങൾ പിന്നിടുമ്പോൾ ക്രിക്കറ്റ്‌ ജീവിതത്തിന്റെ അവസാന നാളുകളിലാവും അയാൾ ജീവിക്കുന്നതെന്നു തോന്നുന്നതു സ്വാഭാവികം. ക്രിക്കറ്റ്‌ മൈതാനങ്ങളിലെ വിരാട് കോലിയിൽ നിന്ന്, ടീമിൽ നിന്നൊഴിവാക്കപ്പെട്ട, അനുഷ്കയുടെ വിരാടായി മാത്രം മാറിയ അയാളിൽനിന്നൊരു തിരിച്ചുവരവു കൊതിച്ചിരുന്ന രാപ്പകലുകൾ.

സെഞ്ചുറികളില്ലാത്ത 53 മത്സരങ്ങൾ, രണ്ടു സമ്പൂർണ വർഷങ്ങൾ. ഈ കാഴ്ചകൾ നിരാശനാക്കിയപ്പോൾ ഫോം തത്കാലികവും ക്ലാസ്സ്‌ അനശ്വരവുമാണെന്നത് ക്ലീഷേയല്ലെന്നൊരു പ്രഖ്യാപനത്തോടെ അയാൾ തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.

മെൽബണിൽ പാകിസ്താനെതിരെ ഏറ്റവും പ്രതികൂലമായ സാഹചര്യത്തിൽ കളിച്ച മത്സരം അതിനു വേദിയായത് ഒരു കാവ്യനീതിയായിരിക്കും. ഒഴിവാക്കപ്പെടുന്ന ട്വന്റി20 ഫോർമാറ്റിൽ തന്നെ ഒരു തിരിച്ചുവരവ്. അതും ട്വന്റി20 ലോകകപ്പ് വേദിയെ സാക്ഷിയാക്കി. 31 റണ്ണിൽ 4 വിക്കറ്റു നഷ്ടപ്പെട്ട ഇന്ത്യയെ ഒറ്റയ്ക്കു തോളിലേറ്റിയ ഇന്നിങ്സ്. പത്തൊൻപതാം ഓവറിൽ ബാക്ഫുട്ടിൽ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിനു മുകളിലൂടെ ഉയർത്തിവിട്ട പന്തിന്റെ മുകളിൽക്കൂടി കണ്ണു പായിക്കുമ്പോൾ വിരാട് കോലിയെന്നത് അവസാനിക്കാത്ത ക്രിക്കറ്റ്‌ ആരവങ്ങളുടെ ഈ പതിറ്റാണ്ടിലെ പേരു കൂടിയാണെന്നയാൾ കുറിച്ചിടുകയായിരുന്നു.

ബാറ്റിനും ബോളിനുമപ്പുറം 1983-ലെ ലോകകപ്പിൽ സിംബാബ്വെയെ പരാജയപ്പെടുത്തിയ കപിൽ ദേവിന്റെ 175 ഉയർത്തിയ വിശ്വാസവും ധൈര്യവും സംഗമിച്ച 82 റൺസ്. തള്ളിപ്പറയലുകളേൽപ്പിച്ച മുറിവുകൾ ഉണക്കാൻ തക്ക ശേഷിയുള്ള വീര്യമുണ്ടായിരുന്ന ഇന്നിങ്സ്.

പിന്തിരിഞ്ഞു നോക്കിയില്ല അവിടെനിന്ന്. ഒടുവിൽ കാര്യവട്ടത്ത് ഒരു ധോണി സ്റ്റൈൽ ഹെലികോപ്റ്റർ ഷോട്ടിൽ 97 മീറ്റർ നീളത്തിലൊരു സിക്സ് അടിച്ചുനിൽക്കുന്ന 34 വയസ്സുള്ള വിരാട് കോലി അടിവരയിടുന്നുണ്ട് ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടങ്ങിയിട്ടേയുള്ളൂ എന്ന്. തള്ളിപ്പറഞ്ഞവർക്കു മുകളിൽക്കൂടി ഫീനിക്സ് പക്ഷിയായി ഇങ്ങനെ ഉയർന്നുപറക്കുമ്പോൾ കാണാനെന്തു ചന്തമാണ് വിരാട്, നിങ്ങളെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.