2027ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആരാധകരിൽ വൻ ആവേശം. ടിക്കറ്റ് ബാലറ്റ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 11 ലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചതെന്ന് ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പ്രതികരണം ലഭിക്കുന്നത്.
ഐസിസിയുടെ കണക്കുകൾ പ്രകാരം 3.2 ലക്ഷം ആരാധകർ ഇതിനകം ടിക്കറ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. 1.10 ലക്ഷം അപേക്ഷകളാണ് ഈ മത്സരത്തിനായി ലഭിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് 92,000 അപേക്ഷകളും ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് 86,000 അപേക്ഷകളും ലഭിച്ചു.
നവംബർ 21ന് നടക്കുന്ന ഫൈനൽ മത്സരത്തിനായി മാത്രം ഏകദേശം 69,000 അപേക്ഷകൾ ലഭിച്ചതായും ഐസിസി വ്യക്തമാക്കി. വെറും 48 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം ടിക്കറ്റ് അപേക്ഷകൾ ലഭിച്ചത് ലോകകപ്പിന്റെ ജനപ്രീതിയുടെ തെളിവാണെന്ന് ഐസിസി സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ആഫ്രിക്കൻ മണ്ണിൽ ലോകകപ്പ് വീണ്ടും നടക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
2027 ലോകകപ്പ് ടിക്കറ്റിനായി താൽപ്പര്യമുള്ള ആരാധകർക്ക് നവംബർ 21 വരെ ടിക്കറ്റ് ബാലറ്റിൽ രജിസ്റ്റർ ചെയ്യാം.


