...
Home News Kerala മരണാനന്തരമെങ്കിലും മേരി റോയ് കുറിച്ച ചരിത്രം നാം ഓർക്കേണ്ടതുണ്ട്

മരണാനന്തരമെങ്കിലും മേരി റോയ് കുറിച്ച ചരിത്രം നാം ഓർക്കേണ്ടതുണ്ട്

മേരി റോയിയെ വിശേഷിപ്പിക്കാൻ അരുന്ധതി റോയിയുടെ അമ്മ എന്നുപയോഗിക്കുന്നതും അവരോടുള്ള നീതികേടാണ്. മേരി റോയിയുടെ മകളാണ് അരുന്ധതി റോയ്.

224

| ഹരിമോഹൻ

1986 ഫെബ്രുവരി 24. പുരുഷമേധാവിത്വം ഭരിച്ചിരുന്ന കേരളത്തിന്റെ ക്രിസ്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം അടിമുടി മാറ്റിമറിച്ച ദിവസം. മേരി റോയ് എന്ന ആത്മാഭിമാനമുള്ള സ്ത്രീ അറുപതുകൾ മുതൽക്കു നടത്തിയ കരുത്തുറ്റ നിയമപോരാട്ടം വിജയം കണ്ടത് ഈ ദിവസമാണ്. ഇന്ന് മേരി റോയ് വിടപറഞ്ഞിരിക്കുന്നു. ഇടയ്ക്കെപ്പോഴോ നമ്മൾ മറന്നുപോയ ചരിത്രം ഓർമപ്പെടുത്താനെങ്കിലും ഈ ദിവസം ഉപയോഗിക്കേണ്ടതുണ്ട്.

മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസ് മറ്റാരുമോർത്തില്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒന്നാണ്. പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയെടുത്ത ഈ നിയമയുദ്ധത്തിന്റെ ഒരറ്റത്തെ പേര് മേരി റോയ് എന്നാണെന്നത് ആവർത്തിച്ചോർക്കണം.

1916-ലെ തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര പ്രാധാന്യമുള്ള വിധി പ്രഖ്യാപിച്ചത്. 1951 ഏപ്രിൽ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.

അറുപതുകൾ മുതൽക്കു കീഴ്ക്കോടതികളിൽ നിന്നും ആരംഭിച്ച പോരാട്ടത്തിനൊടുവിൽ 1984-ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ നേതാക്കളും മേരി റോയിക്ക് എതിരായി നിന്നു. അതിനെയെല്ലാം മറികടന്നു സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ തറക്കല്ലിട്ട വിധി സുപ്രീം കോടതിയിൽ നിന്നു വാങ്ങിയെടുത്ത ശേഷമാണ് ആ സ്ത്രീ വിശ്രമിച്ചത്.

മേരി റോയിയെ വിശേഷിപ്പിക്കാൻ അരുന്ധതി റോയിയുടെ അമ്മ എന്നുപയോഗിക്കുന്നതും അവരോടുള്ള നീതികേടാണ്. മേരി റോയിയുടെ മകളാണ് അരുന്ധതി റോയ്. മരണാനന്തരമെങ്കിലും മേരി റോയ് കുറിച്ച ചരിത്രം ഓർക്കേണ്ടതുണ്ട്. ഏറെ ആദരവോടെ മേരി റോയിക്കു വിട.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.