...
Home News Kerala അവര്‍ വരുമെന്ന് നമുക്കുറപ്പായിരുന്നു

അവര്‍ വരുമെന്ന് നമുക്കുറപ്പായിരുന്നു

നമ്മുടെ തന്നെ മന്ത്രങ്ങള്‍ ഉരുക്കഴിച്ച് നമ്മുടെ ഭാഷ സംസാരിച്ച് രാജസഭയുടെ കല്‍പ്പടവുകള്‍ തൊട്ടു വന്ദിച്ചാണ് അവര്‍ കയറിവന്നത്

188
Käthe Kollwitz, ‘Killed in Action’, lithograph, 64.1 x 53.4 cm, 1920/ Image courtesy The Metropolitan Museum of Art

അവര്‍ വരുമെന്ന് നമുക്കുറപ്പായിരുന്നു

അവര്‍ക്ക് എതിര്‍നില്‍ക്കുമായിരുന്നവരുടെ
വിഗ്രഹങ്ങള്‍ നാം ഒന്നൊന്നായി എറിഞ്ഞുടച്ചു
അവരെ എതിരേല്‍ക്കാന്‍ കുഞ്ഞുങ്ങളുടെ
രക്തം നിറച്ച പാനപാത്രങ്ങളുമായി
നാം തലസ്ഥാനത്ത് കാത്തുനിന്നു,
ഉടുപ്പുകള്‍ ഊരി മരവുരികളണിഞ്ഞു
ചരിത്രസ്മാരകങ്ങള്‍ക്ക് തീക്കൊളുത്തി
യാഗങ്ങള്‍ക്ക് അഗ്നിയൊരുക്കി
രാജവീഥികളുടെ പേരുകള്‍ മാറ്റി
നമ്മുടെ ഗ്രന്ഥപ്പുരകള്‍ അവരെ
അരിശം പിടിപ്പിച്ചാലോ എന്നു ഭയന്ന്
അവ ഇടിച്ചു നിരത്തി ദുര്‍മന്ത്രവാദം
നടത്താനുള്ള താളിയോലകള്‍ മാത്രം സംരക്ഷിച്ചു
പക്ഷെ അവര്‍ വന്നത് നാം
അറിഞ്ഞതു പോലുമില്ല
നമ്മുടെ തന്നെ വിഗ്രഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്
നമ്മുടെ പതാകയെ വന്ദിച്ച്
നമ്മുടെ വസ്ത്രങ്ങളണിഞ്ഞ്
നമ്മുടെ നിയമപുസ്തകം കയ്യിലേന്തി
നമ്മുടെ തന്നെ മന്ത്രങ്ങള്‍ ഉരുക്കഴിച്ച്
നമ്മുടെ ഭാഷ സംസാരിച്ച്
രാജസഭയുടെ കല്‍പ്പടവുകള്‍ തൊട്ടു വന്ദിച്ചാണ്
അവര്‍ കയറിവന്നത്

ഒടുവില്‍ അവര്‍ കിണറുകളില്‍
വിഷം കലക്കാനും
കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും
ചിന്തകളുടെ പേരില്‍
മനുഷ്യരെ എയ്തു വീഴ്ത്താനും
തുടങ്ങിയപ്പോഴാണ് നമുക്കു മനസ്സിലായത്‌
അവര്‍ നമുക്കിടയില്‍, നമുക്കുള്ളില്‍,
തന്നെയായിരുന്നു എന്ന്.

ഇപ്പോള്‍ നാം
അങ്ങോട്ടുമിങ്ങോട്ടും നോക്കി
സംശയത്തോടെ ചോദിക്കുന്നു:
‘നീയാണോ മുട്ഠാളന്‍?’

മറുപടിക്കു പകരം നമ്മുടെ ഭാവിയില്‍
മുഴുക്കെ പുക പടര്‍ത്തി തീ
ആളിപ്പിടിക്കുന്നതുമാത്രം നാം കാണുന്നു.
നമ്മുടെ ഭാഷ മരണത്തിന്റേതാകുന്നതും.

നഗരചത്വരത്തില്‍ ഇപ്പോള്‍ നാം
രക്ഷകരെയും കാത്തു നില്‍ക്കുന്നു,
അവരും മറ്റാരോ ആണെന്ന പോലെ.

കടപ്പാട്: (ഗ്രീക്ക് കവി സി. പി. കവഫിയുടെ ‘Waiting for the Barbarians’ എന്ന കവിത ഓര്‍ത്തു കൊണ്ട് കെ സച്ചിദാനന്ദൻ രചിച്ച കവിത)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.