| കെ സഹദേവൻ
ചിത്രത്തിൽ കാണുന്നത് ഈസ്റ്റ് കോസ്റ്റ് റെയിൽവെയുടെ ഭദ്രക് – ധാംമ്ര ലൈനിലെ ഒരു ലെവൽ ക്രോസ് കാബിനാണ് . സൂക്ഷിച്ചു നോക്കിയാൽ കാബിനിൻ്റെ നെറുകയിൽ ‘adani’ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം . അത് സ്ഥലപ്പേരല്ല . ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകളിലൊന്നായ അദാനി ഗ്രൂപ്പിൻ്റെ ലോഗോ ആണത് .
ഈ റെയിൽവെ ലൈൻ അവസാനിക്കുന്നത് ഒഡീഷയുടെ കിഴക്കൻ തീരത്തുള്ള ധാംമ്ര പോർട്ടിലാണ് . ഒഡീഷ , ഛത്തീസ്ഗഢ് , ഝാർഘണ്ഡ് , ബീഹാർ , ബംഗാൾ എന്നിവിടങ്ങളിലുള്ള വിവിധങ്ങളായ ധാതുക്കൾ ( ഇരുമ്പ് , ബോക്സൈറ്റ് , ലിഗ് നൈറ്റ് , ചെമ്പ് , കൽക്കരി തുടങ്ങിയവ ) വിദേശങ്ങളിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് ഈ തുറമുഖം വഴിയാണ് .
ഭദ്രക് – ധാംമ്ര ലൈനിൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഈ റെയിൽപ്പാത ആരംഭിച്ചത് . വർഷം ആറേഴ് കഴിഞ്ഞിട്ടും അദാനിയുടെയും മറ്റ് വൻകിട കമ്പനികളുടെയും ചരക്ക് ട്രെയിനുകളല്ലാതെ ഒരൊറ്റ പാസഞ്ചർ ട്രെയിനും ഇതുവഴി ഓടിയിട്ടില്ല .
നിലവിൽ ഈ റെയിൽപ്പാത ഇന്ത്യൻ റെയിൽവേയുടെ സമ്പത്ത് തന്നെയാണെന്നാണറിയുന്നത് . എങ്കിലും റെയിൽവെ ലെവൽ ക്രോസിങ് കാബിന്മേൽ അദാനിയുടെ ലോഗോ പതിക്കുന്നതിൽ യാതൊരു പ്രയാസവും ആർക്കുമില്ല . പൊതു സ്വത്ത് ഏത് , സ്വകാര്യ സ്വത്ത് ഏത് എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ രാജ്യത്തെ പൊതു വിഭവങ്ങൾ കോർപ്പറേറ്റുകളുടേതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് മോദി സർക്കാർ . പ്രതിവാരം ആറായിരം കോടി രൂപ വെച്ച് ഗൗതം അദാനിയുടെ അക്കൗണ്ടിലേക്ക് എങ്ങിനെ മറിയുന്നുവെന്നതിന് കൂടുതൽ കാരണങ്ങൾ തിരയേണ്ടതില്ല .



