പണ്ടത്തെപോലെയല്ല ഇന്ന് ആളുകളെല്ലാം ആരോഗ്യകാര്യത്തിൽ ഭയങ്കര ശ്രദ്ധയുള്ളവരാണ്. അതുകൊണ്ട് തന്നെ ഡയറ്റിലും ആളുകൾക്ക് നല്ല ശ്രദ്ധയാണ്. അതുപോലെതന്നെ, സോഫ്റ്റ് ഡ്രിങ്ക്സ് ഒരുപാട് കുടിക്കുന്നവരും ഇന്ന് വളരെ കുറവാണ്. എന്നാൽ, ബ്രസീലിലെ ബഹിയയിൽ നിന്നുള്ള റോബർട്ട് പെഡ്രേര എന്ന മനുഷ്യൻ ഇതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന ഒരാളാണ്. കാരണം, കഴിഞ്ഞ 50 വർഷങ്ങളായി ഇയാൾ കൊക്കക്കോള മാത്രമാണ് കുടിക്കുന്നത്. 70 വയസ്സായ പെഡ്രേര ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിലാണ്. കഴിഞ്ഞ അരപ്പതിറ്റാണ്ട് കാലമായി ഇയാൾ സാധാരണ വെള്ളം തീരെ കുടിക്കുന്നില്ലെന്നാണ് പറയുന്നത്. അതിന് പകരം കൊക്കക്കോളയാണ് ഇയാൾ കുടിക്കുന്നത്.

എന്നാൽ, അത് ഒട്ടും ആരോഗ്യകരമല്ല എന്നതാണ് വാസ്തവം. നിരന്തരം കോള കുടിക്കുന്ന പെഡ്രേരയുടെ ആരോഗ്യവും അത്ര നല്ല അവസ്ഥയിൽ അല്ല. പ്രമേഹത്തോടും ഹൃദ്രോഗത്തോടും മല്ലിടുകയാണ് കുറച്ചു കാലമായി ഈ കോള പ്രേമി. അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെല്ലാം കാരണം ഇയാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നിട്ടും കോളയോടുള്ള പ്രേമം അവസാനിപ്പിക്കാൻ ഇയാൾ തയ്യാറായിട്ടില്ല. അവിടെവച്ചും പെഡ്രേര കുടിക്കാൻ ഇഷ്ടപ്പെട്ടതും ആവശ്യപ്പെട്ടതും കോളയാണ്. അങ്ങനെ ഡോക്ടർമാരുടെ സംഘം ഇയാളെ പ്രത്യേക പരിശോധനയ്ക്കും പരിചരണത്തിനും വിധേയമാക്കുകയായിരുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട് അനവധി പ്രശ്നങ്ങളുണ്ടായിട്ടും ഹൃദയാഘാതം തന്നെ ഉണ്ടായിട്ടും കൊക്കക്കോള കുടിക്കുന്നത് നിർത്തില്ല എന്ന വാശിയിലായിരുന്നു പെഡ്രേര. ഐസ്ക്രീം കഴിക്കുമ്പോൾ പോലും ഒപ്പം കൊക്കക്കോള കുടിക്കുന്ന ആളാണ് പെഡ്രേര. ഇയാളുടെ കൊച്ചുമകന് 27 വയസ്സായി. മുത്തശ്ശൻ ഇന്നേവരെ സാധാരണ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല എന്ന് കൊച്ചുമകൻ പറഞ്ഞതോടെയാണ് ഇയാളുടെ കഥ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.



