...
Home News Kerala നിങ്ങൾ എന്തൊക്കെയാണ് സദാചാരക്കാരെ, ചിന്തിച്ചു കൂട്ടുന്നത്?

നിങ്ങൾ എന്തൊക്കെയാണ് സദാചാരക്കാരെ, ചിന്തിച്ചു കൂട്ടുന്നത്?

മടിയിൽ ഇരുന്നാലും തോളത് കൈ ഇട്ടാലും കെട്ടിപിടിച്ചാലും, തെറ്റായ ഒരു സ്പർശത്തെ തിരിച്ചറിയാനുള്ള വകതിരിവും വിവേകവും സ്ത്രീകൾക്ക് ഉണ്ട്. ലിംഗം കൊണ്ട് ചിന്തിക്കുന്നവനെ അകറ്റി നിർത്താനുള്ള ബോധവും അവർക്കുണ്ട്.

248

| ദിവ്യ ജോസഫ്

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ബസ്റ്റോപ്പിൽ ഇരിപ്പിടം മുറിച്ചതും കുട്ടികളുടെ പ്രതിഷേധവും ചർച്ചയാകുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് സദാചാരക്കാരെ ചിന്തിച്ചു കൂട്ടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കണ്ടവന്റെ മടിയിൽ ഇരിക്കുന്നു, നിങ്ങടെ വീട്ടിലെ പെണ്ണുങ്ങൾ ആണേൽ സമ്മതിക്കുമോ? കേട്ടാൽ അറയ്ക്കുന്ന എത്ര എത്ര ചോദ്യങ്ങൾ ആണ്?

ഈ ലോകം നിലനിന്നു പോകുന്നത് സ്നേഹവും സൗഹൃദവും ഒക്കെയുള്ള മനുഷ്യർ ഉള്ളത് കൊണ്ടാണ്. അത്തരം മനുഷ്യർക്ക് എല്ലാവരും സഹജീവികളാണ്. പുരുഷന്മാരോടും സ്ത്രീകളോടും ട്രാൻസുമാരോടും ഒരേ അളവിൽ സൗഹൃദം സൂക്ഷിക്കുന്നവർക്ക് ജൻഡർ സൗഹൃദത്തിന് ഒരിക്കലും വിലങ്ങു തടിയാവുകയില്ല.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ സെക്ഷ്വൽ ഓറിയന്റേഷൻ അനുസരിച്ചു തിരഞ്ഞെടുക്കാം എന്നല്ലാതെ മറ്റൊരു സാഹചര്യത്തിലും ഒരുമനുഷ്യന്റെ ജൻഡർ ബന്ധങ്ങളിൽ ആവശ്യം ഉണ്ടെന്നു ഇന്ന് വരെ തോന്നിയിട്ടില്ല.

മടിയിൽ ഇരുന്നാലും തോളത് കൈ ഇട്ടാലും കെട്ടിപിടിച്ചാലും, തെറ്റായ ഒരു സ്പർശത്തെ തിരിച്ചറിയാനുള്ള വകതിരിവും വിവേകവും സ്ത്രീകൾക്ക് ഉണ്ട്. ലിംഗം കൊണ്ട് ചിന്തിക്കുന്നവനെ അകറ്റി നിർത്താനുള്ള ബോധവും അവർക്കുണ്ട്. നമ്മൾ എന്താണോ, നമ്മുടെ ചിന്തകൾ എങ്ങനെയാണോ, അങ്ങനെ മാത്രം മറ്റുള്ളവരെ കാണുന്നത് കൊണ്ടാണ് പലർക്കും ഇത്രയധികം നോവുന്നത്.

വീട്ടിലെ പെണ്ണുങ്ങൾ ആയാലും നാട്ടിലെ പെണ്ണുങ്ങൾ ആയാലും ഓണ്ലൈനിയിൽ കാണുന്ന പെണ്ണുങ്ങൾ ആയാലും അവരെന്തു ചെയ്യണം എന്ന് തീരുമാനിക്കാൻ അവർക്കറിയാം. ഈ അനുവാദവും സമ്മതവും ഒന്നും ആവശ്യമില്ലെന്നു സാരം.

ഇനി മകളോ പെങ്ങളോ ഭാര്യയോ അമ്മയോ ആൺ സുഹൃത്തുക്കളോട് ഇടപെടയുന്നത് കാണുമ്പോൾ വേദന തോന്നുന്നെങ്കിൽ, മനസിലാക്കുക നിങ്ങൾ വളരെ മോശം കാഴ്ചപ്പാടുള്ള ഒരു മനുഷ്യൻ ആണെന്ന്. എല്ലാ മനുഷ്യരും നിങ്ങളെ പോലെ അല്ല. സ്ത്രീകളെ സുഹൃത്തായും, മകളായും അമ്മയായുമൊക്കെ കാണാൻ കഴിയുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അവർക്കു സ്ത്രീകളെ കണ്ടാലോ തൊട്ടാലോ വികാരം വരില്ല കാരണം ഓരോ ബന്ധവും എന്താണെന്നും എങനെ ആവണം എന്നും അവർക്കു ബോധ്യമുണ്ട്.

വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബിക്കിനിയെ കുറിച്ചും, ലൈംഗീക വിദ്യാഭ്യാസത്തികുറിച്ച് ചർച്ച ചെയ്യുമ്പോൾ സ്കൂളിൽ കോണ്ടം വിതരണം ചെയ്യുമോയെന്നും, സ്ത്രീപുരുഷ തുല്യതയെകുറിച്ച് സംസാരിക്കുമ്പോൾ പൊതു ടോയ്‌ലെറ്റ് ഉണ്ടാക്കുന്നതിനെ കുറിച്ചും, ഈ ചർച്ചയിലെ ശരിയല്ലായ്മ ചൂണ്ടിക്കാണിക്കുമ്പോൾ അശ്ലീലം പറയുന്നതും കുടുംബത്തെ പറയുന്നതുമൊക്കെ കാര്യമായ വിവരമില്ലായ്മ മാത്രമല്ല മനോരോഗം കൂടിയാണ് എന്ന് നമ്മൾ തിരിച്ചറിയണം.

ഇത്തരം മനോഭാവമുള്ള പിതാവോ സഹോദരനോ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ അവരിൽ നിന്നും അകന്നു നിന്ന് ശീലിക്കുക. നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ അരികെ തനിച്ചാക്കാതെ ഇരിക്കുക. വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങൾളെ ഒരു പരിധിവരെ ലൈംഗീക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും ചൈൽഹുഡ് ട്രോമകളിൽ നിന്ന് രക്ഷിക്കാനും അത് സഹായകമാകും. ശരീരത്തിനും മനസിനും ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.