| ശരണ്യ എം ചാരു
ഏത് സാഹചര്യത്തിലാണ് ജഹാംഗീര്‍പുരിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ വിഷയമാണ്. ഒറ്റ ദിവസം കൊണ്ട് ഒരു നഗരം ഒഴിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത് എത്തരത്തിലുള്ള പ്ലാനിങ്ങിലൂടെ ആണെന്നത് മനസ്സിലാക്കേണ്ടതുണ്ട്.
ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് തൊട്ട് പിന്നാലെയാണ് സംഘർഷമുണ്ടായ പ്രദേശത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ ഉള്ള ഉത്തരവുണ്ടാകുന്നത്. അവിടെ നടന്ന സംഘർഷങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്ന് ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്ന അതേ സാഹചര്യത്തിൽ ഇപ്പുറം ഒരു പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിറക്കുന്നു. യാതൊരു വിധ ജാനാധിപത്യ മര്യാദകളോ, മാനുഷീക പരിഗണനയോ ആ പ്രദേശത്തെ ജനങ്ങൾക്ക് അനുവദിച്ചു നൽകാതെ.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ എഎപിയും ബിജെപിയും തമ്മിൽ ഇപ്പോൾ നടക്കുന്ന വാക്പോരിന്റെ പ്രധാന കാരണം സംഘർഷത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് പറയുന്ന ആളുടെ രാഷ്ട്രീയ പശ്ചാത്തലമാണ്. അതായത്, പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് അൻസാർ പ്രമുഖ ബിജെപി നേതാവായിരുന്നെന്നാണ് എഎപി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിക്കുന്നത്. എന്ന് വച്ചാൽ പോലീസിന്റെ സംശയം ശെരി വയ്ക്കുന്ന രീതിയിൽ ആസൂത്രിതമായിരുന്നു സംഘർഷം എന്ന് സാരം. ഇതിന് തെളിവായി കാവി തൊപ്പിയും ഷാളുമണിഞ്ഞ് ബിജെപി നേതാക്കളോടൊപ്പം മുഹമ്മദ് അൻസാർ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രവും എഎപി പുറത്തുവിട്ടിട്ടുണ്ട്. ഗുണ്ടകളുടെ പാർട്ടിയാണ് ബിജെപിയെന്നും മുഹമ്മദ് അൻസാർ ബിജെപിയുടെ പ്രമുഖ നേതാവാണെന്നും എഎപി എംഎൽഎ അതിഷി മർലേനയും പറഞ്ഞിട്ടുണ്ട്. നോക്കൂ കാര്യങ്ങൾ ഏത് വഴിക്കാണ് നീങ്ങുന്നത് എന്ന്.
തീർന്നില്ല, സഘർഷത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് കരുതുന്ന 24 പേരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ 6 പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് താനും. അക്രമികൾ സ്വന്തം നിലയിൽ പ്രശ്നങ്ങൾക്ക് തുടക്കമിടുകയായിരുന്നോ മറ്റാരുടെയെങ്കിലും നിർദേശം ഇതിനു പിന്നിലുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരിയാണ്. മുഖ്യപ്രതികളിൽ ഒരാളായ അസ്ലമിനു തോക്ക് കൈമാറിയതുമായി ബന്ധപ്പെട്ടു ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കു കാര്യമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നത്.
സംഘർഷ സ്ഥലത്തു നിന്നുള്ള വീഡിയോ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താൻ മാത്രമായി നിയോഗിച്ച ക്രൈംബ്രാഞ്ചിന്റെ വിപുലമായ സംഘത്തിന് ഇതിനോടകം നിരവധി വീഡിയോ തെളിവുകൾ ലഭ്യമായതായി പറയപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനം ജഹാംഗീർപുരിയിൽ സംഘർഷം നടക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ ഒരുകൂട്ടം ആളുകൾ ഇരുമ്പു ദണ്ഡുകളും വടികളും ശേഖരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്.
സോഷ്യൽ മീഡിയയിൽ പോലും ദിവസങ്ങൾ മുമ്പ് പ്രചരിച്ച ഈ വീഡിയോയിൽ 5 പേരടങ്ങുന്ന സംഘമാണുള്ളത്. ബിൽഡിങ്ങുകൾക്ക് മുകളിൽ നിന്ന് കാവി തലപ്പാവ് ധരിച്ച ആളുകൾ താഴെകൂടി പോകുന്ന ശോഭയാത്രയിലേക്ക് കല്ലെറിയുന്ന മറ്റൊരു വീഡിയോയും സമീപ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതും സുപ്രധാനമായ മറ്റൊരു വീഡിയോ തെളിവായി കണക്കാക്കപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട വിഷയം സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആളുകളിൽ നിന്ന് ദേശീയ മാധ്യമങ്ങൾ ശേഖരിച്ച വിവരങ്ങളാണ്. കൈകോർത്തും ചേർത്തുപിടിച്ചും സാഹോദര്യം പങ്കിടുന്നതിനിടയിലായിരുന്നു ഏതാനും ചിലരുടെ പ്രവർത്തനങ്ങൾ ജഹാംഗിർപുരിയെ കലാപഭൂമിയാക്കി മാറ്റിയതെന്നാണ് കലാപം കണ്ടുനിന്നവരുടെ സാക്ഷ്യം.
‘ശോഭായാത്ര നടക്കുമ്പോൾ എല്ലാവിഭാഗക്കാരും ആ ഘോഷയാത്രയുടെ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തുകയായിരുന്നു. അതിനിടയിൽ പരസ്പരം കൈകൊടുക്കുന്നവരേയും ആലിംഗനം ചെയ്തു സാഹോദര്യം പങ്കിടുന്നവരെ പോലും കാണാമായിരുന്നു. യാതൊരു പ്രശ്നവും ഇല്ലാതിരുന്ന ഒരിടത്താണ് പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞത്. മോസ്ക്കിനടുത്തേക്ക് കുറച്ചുപേർ വന്ന് അവിടെ ഡിജെ നടത്തണമെന്ന് പറയുകയും പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. അതു കല്ലേറിലേക്കു മാറിയതോടെ കാര്യങ്ങൾ കൈവിട്ടു. ശോഭായാത്ര എത്രയോ വർഷങ്ങളായി ഇവിടെ നടക്കുന്നു. അന്നൊന്നും ഇവിടെ പ്രശ്നമുണ്ടായിട്ടില്ല’. ഇത്തരത്തിലാണ് പ്രദേശവാസികൾ സംഘർഷത്തിനോട് പ്രതികരിക്കുന്നത്.
അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപിയും സംഘപരിവാർ ശക്തികളും രാജ്യത്താകമാനം നടത്തുന്ന കടന്നുകയറ്റങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഹാംഗീർപുരിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു കലാപശ്രമവും അതിന് പിന്നിലൂടെ ഇത്തരത്തിൽ ഒരു നീക്കവും. അത്തരമൊരു നീക്കത്തിനെതിരെ നിലവിൽ സിപിഐഎം നടത്തുന്ന ഇടപെടലുകള്‍ പക്ഷേ പകരം വെയ്ക്കാനില്ലാത്ത നടപടികളാണ്.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത് വകവയ്ക്കാതെ പൊളിക്കൽ നടപടികൾ തുടർന്ന നോർത്ത് ഡൽഹി കോർപറേഷന്റെ നടപടിയെ ബൃന്ദാ കാരാട്ടും സഖാക്കളും നേരിട്ടെത്തി തടയുകയും, റെയ്ച്ചൽ കൊറീയെ ഓർമ്മിപ്പിക്കുന്ന വിധം ബൃന്ദാ കാരാട്ട് പ്രദേശത്തെ ബിൽഡിങ്ങുകൾ പൊളിച്ചു മാറ്റാൻ എത്തിയ ബുള്‍ ഡോസറുകൾക്കും ജെസിബിക്കും മുന്നിൽ നിന്ന് എതിർക്കുന്നതും കാണുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷകൾ ചെറുതല്ല. മതാന്ധത ബാധിച്ച, കോർപറേറ്റ് ഭരണകൂടത്തിന്റെ ബുൾഡോസറിന് നേരെ ഒറ്റക്കൊരു പ്രതിരോധമതിൽ തീർക്കുകയാണ് ബൃന്ദയും പാർട്ടിയും



