...
Home Entertainments ഇന്ത്യ@കാൻ എന്ന് പറയാൻ ഇന്ത്യക്ക് എന്തവകാശം?: അനുരാഗ് കശ്യപ്

ഇന്ത്യ@കാൻ എന്ന് പറയാൻ ഇന്ത്യക്ക് എന്തവകാശം?: അനുരാഗ് കശ്യപ്

ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്.

246

മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സിനിമ പ്രവർത്തകരിൽ പ്രധാനി ആണ് അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്‍റെ കാൻ 2024ലെ വിജയത്തില്‍ ഇന്ത്യയ്ക്ക് അവകാശപ്പെടാൻ എന്താണ് ഉള്ളത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അനുരാഗ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ചത്.

” ഇന്ത്യ@കാൻ’ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. കാനിൽ ഉണ്ടായിരുന്ന തരത്തിലുള്ള സിനിമയെ പിന്തുണയ്ക്കുന്നത് ഇന്ത്യ മുന്‍പേ അവസാനിപ്പിച്ചതാണ്. ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്.

ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല.

പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്‍ററികള്‍ നമ്മുടെ പക്കലുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്‍ത്തണം” എന്നാണ് അനുരാഗ് കശ്യപ് തന്റെ അഭിപ്രായമായി പറഞ്ഞത്.

ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ പുരസ്കാരമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം കരസ്ഥമാക്കിയത്. മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് പായല്‍ കപാഡിയ ചിത്രം ഒരുക്കിയിരിക്കുന്നത്.

നിലവിൽ അനുരാഗ് കശ്യപ്പിന്റെ അഭിപ്രായം ഏറെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അനുരാഗ് പറയും പോലെ ഇന്ത്യൻ വംശജർ ആണ് സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നല്ലാതെ ഇന്ത്യക്ക് എങ്ങനെ ആണ് ഈ സിനിമയിൽ അഭിമാനം കൊള്ളാൻ പറ്റുന്നത് എന്ന ചോദ്യം ശരിയാണ് എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.