| ശ്രീചിത്രൻ എംജെ
ഭരതനാട്യരംഗത്തിലെ പുതിയ നിരയിൽ പ്രതീക്ഷയോടെ നോക്കുന്ന നർത്തകിയാണ് പ്രിയ അനുജത്തിയും സഖാവുമായ മൻസിയ. നിരവധി പ്രതിസന്ധികളെ ആദ്യകാലം മുതൽ അതിജീവിച്ചാണ് മൻസിയ തൻ്റെ നൃത്തജീവതത്തെ ക്രമേണ നിർമ്മിച്ചെടുത്തത്. ഇപ്പോഴും മതത്തിൻ്റെ ബഹിഷ്കരണം മൻസിയയെ പിന്തുടരുന്നു എന്നത് നിരാശാജനകവും അതിലുപരി പ്രതിഷേധാർഹവുമാണ്.
കൂടൽമാണിക്യം ഉൽസവത്തിൽ നിശ്ചയിക്കപ്പെട്ട ഭരതനാട്യത്തിൽ നിന്ന് ‘അഹിന്ദു’ ആയതിനാൽ മൻസിയ ഒഴിവാക്കപ്പെട്ടിരിക്കുന്നു. അടുത്തിടെ നടന്ന അവളുടെ വിവാഹത്തിനു ശേഷം ഹിന്ദുവായോ എന്ന ചോദ്യവുമുണ്ടായത്രേ!
കലാരംഗത്തെ മതബോധം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണതകൾ ക്രമേണ ശക്തിയാർജ്ജിക്കുകയുമാണ്. ഭരതനാട്യം എന്തോ ‘ഹൈന്ദവകല’ ആണെന്ന് കരുതുന്ന അമ്പലംവിഴുങ്ങികൾക്ക് ഭരതനാട്യമെന്തെന്ന് അറിയാനൊരു സാധ്യതയുമില്ല. ക്ഷേത്രാരാധനയിലെ സദിരാട്ടത്തിൽ നിന്ന് വേർപെട്ട്, അന്നാ പാവ് ലോവക്കൊപ്പം റഷ്യൻ ബാലേ സംഘത്തിൽ സഞ്ചരിക്കുകയും ബ്രിട്ടീഷ് തിയോസഫിസ്റ്റായ ജോർജ് അരുണ്ഡേലിനെ വിവാഹം കഴിക്കുകയും യാഥാസ്ഥിതികസമൂഹത്തെ ഞെട്ടിച്ചു കൊണ്ട് ഒരുമ്പെട്ടവളെന്നു പേരു കേൾപ്പിക്കുകയും ചെയ്ത രുഗ്മിണീദേവി അസ്ഥിവാരമിട്ട കലാരൂപമാണ് ആധുനിക ഭരതനാട്യം.
ചന്ദ്രലേഖയെപ്പോലെ, മൃണാളിനിയെപ്പോലെയുള്ള കലാകലാപങ്ങൾ നിറഞ്ഞതാണ് ഭരതനാട്യത്തിൻ്റെ ചരിത്രം. നാലു വർണ്ണത്തിലും മൂന്ന് പദത്തിലും ശിവനും കൃഷ്ണനും പ്രമേയമണെന്നു വെച്ച് ഇത് ‘ഹിന്ദു’വിൻ്റെ ഒസ്യത്താണെന്ന് കരുതുന്നവർക്ക് ഹിന്ദുവിനേയുമറിയില്ല ഭരതനാട്യവുമറിയില്ല. ഭരതനാട്യം എന്ന പേരുകേട്ട് ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ നിന്നു ചീന്തിയെടുത്ത ഒരേട് എന്നും തെറ്റിദ്ധരിക്കണ്ട. ആ പേര് തന്നെ ആധുനികകാല യാഥാസ്ഥിതികത്വത്തിന് ചേർന്നു നിൽക്കാനാവുന്ന ഒരു പേര് കണ്ടെത്തപ്പെട്ടതാണ്.
മൻസിയയെ ആദ്യം കേരളസമൂഹം അമുസ്ലീമാക്കി. പിന്നെ അഹിന്ദുവാക്കി. രണ്ടിലും വിരോധമൊന്നുമില്ല. അയാളെ നർത്തകിയായി ജീവിക്കാൻ അനുവദിച്ചാൽ മതി. കലയെ കലയായി കാണാനുള്ള കണ്ണ് കേരളക്ഷേത്രങ്ങൾക്ക് നഷ്ടപ്പെടുന്ന ഈ കാലത്തോട് പ്രതിഷേധിച്ചേ മതിയാവൂ. കൂടൽമാണിക്യത്തിലെ ഈ വിലക്ക് ഒരു ക്രൂരഫലിതമാണ്. ശ്രീകോവിലിൽ ഇരിക്കുന്ന ശിവൻ്റെ അഗമ്യഗമന കഥ കഴിയുന്നത്ര തീക്ഷ്ണഭാഷയിലവതരിപ്പിക്കുന്ന പുരുഷാർത്ഥങ്ങൾ നൂറ്റാണ്ടുകളായി അരങ്ങേറിയ കൂത്തമ്പലമുള്ള സ്ഥലമാണ് കൂടൽമാണിക്യം.
ദേവനെ പരിഹസിക്കാനും വേറൊരമ്പലം കെട്ടുന്ന ഭാവുകത്വത്തിൻ്റെ മണ്ണ്. അവിടെയാണ് നിശ്ചയിക്കപ്പെട്ട നൃത്തം അഹിന്ദുത്വത്താൽ മുടക്കപ്പെടുന്നത്. ഇനി, അവസാനത്തെ ഒരു ചോദ്യമുണ്ട്. അഹിന്ദുവായതിനാൽ മൻസിയക്ക് കൂടൽമാണിക്യത്താൽ നൃത്തം ചെയ്തുകൂടായെങ്കിൽ കൂടൽമാണിക്യസ്വാമിയെ നിങ്ങളെന്തു ചെയ്യും? അദ്ദേഹം ഹിന്ദുവാണെന്നാണോ വിചാരം? നാലമ്പലയാത്ര നടത്തുന്ന തീർത്ഥാകരോട് പറഞ്ഞാൽ മതി. അവിടത്തെ ദൈവതം ജൈനനാണ്. നാളെ കൂടൽമാണിക്യസ്വാമിയെക്കൂടി വിലക്കണം എന്നഭ്യർത്ഥിക്കുന്നു.



