...
Home News National സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുമ്പോൾ

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുമ്പോൾ

സംഘടനയില്‍ ഇപ്പോഴോ കഴിഞ്ഞ കാലങ്ങളിലോ വനിതാ പ്രാതിനിധ്യം കാണാനാവില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കി.

213

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്‌ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങളും പ്രതിഷേധങ്ങളും വിഫലമാകുകയാണ്. ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹായികളെയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ നൽകിയ ഉറപ്പും പാഴ്വാക്കായി മാറി.

സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലെ നിരാശ പങ്കുവെച്ചുകൊണ്ടാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്’, വികാരനിർഭരയായി തന്റെ ഷൂസ് ഊരിവച്ച് ഈറനണിഞ്ഞ് സാക്ഷി മാലിക് പറഞ്ഞു.

ഒരു വനിതാ പ്രസിഡന്റിനെ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ വനിതയായാല്‍, പീഡനങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലായിരുന്നു താരങ്ങൾ. പക്ഷേ, ലിസ്റ്റ് പരിശോധിച്ചാല്‍ സംഘടനയില്‍ ഇപ്പോഴോ കഴിഞ്ഞ കാലങ്ങളിലോ വനിതാ പ്രാതിനിധ്യം കാണാനാവില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ടിരുന്നു.

രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾ കണ്ണീരോടെ പടിയിറങ്ങുമ്പോൾ രാജ്യത്തിന്റെ കായിക പ്രതീക്ഷകൾക്ക് കൂടിയാണ് മങ്ങലേൽക്കുന്നത്. ഇന്ത്യയുടെ അഭിമാനങ്ങളായ കായിക താരങ്ങൾ അവഗണിക്കപ്പെടുമ്പോൾ രാജ്യം തലകുനിക്കുകതന്നെയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.