...
Home News National ഉത്തരേന്ത്യയിൽ ഗോസംരക്ഷണമെന്ന പേരിൽ നടക്കുന്ന മർദ്ദനങ്ങളും കൊലപാതകങ്ങളും ആർക്കാണ് ഗുണം ചെയ്യുന്നത്

ഉത്തരേന്ത്യയിൽ ഗോസംരക്ഷണമെന്ന പേരിൽ നടക്കുന്ന മർദ്ദനങ്ങളും കൊലപാതകങ്ങളും ആർക്കാണ് ഗുണം ചെയ്യുന്നത്

ആളുകളെ ആക്രമിക്കാനും കൊല്ലാനും കഴിവുള്ളവരാണ് തങ്ങൾ എന്നും അതിന് വൈകാരികമായ പിന്തുണ തങ്ങൾക്കുണ്ടെന്നും ഈ വ്യാപാരത്തിലേർപ്പെട്ടവരെ ബോധ്യപ്പെടുത്തുകയാണ് ഈ നടപ്പുകൊലപാതകങ്ങളുടെ ലക്ഷ്യം.

489

| വി അബ്ദുൽ ലത്തീഫ്

ബീഹാറിൽ ഗോസംരക്ഷണക്കാർ ഒരു മനുഷ്യനെ തല്ലിക്കൊന്നത് ഇന്ന് വാർത്തയാണ്.
കൊല്ലുന്നതിനുമുമ്പ് ആ മനുഷ്യൻ കൈകൂപ്പി ജീവനുവേണ്ടി യാചിച്ചു കൈകൂപ്പി നിൽക്കുന്ന പടം പ്രചരിപ്പിച്ചതും ഈ ഗോസംരക്ഷണക്കാർ തന്നെയാണ്.

ഉത്തരേന്ത്യയിൽ പല ഭാഗത്തും ഗോസംരക്ഷണമെന്ന പേരിൽ നടക്കുന്ന മർദ്ദനങ്ങളും കൊലപാതകങ്ങളും പ്രാകൃതമായി തെരുവിൽ ശിക്ഷ നടപ്പിലാക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കലുമൊക്കെ ആർക്കാണ് ഗുണം ചെയ്യുന്നത് എന്ന് ആലോചിക്കേണ്ടതാണ്.

ഇന്ത്യൻ കാർഷികമേഖലയുടെ ഏറ്റവും സക്രിയമായ ഒരു ഉപവ്യവസായമാണ് കന്നുകാലി വ്യാപാരം. കൃഷിയിടത്തിലും ക്ഷീരോൽപാദനത്തിലും ഉപയോഗം കഴിഞ്ഞ കന്നുകാലികളെ വിറ്റഴിക്കുന്നത് അതതുമേഖലകളുടെ സാമ്പത്തികപുനക്രമീകരണങ്ങളുടെ ഭാഗമാണ്. രണ്ടു കാളകളും രണ്ടോമൂന്നോ പശുക്കളുമുള്ള ഒരു കർഷകന് കൃത്യമായ ഇടവേളകളിൽ അവയെ വിറ്റ് ഉൽപാദനക്ഷമതയുള്ള പുതിയവയെ വാങ്ങണം. ഈ വിൽക്കലും വാങ്ങലും ഏറെ പ്രധാനപ്പെട്ടതാണ്.

ഇങ്ങനെ കൃഷിയിടങ്ങളിൽനിന്ന് കൈയൊഴിക്കപ്പെടുന്ന കന്നുകാലികൾ എത്തിച്ചേരുന്നത് കേന്ദ്രീകൃതമോ അല്ലാത്തതോ ആയ മാംസസംസ്കരണശാലകളിലാണ്. അവിടെനിന്ന് അവ മാംസവും തുകലും എല്ലും പോട്ടിയുമൊക്കെയായി വിപണിയിലേക്ക് തിരിച്ചെത്തും. ഗോമാംസം കഴിക്കില്ലെങ്കിലും ഇന്ത്യയിലെ സവർണ്ണജാതി ഹിന്ദുക്കളടക്കം മുന്തിയ തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കും.

ഉത്തരേന്ത്യയിലെ ബ്രാഹ്മണിക് ഗോയുക്തിവെച്ച് ഹിന്ദുക്കൾക്ക് ഈ കന്നുകാലി വ്യവസായത്തിൽ നേരിട്ട് ഏർപ്പെടാൻ സാധിക്കില്ല. ബിനാമി പേരുകളിൽ വൻകിട മാംസകയറ്റുമതി സ്ഥാപനങ്ങളും നേരിട്ടുതന്നെ തുകലുൽപന്ന ബിസിനസും നടത്താമെങ്കിലും നേരിട്ട് കറവ പറ്റിയ പശുവിനെയോ ഉപയോഗക്ഷമത കുറഞ്ഞ മൂരിയെയോ തെളിച്ചുകൊണ്ടുപോയി അറുത്ത് ഇറച്ചിയാക്കാൻ ഇവർക്ക് പറ്റില്ല. സ്വാഭാവികമായും ആ പണി ചെയ്യുന്നത് മുസ്ലീങ്ങളാണ്.

ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്നത് കന്നുകാലിവ്യാപാരത്തിലെ ലാഭം 60-70 ശതമാനംവരെ തട്ടിയെടുക്കുകയാണെന്ന് വിവിധ പഠനങ്ങളിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആളുകളെ ആക്രമിക്കാനും കൊല്ലാനും കഴിവുള്ളവരാണ് തങ്ങൾ എന്നും അതിന് വൈകാരികമായ പിന്തുണ തങ്ങൾക്കുണ്ടെന്നും ഈ വ്യാപാരത്തിലേർപ്പെട്ടവരെ ബോധ്യപ്പെടുത്തുകയാണ് ഈ നടപ്പുകൊലപാതകങ്ങളുടെ ലക്ഷ്യം.

ഹഫ്ത പോലുള്ള ഗുണ്ടാപ്പിരിവും നിയമവ്യവസ്ഥയ്ക്കു പുറത്തുള്ള പ്രാകൃതലൈസൻസിംഗും ഈ മേഖലയിൽ ഉണ്ട്. നിലവിൽ ഈ വ്യാപാരത്തിലേർപ്പെടുന്നവർ ഈ വ്യാപാരത്തിൽനിന്ന് പിൻവാങ്ങുകയും ഗോസംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് വേണ്ടത്.

ജീവിതം മുട്ടിപ്പോകുന്ന അവസ്ഥയിൽ ലാഭത്തിന്റെ ഭൂരിഭാഗവും ഗുണ്ടാപ്പിരിവു കൊടുക്കുന്നതിനേക്കാൾ ഏർപ്പെട്ടിരിക്കുന്ന വ്യവസായത്തിന്റെ സാമ്പത്തികവശം മനസ്സിലാക്കി അതിന്റെ മർമ്മത്തുകൊള്ളുന്ന തന്ത്രപരമായ നിലപാടെടുക്കുകയാണ് വേണ്ടത്. പക്ഷേ സംഭവിക്കുന്നത് ‘ഗോ’വധക്കാർക്കുവേണ്ടി അവരാഗ്രഹിക്കുന്ന രീതിയിൽ അവരുണ്ടാക്കിയ വീഡിയോകളും ഭീതിയും ഇരകൾ തന്നെ പ്രചരിപ്പിക്കുന്ന പ്രതിഭാസമാണ്.

ശമ്പളക്കാർമുതൽ കന്നുകാലിക്കച്ചവടക്കാർവരെ എല്ലാവരെയും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമ്പത്തികചൂഷണത്തിനു വിധേയമാക്കുന്ന തീവ്രവലതുസർക്കാരിന്റെയും അവരെ നിയന്ത്രിക്കുന്ന പാർട്ടിയുടെ ഹൂളിഗാൻസിന്റെയും നടപടികളെ വർഗ്ഗപരമായാണ് തുറന്നു കാണിക്കേണ്ടത്, പടം പ്രചരിപ്പിച്ചല്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.