...
Home News National രാഹുലിനെ കാണാനെത്തുന്നവരെല്ലാം കോൺഗ്രസിന് വോട്ടു ചെയ്യുമെന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്

രാഹുലിനെ കാണാനെത്തുന്നവരെല്ലാം കോൺഗ്രസിന് വോട്ടു ചെയ്യുമെന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്

വെയിൽ മൂക്കുന്നതിനു മുമ്പ് ഒരു പ്രഭാത നടത്തം. വെയിലാറിക്കഴിഞ്ഞാൽ ഒരു സായാഹ്ന നടത്തവും. തീർന്നു. ബാക്കി സമയം മുഴുവൻ ഫൈവ് സ്റ്റാർ കാരവനിലിരുന്നും ഉറങ്ങിയും നാളത്തെ ഇന്ത്യയെ സ്വപ്നം കാണും. അതാണ് ഭാരത് ജോഡോ യാത്ര.

276

| എസ് സുധീപ്

വരും കാല പ്രഥമരേ വരിഹ വരിഹ… ഏറ്റവും വലിയ ഭാരത യാത്രയിലെ നായകനെ തമിഴ്നാട് വരവേറ്റത് ആ സ്വാഗത വചനത്തോടെയായിരുന്നു. അന്ന് അഞ്ചിൽ പഠിക്കുന്ന എനിക്ക് ആ വരികളും നാളത്തെ പ്രധാനമന്ത്രിക്കു സ്വാഗതം എന്ന അർത്ഥവും പറഞ്ഞു തന്നത് അച്ഛനാണ്. 1983-ലാണ് 173 ദിവസം കൊണ്ട് ജനതാ പാർട്ടി നേതാവ് ചന്ദ്രശേഖർ 4620 കിലോമീറ്റർ നടന്നത്.

ഏഴു വർഷങ്ങൾക്കു ശേഷം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി, വെറും മൂന്നര മാസത്തെ പ്രധാനമന്ത്രി പദവി. പിന്നെ ചരിത്രത്തിലേയ്ക്കു നടന്നു മറഞ്ഞു. ചന്ദ്രശേഖറിന്റെ യാത്രയോളം പോന്ന ഒന്ന് അതിനു മുമ്പോ പിമ്പോ ഇന്ത്യൻ ചരിത്രത്തിലുണ്ടായിട്ടില്ല. കന്യാകുമാരി മുതൽ രാജ്ഘട്ട് വരെ ചന്ദ്രശേഖറിന്റെ കാലടിപ്പാടുകൾ ഇന്നും ശേഷിക്കുന്നു.

ഇന്നത്തെ യാത്രകളിൽ കാലടിപ്പാടുകളെക്കാളധികം കാണുക ചക്രത്തിന്റെ പാടുകളാണ്. കീശയിലെയും കാരവനുകളുടെയും ചക്രത്തിന്റെ പാടുകൾ. 119 സ്ഥിരാംഗങ്ങളാണ് രാഹുൽ ഗാന്ധിയുടെ യാത്രയിൽ. 60 കാരവനുകളും. വലതുപക്ഷ മാദ്ധ്യമങ്ങൾ ആ കാരവനുകളെ കണ്ടെയ്നറുകൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത് വലതുപക്ഷ താല്പര്യ സംരക്ഷണാർത്ഥം മാത്രമാണ്.

ശീതീകരണ സംവിധാനവും ശുചി മുറിയും നക്ഷത്ര സൗകര്യങ്ങളുമുള്ള അറുപതു പടുകൂറ്റൻ വാഹനങ്ങളാണ് നൂറ്റമ്പതു ദിവസത്തേയ്ക്ക് ജാഥാംഗങ്ങളുടെ വിശ്രമത്തിനും ഉറക്കത്തിനും ശുചിമുറി ഉപയോഗത്തിനും മാത്രമായി ഭാരത് ജോഡോ യാത്രയിൽ അകമ്പടി സേവിക്കുക. നൂറ്റമ്പതു ദിവസവും 3750 കിലോമീറ്ററും ഓടാനായി ഈ വാഹനങ്ങൾക്കു മാത്രം വേണ്ടി വരുന്ന ചെലവ് ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കും. ഡ്രൈവർമാർ, പരിചാരകർ എന്നിവരുടെയൊക്കെ ചെലവ് വേറെ.

ഇടതുപക്ഷത്തിന്റെ യാത്രയല്ലാത്തതിനാൽ നമ്മുടെ മാദ്ധ്യമങ്ങൾ ഒരക്ഷരം മിണ്ടില്ലെന്നു മാത്രമല്ല, ഫൈവ് സ്റ്റാർ കാരവനുകളെ ട്രക്കുകൾ എന്നും കണ്ടെയ്നറുകൾ എന്നും ഓമനപ്പേരിട്ടു വിശേഷിപ്പിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. വെയിൽ മൂക്കുന്നതിനു മുമ്പ് ഒരു പ്രഭാത നടത്തം. വെയിലാറിക്കഴിഞ്ഞാൽ ഒരു സായാഹ്ന നടത്തവും. തീർന്നു. ബാക്കി സമയം മുഴുവൻ ഫൈവ് സ്റ്റാർ കാരവനിലിരുന്നും ഉറങ്ങിയും നാളത്തെ ഇന്ത്യയെ സ്വപ്നം കാണും. അതാണ് ഭാരത് ജോഡോ യാത്ര.

ഇന്ത്യൻ മുഴുവൻ വേരുള്ള പാർട്ടിയാണെന്ന് നാഴികയ്ക്കു നാല്പതു വട്ടം വിളിച്ചു കൂവുന്ന വലതു മാദ്ധ്യമങ്ങൾ വലതുപക്ഷത്തിന് അപ്രിയമായ യാതൊന്നും മിണ്ടില്ല, ചോദിക്കില്ല. അതുകൊണ്ടാണ് വേരുകൾ എമ്പാടും പടർന്ന കക്ഷിയുടെ അംഗങ്ങൾക്ക് സാധാരണക്കാരിൽ സാധാരണക്കാരായ ഇന്ത്യക്കാരുടെ വീടുകളിൽ വിശ്രമിച്ച്, താമസിച്ച്, അവരുടെ ജീവിതവും പ്രശ്നങ്ങളും കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഇല്ലായ്മകളെ ഉണ്ടറിഞ്ഞും യാത്ര ചെയ്യാൻ കഴിയാതെ പോകുന്നതെന്തെന്ന ചോദ്യം അവർ ചോദിക്കുക പോലും ചെയ്യാത്തത്.

അറുപത് ഫൈവ് സ്റ്റാർ കാരവനുകളിൽ പന്ത്രണ്ടു സംസ്ഥാനങ്ങളിലൂടെ 150 ദിവസം യാത്ര ചെയ്താൽ ഇന്ത്യൻ ഭരണം താനെ വന്നുചേരുമെന്നൊക്കെ വിളിച്ചു കൂവുന്നത് വെറും അസംബന്ധമാണ്.
80 എംപിമാരെ ലോക്സഭയിലേയ്ക്ക് അയയ്ക്കുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിന് സംഘടനാ സംവിധാനം പോലുമില്ല. യുപിയുടെ മൂലയിലൂടെ മാത്രം യാത്ര കടന്നുപോകും. വെറും രണ്ടു ദിവസം! 20 ലോക്സഭാ സീറ്റുകൾ മാത്രമുള്ള കേരളത്തിൽ ഇരുപതു ദിവസം!

150 ദിവസം കൊണ്ട് ആകെ 60 ലോക്സഭാ മണ്ഡലങ്ങളിലൂടെ മാത്രം കടന്നുപോകുന്ന, ബാക്കി 483 മണ്ഡലങ്ങളെ തൊടുക പോലും ചെയ്യാത്ത ഒരു യാത്ര, മരണാസന്നമായ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പോന്ന സിദ്ധൗഷധമാണെന്നു പറയുന്നതിനു പ്രശ്നമില്ല, വിശ്വസിക്കുന്നവർക്കാണ് ചികിത്സ വേണ്ടത്. രാഹുലിനെ കാണാൻ പലരും വഴിയോരത്തു വരും. ദേശീയ പാതയോടു ഏതാണ്ടു ചേർന്നു താമസിക്കുന്ന ഞാനും അതിലുണ്ടാകും. ആ മനുഷ്യൻ എന്റെ തൊട്ടരികിലൂടെ കടന്നുപോകുമ്പോൾ വഴിയരികിൽ ചെന്ന് അദ്ദേഹത്തെ ഒരു നോക്കു കാണാതിരിക്കാൻ എനിക്കാവില്ല.

എന്റെ സമപ്രായക്കാരനാണ് അദ്ദേഹം. അദ്ദേഹം ഇന്ദിരാഗാന്ധിക്കൊപ്പം കളിക്കുന്ന ചിത്രങ്ങൾ കണ്ടാണു ഞാൻ വളർന്നത്. ഇന്ദിരാഗാന്ധിയുടെ ചിതയ്ക്കു മുമ്പിൽ രാജീവിന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ചു നിന്ന കണ്ണടക്കാരനായ ആ കൊച്ചുകുട്ടിയുടെ വിങ്ങൽ ഒരിക്കലും മായാത്ത ഒരു നോവാണ്.
ഇന്ത്യയിലെ ഏറ്റവും ശക്തയായ ഇന്ദിരയുടെ മരണം മുതൽ അച്ഛൻ ചിതറിത്തെറിച്ചതു വരെ കണ്ട ഒരു മനുഷ്യൻ. അച്ഛനെ കൊന്നവരോടു പോലും തനിക്കു യാതൊരു ശത്രുതയുമില്ലെന്ന് അദ്ദേഹം പറയുന്നത് നൂറ്റൊന്നു ശതമാനം ആത്മാർത്ഥതയോടെയാണെന്നു ഞാനറിയുന്നു.

എല്ലാ അർത്ഥത്തിലും ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു നല്ല നേതാവല്ല. മൃദു ഹിന്ദുത്വത്തിന്റെയും ഉപജാപക വൃന്ദത്തിന്റെയും തടവറയിലാണ് അദ്ദേഹം. അദ്ദേഹം ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചാലും ഞാൻ വോട്ടുചെയ്യില്ല. പക്ഷേ എനിക്കദ്ദേഹത്തെ കാണണം. എന്റെ മനസിൽ രാഹുലിന്നും ആ പഴയ കണ്ണടക്കാരൻ സ്കൂൾ കുട്ടിയാണ്. അദ്ദേഹത്തെ കാണാനെത്തുന്നവരെല്ലാം കോൺഗ്രസിനു വോട്ടു ചെയ്യുമെന്ന് ആരാണു നിങ്ങളോടു പറഞ്ഞത്?
*
എന്റെ സ്വകാര്യ ലൈബ്രറി ആസന്ന ഭാവിയിൽ ഒരു പൊതുവായനശാലയാക്കണമെന്ന എന്റെ ആഗ്രഹം ഞാൻ ഇന്നലെ പങ്കുവച്ചപ്പോൾ ഒരു കോൺഗ്രസ് ചങ്ങാതി പാവ് ലോ കൊയ്ലോയെ ഉദ്ധരിച്ചു:

  • നിങ്ങൾ ഒരു കാര്യം അങ്ങേയറ്റം തീവ്രമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലീകരിക്കാൻ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.

ഞാൻ ചോദിച്ചു: – എന്നിട്ടെന്തേ കോൺഗ്രസുകാർ മുഴുവൻ തീവ്രമായി ആഗ്രഹിച്ചിട്ടും, കോൺഗ്രസ് ലോകം മുഴുവൻ കൂടെ നിന്നിട്ടും രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാത്തത്?
മറുപടി: – അതിന് രാഹുൽ ഗാന്ധി കൂടെ വിചാരിക്കണ്ടേ ചേട്ടാ!

( കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.