| റോഷ്‌നി സ്വപ്ന
സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജ്ഞാന ഉത്പാദനത്തിന്റെയും സർഗാത്മകതയുടെയും വിശാലമായ ഭൂമിയാണ്. അവിടെ അത്തരത്തിൽ ഒരന്തരീക്ഷo വളർന്നു വരാൻ ഒപ്പം നിൽക്കുക എന്ന കടമയാണ് അധ്യാപകർക്കുള്ളത്.അധ്യാപകർ “സർവ്വധികാരികൾ “”അല്ല എന്ന് ആദ്യമേ പറയട്ടെ. സർവ്വവിജ്ഞാനകോശങ്ങളുമല്ല. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന പുരോഗമനം? സദാചാരം?സ്വാതന്ത്ര്യം?
സ്കൂൾ ഓഫ് ഡ്രാമ ഇന്ത്യയിലെ തന്നെ ഒരു പൈലറ്റ് സ്ഥപനമാണ്. അറിവും സംവേദനവും
ഇടപെടലുകളും ചർച്ചകളും സഞ്ചാരവും കൊണ്ടു കലയുടെ മറ്റൊരു സാധ്യതയാണ് നിങ്ങൾ അവിടെ കണ്ടെത്തേണ്ടത്. അതിൽ ഉടലുകൾക്കല്ല സ്ഥാനം. സെൽഫ് എന്ന അംശത്തിനാണ്. ലിംഗപരമായ വിഭജനങ്ങൾക്ക് അതീതമായി കലയെ കണ്ടെടുക്കാനാണ് theatre അഭ്യസനം ആവശ്യപ്പെടുന്നത്.അവിടെ പഠിപ്പിക്കുന്നവരും അങ്ങോട്ട് വരുന്നവരും ഇത് മനസിലാക്കേണ്ടതുണ്ട്. ഏത് രാത്രിയിലും അവിടത്തെ വിദ്യാർഥികൾ ലിംഗ ഭേദമില്ലാതെ പഠിക്കാനും പണിയെടുക്കാനും സന്നദ്ധരാകുന്നത് അവരുടെ പ്രതിബദ്ധതയായി കാണുക. അതിനെ ബഹുമാനിക്കുക .
വിദ്യാർത്ഥികളുടെ അറിവും സർഗാത്മക രാഷ്ട്രീയവും ഏതൊക്കെ വഴികളിലൂടെയാണ് വികസിക്കുക എന്ന് ഓരോ അധ്യാപകർക്കും ശ്വസിക്കാൻ ആകണം. വിദ്യാർത്ഥി ഒരു ലോകമാണ്. ആ ലോകത്തെ വെളിച്ചങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമേ അധ്യാപകർ ചെയ്യേണ്ടൂ. ഓർക്കുക ഓരോ കുഞ്ഞും കാൽവച്ചു കയറുന്ന കാമ്പസുകൾ തങ്ങളുടെ ജീവന്റെ ഓരോ അണുവിനെയും നിലനിർത്തുമെന്ന് അവർ കാണുന്ന ‘സ്വപ്നം ‘കൂടിയാണ്. അധ്യാപകർ വിദ്യാർത്ഥികൾ എന്ന വ്യത്യാസം എവിടെയാണ് വരുന്നത്? നാം ചൂണ്ടു പലകകൾ മാത്രമാണ് മനുഷ്യരെ.
അല്ലാതെ അവരുടെ ശരീരത്തിലേക്കും ആത്മാവിലേക്കും പുഴുക്കൾ പോലെ ഇഴഞ്ഞു കയറാനുള്ള അവകാശം ആരും ആർക്കും തന്നിട്ടില്ല.കുട്ടികളുടെ സർഗാത്മകതയും ഹനിക്കുന്ന സ്വാതന്ത്രത്തെ യാതൊരു പ്രവർത്തനങ്ങളും അംഗീകരിക്കാൻ ആകില്ല. ആരായാലും.
സ്കൂൾ ഓഫ് ഡ്രാമ നാടക കലയെ അതിന്റേതായ കാഴ്ചപ്പാടുകളോടെ അഭ്യസിപ്പിക്കുന്ന കേന്ദ്രമാണ്. ശങ്കരപ്പിള്ളയുടെ സ്വപ്നങ്ങളിൽ നിന്ന് അത് അകലെയായിട്ട് കാലം കുറെ ആയി. പെൺകുട്ടികളുടെ സ്വാതന്ത്രത്തിലേക്ക് നുഴഞ്ഞു കയറുന്നവർ ആരായാലും ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ആ സ്ഥാപനത്തിന്റെ സൽപ്പേരിനു ഒരിക്കലും കറ വീഴാൻ ആഗ്രഹിക്കുന്നില്ല എന്ന ലക്ഷ്യത്തോടെ എന്നും വിദ്യാർത്ഥിപക്ഷത്തു നിൽക്കുന്ന ഒരാൾ എന്ന നിലയിൽ SOD വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. അധ്യാപകർ എന്നതിന്റെ അർത്ഥം അറിയാത്തവർ അഴിയെണ്ണട്ടെ



