| ശരണ്യ എം ചാരു
ഈ രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയ സംഘടനയേയും പോലെതന്നെ അവനവനു നേരെ വരുന്ന അക്രമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികവും ജനാധിപത്യപരവുമായ അവകാശം പോപ്പുലർ ഫ്രണ്ടിനും ഉണ്ടെന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ അത് അനീതിക്കെതിരെ ആണെങ്കിൽ അനീതി കാണിക്കുന്ന ആളുകൾക്ക് മുന്നിലാണ് വേണ്ടത്. അല്ലാതെ ഇന്നാട്ടിലെ ജീവിക്കാൻ കഷ്ടപ്പെടുന്ന പാവപ്പെട്ട ജനത്തിനും, പിടിച്ച് നിൽക്കാൻ പാട് പെടുന്ന സർക്കാറിനും നേരെയല്ല.
ഇന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ഹർത്താലിന്റെ മറവിൽ കാണിച്ചുകൂട്ടിയ വൃത്തികേടിന്റെ പേര് പ്രതിഷേധമെന്നല്ല, തെണ്ടിത്തരം എന്നാണതിനെ വിളിക്കേണ്ടത്. ജനാധിപത്യാവകാശം, പ്രതിഷേധം, ഇസ്ലാമോഫോബിയ, മുസ്ലിം വിരോധം എന്നൊന്നും പറഞ്ഞൊരാളും ഈ വഴി വരരുത്. എന്നിവർ കാണിച്ചു കൂട്ടിയ അക്രമത്തിന്റെ പിന്നിൽ കെട്ടാനുള്ളതല്ല ഈ വാക്കുകളൊന്നും.
എന്റെ അറിവിൽ ഇന്ത്യയിലേ മറ്റേതൊരു സംസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായി താരതമ്യേന വളരെ കൂടുതലളവിൽ മുസ്ലിം ജനത സമാധാനത്തോടെയും സൗഹാർദത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന ഇടം തന്നെയാണ് കേരളം. രാഷ്ട്രീയപരമായി നോക്കിയാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് ഒരു മണ്ഡലം പോലും കൊടുക്കാത്ത നാട്. ഇതൊരു വസ്തുതയായി നിലനിൽക്കെ എന്തിനാണ് പോപ്പുലർ ഫ്രണ്ട് ഇന്ന് കേരളത്തിൽ ഹർത്താൽ നടത്തിയത് എന്നതാണ് ആദ്യത്തെ ചോദ്യം?
രണ്ട് ഇവിടെ ഹർത്താൽ നടത്തിയത് ഇങ്ങടെ ഒരു മനസ്സുഖത്തിന് ആണെന്ന് തന്നെയിരുന്നാലും, എന്തിനാണ് ഇത്രയേറെ പൊതുമുതൽ നശിപ്പിച്ച്, ആളുകളെ ആക്രമിച്ച് വയലൻസ് അഴിച്ചു വിട്ടുകൊണ്ട് നിങ്ങളത് ചെയ്തത് എന്ന ചോദ്യം അവശേഷിക്കും. ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനമല്ല, ബിജെപി അനുകൂല സംസ്ഥാനമല്ല. എന്നിട്ടും നിങ്ങൾ ഈ സംസ്ഥാനത്തെ പൊതുമുതലിൽ കോടികളുടെ നഷ്ടം വരുത്തി. ആർക്ക് വേണ്ടി, എന്തിന് വേണ്ടി?
ഈ സമരം കൊണ്ട് രാജ്യാന്തര തലത്തിൽ നിങ്ങൾ ഉണ്ടാക്കിയ ഇമേജ് വളരെ പരിതാപകരമാണെന്ന് ദേശീയ മാധ്യമങ്ങൾ ശ്രദ്ദിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. അടിക്കാൻ വടി കാത്തു നിൽക്കുന്ന ആളുകൾക്ക് കൃത്യമായത് ഇട്ട് കൊടുക്കുക വഴി നിങ്ങൾക്ക് ഉണ്ടാക്കാൻ പോകുന്ന നഷ്ടം വളരെ വലുതാണെന്ന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ തിരിച്ചറിയും. അക്രമം ഒന്നിനും പരിഹാരമല്ല. പക്ഷെ അടി ഇരന്ന് വാങ്ങിക്കുന്നത് മറ്റെന്തോ അസുഖമുള്ളത് കൊണ്ടെന്നെ പറയാൻ പറ്റൂ.
ഇന്നലെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച വാർത്ത വന്നപ്പോ ആദ്യം പറഞ്ഞത്, ആർഎസ്എസ് നോളം തന്നെ ബുദ്ദിയും വിവരവുമില്ലാത്ത ആളുകളാണ് പോപ്പുലർ ഫ്രണ്ടുകാർ, അക്രമമാണ് അവരുടെ മെയിൻ, മനുഷത്വമോ ജനാധിപത്യമോ ഒന്നും അവരുടെ വിഷയമേ അല്ലെന്നാണ്. ആ വിലയിരുത്തൽ അരക്കിട്ടുറപ്പിച്ചു തന്നതിന് നന്ദി… രണ്ട് കയ്യകലത്തിൽ നിർത്താൻ പോലും കൊള്ളില്ലാത്ത ചിലരെ തിരിച്ചറിയാൻ സഹായിച്ചതിനും നന്ദി.



