...
Home News National എന്തുകൊണ്ടാണ് ജാതിരാഷ്ട്രീയത്തെ ബ്രാഹ്മണിസം എന്ന് വിളിക്കുന്നത്?

എന്തുകൊണ്ടാണ് ജാതിരാഷ്ട്രീയത്തെ ബ്രാഹ്മണിസം എന്ന് വിളിക്കുന്നത്?

യുആർ അനന്തമൂർത്തിയേയും എകെ രാമാനുജനേയും പോലെ എത്രയോ ബുദ്ധിജീവികൾ ബ്രാഹ്മണ സമുദായത്തിനുള്ളിൽ നിന്നുകൊണ്ട് ആ ആശയസംഹിതയുടെ അടിസ്ഥാനശിലകളെത്തന്നെ ചോദ്യം ചെയ്തിട്ടുണ്ട്

187

| ശാന്തി ജയ

കേരളമനസാക്ഷിയെ ഞെട്ടിച്ച ആദ്യത്തെ ജാതിക്കൊലപാതകം അരങ്ങേറിയത് മലപ്പുറം ജില്ലയിലെ അരീക്കോടാണ്. ദളിതനെ വിവാഹം കഴിക്കാൻ നിശ്ചയിച്ച മകൾ ആതിരയെ വിവാഹത്തലേന്ന് കുത്തിക്കൊന്ന രാജൻ അവർണ്ണസമുദായത്തിൽപ്പെട്ട വ്യക്തിയായിരുന്നു! അതിനു ശേഷവും നിരവധി ജാതിക്കൊലകൾ നമ്മൾ കണ്ടുകഴിഞ്ഞു. കേരളത്തിൽ ഇത്തരം കൊലപാതകം നടത്തിയവരാരും തന്നെ ബ്രാഹ്മണരല്ല.

എന്നിട്ടും എന്തുകൊണ്ടാണ് ജാതിരാഷ്ട്രീയത്തെ ബ്രാഹ്മണിസം എന്നു വിളിക്കുന്നത്? എന്ന നിഷ്കളങ്കസംശയം ഉന്നയിക്കുന്നവരോടാണ്- ചാതുർവർണ്യ വ്യവസ്ഥിതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന വിനാശകരമായ ആശയസംഹിതയാണ് ബ്രാഹ്മണിസം. ആയിരക്കണക്കിന് പുരാണകഥകൾ കെട്ടിച്ചമച്ച് പലപല വിഭാഗങ്ങളുടെ ചിഹ്നസംഘാതത്തെ (ആരാധനാ മൂർത്തികളെ എന്നു പറഞ്ഞാൽ മതിയാവില്ല, അതിനപ്പുറമാണത്!) വൈദിക മതത്തോട് കൂട്ടിയിണക്കിയും ഇന്ന് കാണുന്ന രീതിയിൽ ഇന്ത്യൻ ഇതിഹാസങ്ങളെ പുനർവിരചിച്ചും നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബൗദ്ധികതന്ത്രത്തെ (intellectual strategy) ബ്രാഹ്മണിസം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

നാലു വർണ്ണങ്ങളും അതിൽപ്പെടാത്ത പഞ്ചമവർഗ്ഗവും എന്ന നിലയിൽ ഉച്ചനീചത്വങ്ങളുടെ ശ്രേണീബദ്ധതയ്ക്ക് ആശയപരമായ അടിത്തറപാകിയത് വേദവ്യാസനേയും ശങ്കരാചാര്യരേയും പോലുള്ള ബ്രാഹ്മണ ബുദ്ധിജീവികളല്ലാതെ മറ്റാരുമല്ല. വർണ്ണവ്യവസ്ഥയെ വിരാട്പുരുഷനായി സങ്കല്പിച്ചതും അതിന്റെ തലയുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചതും ബ്രാഹ്മണർതന്നെ. ആ വിരാട്പുരുഷനെ Brahmanical patriarchy എന്നല്ലാതെ എന്തു വിളിക്കണം?

അതിന്റെ അർത്ഥം ബ്രാഹ്മണരെല്ലാം ജാതിവാദികളാണെന്നോ മറ്റു സമുദായങ്ങളിലൊന്നും ജാതിവാദികളില്ലെന്നോ എല്ലാ ദളിതരും വിപ്ലവകാരികളാണെന്നോ അല്ലതന്നെ. യുആർ അനന്തമൂർത്തിയേയും എകെ രാമാനുജനേയും പോലെ എത്രയോ ബുദ്ധിജീവികൾ ബ്രാഹ്മണ സമുദായത്തിനുള്ളിൽ നിന്നുകൊണ്ട് ആ ആശയസംഹിതയുടെ അടിസ്ഥാനശിലകളെത്തന്നെ ചോദ്യം ചെയ്തിട്ടുണ്ട്! അംബേദ്കറെ വായിച്ചതോടൊപ്പം ഇവരെക്കൂടി വായിച്ചുൾക്കൊണ്ടുകൊണ്ടാണല്ലോ ഇന്ത്യൻ ആധുനിക ജീവിതം സനാതനത്ത്വത്തിൽ നിന്ന് പരിവർത്തനത്തിന്റെ പാതയിലേക്ക് കടന്നുവരുന്നത്.

ബ്രാഹ്മണിസത്തോടുള്ള എതിർപ്പ് ഒരിക്കലും ബ്രാഹ്മണരായി ജനിക്കേണ്ടിവന്ന മനുഷ്യരോടുള്ള ശത്രുതയല്ല. കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ, ഇന്ത്യൻ വർഗ്ഗഘടനയെ വർണ്ണവ്യവസ്ഥയെന്ന് വിവർത്തനം ചെയ്ത് ബ്രാഹ്മണിസത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ അംബേദ്കറുടെ ജീവിതസഖി ഡോ. സവിത, സാരസ്വത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവളായിരുന്നു.

ജനനമല്ല ഒരാളുടെ ആന്തരിക സത്തയെ നിർണ്ണയിക്കുന്നത്, ജാതിയല്ല മഹത്വത്തിന്റെ മാനദണ്ഡമാകുന്നത്. ഇത്തരം സങ്കുചിതത്ത്വങ്ങളെ മുൻനിർത്തിയല്ല വ്യക്തിത്വമുള്ള മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത്- എന്നുമാത്രം മനസ്സിലാക്കിയാൽ മതിയാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.