| സുഭാഷ് നാരായണൻ
അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടുണ്ടോ?’ ഒറ്റ കേൾവിയിൽ സത്യമാണ് എന്ന് തോന്നിപ്പോകുന്ന ചോദ്യം. പ്രത്യേകിച്ച് ഉത്തരവാദിത്തപെട്ട മാധ്യമ പ്രവർത്തകർ ആണ് ചോദിക്കുന്നത് എങ്കിൽ ഉറപ്പായും വിശ്വസിക്കും. ചോദ്യം അഭിമുഖീകരിക്കുന്നത് ഇടതുപക്ഷ പാനൽ അംഗമമാണ് എങ്കിൽപോലും ചർച്ച മോഡറേറ്ററുടെ ആത്മവിശ്വാസം നിറഞ്ഞ ചോദ്യത്തിന് മുൻപ് ഒരു നിമിഷം സംശയിക്കും. എന്നാൽ കേട്ടോളു,
രണ്ടായിരത്തി പതിനെട്ടു ജൂലൈ രണ്ടിന് രാത്രി 12.30നാണ‌് അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയത്.കേസിൽ മൊത്തം പതിനാറ് പ്രതികളാണ് ഉണ്ടായിരുന്നത്.അതിൽ പതിനാലു പേരും കൃത്യം നടന്ന തൊണ്ണൂറ് ദിവസത്തിനുള്ളിൽ പിടിക്കപ്പെട്ടു.
ഒന്നാം പ്രതിയും കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ ഐ മുഹമ്മദ് (20), രണ്ടാം പ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), ആരിഫിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), മഹാരാജാസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു24), പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം പുളിക്കനാട്ട് പി എച്ച് സനീഷ് (32), ഒമ്പതാം പ്രതി ഷിഫാസ് (ചിപ്പു), 11–ാം പ്രതി ജിസാല്‍ റസാഖ്, 14–ാം പ്രതി ഫായിസ് ഫയാസ്, 15–ാം പ്രതി തന്‍സീല്‍ എന്നിവരാണ് പിടിയിലായത്.
പതിനാറാം പ്രതി സനിദ് കോടതിയില്‍ കീഴടങ്ങി.പത്തും പന്ത്രണ്ടും പ്രതികളായ സഹലും ഷഹീമിനെയും ഒളിവിലായിരുന്നു. പിന്നീട് ഷഹീം കീഴടങ്ങിയിരുന്നു. 2020 ജൂൺ 18ന് അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പത്താം പ്രതിയായ സഹലും കോടതിയിൽ കീഴടങ്ങി.
അതായത് ആ കൃത്യത്തിൽ പങ്കെടുത്ത പതിനാറ് പ്രതികളും പോലീസ് പിടിയിലായി. ഇതാണ് വസ്തുതയെന്നിരിക്കെ ന്യൂസ് ഡെസ്കിൽ വിളിച്ചു ചോദിക്കുകളോ ഗൂഗിളിൽ തിരയുകയോ ചെയ്‌താൽ കിട്ടുന്ന ഒരു വാർത്തയെപറ്റി അറിവില്ലായ്മ കൊണ്ടാണ് പറയുന്നത് എന്ന് കരുതുന്നില്ല. ഈ മാധ്യമപ്രവർത്തകർ സംഘടിതമായി ആവർത്തിച്ചു കള്ളം പറയുന്നത് എന്തിനായിരിക്കും. എന്തായിരിക്കും ഇവർക്ക് അതിനുള്ള പ്രചോദനം?



